മരടിലെ പൊളിക്കേണ്ട ഫ്ളാറ്റുകള്‍ ചീഫ് സെക്രട്ടറി ടോം ജോസ് ഇന്ന് പരിശോധിക്കും

കൊച്ചി : മരടിലെ പൊളിക്കേണ്ട ഫ്ളാറ്റുകള്‍ ചീഫ് സെക്രട്ടറി ടോം ജോസ് ഇന്ന് പരിശോധിക്കും. മരട് നഗരസഭാ അധികൃതരുമായും ടോം ജോസ് ചര്‍ച്ച നടത്തും. വിഷയം ചര്‍ച്ച ചെയ്യാന്‍ മരട് നഗരസഭയുടെ അടിയന്തരയോഗവും ഇന്ന് ചേരുന്നുണ്ട്.

ഫ്ളാറ്റിലെ താമസക്കാരെ ഉടന്‍ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍, ജില്ലാ കളക്ടര്‍ക്കും മരട് നഗരസഭയ്ക്കും കത്തു നല്‍കിയിരുന്നു. സുപ്രീംകോടതി ഉത്തരവ് അടിയന്തരമായി നടപ്പാക്കണമെന്നാണു സര്‍ക്കാരിന്റെ നിര്‍ദ്ദേശം. താമസക്കാരുടെ പുനരധിവാസം ജില്ലാ കളക്ടറുമായി ആലോചിച്ചു തീരുമാനിക്കണമെന്നും സര്‍ക്കാര്‍ കത്തില്‍ പറയുന്നു.

ഫ്ളാറ്റുകള്‍ പൊളിച്ച് നീക്കുന്നതിനിയായി സെപ്തംബര്‍ 20 വരെയാണ് സുപ്രീം കോടതി സമയം അനുവദിച്ചിരിക്കുന്നത്, അതിനാലാണ് സര്‍ക്കാര്‍ അടിയന്തരമായി നടപടികളുമായി മുന്നോട്ട് പോകുന്നതെന്നാണ് അറിയുന്നത്. മെയ് എട്ടിനാണ് ഫ്ലാറ്റ് നിര്‍മാണത്തില്‍ തീരദേശ നിയമം ലംഘിച്ചതായി കണ്ട് മരടിലെ അഞ്ച് അപ്പാര്‍ട്ട്മെന്റുകള്‍ പൊളിച്ച് നീക്കാന്‍ ആവശ്യപ്പെട്ട് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നത്.

Top