മരട് ഫ്‌ലാറ്റ് നിര്‍മാതാക്കള്‍ക്ക് ക്രൈംബ്രാഞ്ചിന്റെ നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന്

കൊച്ചി: ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മരടിലെ ആല്‍ഫാ വെഞ്ച്വേഴ്‌സിന് നിര്‍മ്മാതാവിന് ക്രൈംബ്രാഞ്ച് നോട്ടീസയച്ചു. ഹോളി ഫെയ്ത്, ജെയിന്‍ കോറല്‍ കേവ് കെട്ടിട നിര്‍മ്മാതാക്കള്‍ക്കും നോട്ടീസയച്ചിട്ടുണ്ട്.നോട്ടീസ് ലഭിച്ചതിന് പിന്നാലെ ആല്‍ഫാ വെഞ്ചേഴ്സ് ഉടമ പോള്‍ രാജ് കോടതിയെ സമീപിച്ചു. മുന്‍കൂര്‍ ജാമ്യം തേടി ജില്ലാ സെഷന്‍സ് കോടതിയെയാണ് പോള്‍ രാജ് സമീപിച്ചത്.

അതേസമയം, മരടിലെ ഫ്‌ലാറ്റ് ഉടമകള്‍ക്ക് നഷ്ട പരിഹാരം നിര്‍ണയിക്കാനുള്ള ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റി ഇന്ന് വീണ്ടും ചേരും. നേരത്തെ യോഗം ചേര്‍ന്ന സമിതി ഉടമസ്ഥാവകാശ രേഖ ഹാജരാക്കാത്ത ഫ്‌ലാറ്റ് ഉടമകള്‍ക്ക് രേഖകള്‍ ഹാജരാക്കാന്‍ഒരാഴ്ചത്തെ സമയം നീട്ടി നല്‍കിയിട്ടുണ്ട്. ഇതുവരെ 241 പേരാണ് നഗരസഭയ്ക്ക് രേഖകള്‍ കൈമാറിയത്.സ്ഥലത്തിനും കെട്ടിടത്തിനുമായി ഫ്‌ലാറ്റ് നിര്‍മാതാക്കള്‍ക്ക് നല്‍കിയ യഥാര്‍ത്ഥ തുക ഉള്‍കൊള്ളിക്കുന്ന സത്യവാങ്മൂലം സമര്‍പ്പിക്കാനും സമിതി ഫ്‌ലാറ്റ് ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നഗരസഭയും പ്രമാണങ്ങള്‍ പരിശോധിച്ച്ഇടക്കാല റിപ്പോര്‍ട്ട് സമിതിക്ക് കൈമാറും.

എന്നാല്‍, ഫ്‌ലാറ്റുകള്‍ പൊളിക്കുന്നതിന്മുന്നോടിയായുള്ള പരിസരവാസികളുടെ യോഗം ഇന്ന് നടത്തില്ല. ആല്‍ഫാ വെഞ്ച്വേഴ്‌സ്,ജെയിന്‍ ഫ്‌ലാറ്റുകളുടെസമീപവാസികളുടെ യോഗമായിരുന്നു ഇന്ന് നടക്കേണ്ടത്. ഇന്നലെ വിളിച്ച യോഗത്തില്‍ നാട്ടുകാരുടെ ബഹളം ഉണ്ടായിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് യോഗം മാറ്റിയത്.ഫ്‌ലാറ്റ് പൊളിക്കുമ്പോള്‍ എത്ര ദൂരത്തില്‍ പ്രത്യാഘാതം ഉണ്ടാകും, കുടുംബങ്ങളെ എങ്ങനെ പുനരധിവസിപ്പിക്കും തുടങ്ങിയ കാര്യങ്ങളില്‍ വിശദീകരണം നല്‍കുന്നതിനാണ് യോഗം ചേരുന്നത്.

Top