ഇടിമിന്നലിന്റെ പ്രത്യാഘാതം പോലുമില്ല, സ്‌ഫോടനസമയത്തെ ശബ്ദം 114 ഡെസിബല്‍

കൊച്ചി: മരടില്‍ ഫ്‌ലാറ്റ് പൊളിക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന ശബ്ദത്തിന്റെ തീവ്രതയും ഒരു പ്രധാന വെല്ലുവിളിയായിരുന്നു. എന്നാല്‍ വലിയ ഇടിമിന്നലിന്റെ പോലും പ്രത്യാഘാതം ഇതിനില്ലെന്നാണ് വിലയിരുത്തല്‍. സ്‌ഫോടനസമയത്തെ ശബ്ദം വിലയിരുത്തിയതില്‍ കൂടുതലായി വന്നത് 114 ഡെസിബലാണ്.

ആല്‍ഫ സെറീന്റെ ബി ബ്ലോക്കിനായി നടത്തിയതാണ് ശബ്ദംകൊണ്ടും പ്രകമ്പനം കൊണ്ടും കുറച്ച് വലുതായി പോയതെന്ന നിഗമനം ഉണ്ട്. സ്‌ഫോടനസമയത്ത് തിങ്ങിക്കൂടിയിരുന്ന ആളുകളുടെ ആരവവും ഈ സമയത്ത് രേഖപ്പെടുത്തിയിരിക്കാം. അതും അളവില്‍ പ്രതിഫലിക്കും എന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

തൃശ്ശൂര്‍ പൂരം വെടിക്കെട്ടിന്റെ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള അളവ് 125 ഡെസിബലാണ്. ഇത് മുക്കാല്‍ മണിക്കൂറോളം തുടര്‍ച്ചയായി റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുള്ളതുമാണ്. 118 ഡെസിബല്‍ മുതലാണ് പൂരം വെടിക്കെട്ടിന്റെ ശബ്ദഅളവ്. രണ്ട് ഫ്‌ളാറ്റുകളുടെയും സമീപത്തായാണ് ശബ്ദം അളക്കാനുള്ള സംവിധാനങ്ങള്‍ സ്ഥാപിച്ചിരുന്നത്.

അതേസമയം ഇന്ന് മരടിലെ രണ്ട് ഫ്ളാറ്റ് സമുച്ചയങ്ങള്‍ കൂടി നിലം പൊത്തും. ഇതോടെ തീരദേശപരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ചതിനെ തുടര്‍ന്ന് സുപ്രീംകോടതി പൊളിച്ചു നീക്കാന്‍ ഉത്തരവിട്ട മരടിലെ നാല് ഫ്ളാറ്റുകളും മണ്ണോടടിയും.

ജെയിന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്ലാറ്റുകളാണ് ഇന്നു പൊളിക്കുന്നത്. 51 മീറ്റര്‍ ഉയരമുള്ള ജെയിനില്‍ 16 നിലകളാണുള്ളത്. രാവിലെ 11നാണ് ഇവിടെ സ്ഫോടനം നിശ്ചയിച്ചിരിക്കുന്നത്. ഉപയോഗിക്കുന്നത് 372.8 കിലോ സ്ഫോടക വസ്തു. എട്ട് സെക്കന്‍ഡില്‍ കെട്ടിടം നിലംപൊത്തുമെന്നാണ് റിപ്പോര്‍ട്ട്.

16 നിലകളുള്ള ഗോള്‍ഡന്‍ കായലോരത്തിന് 51 മീറ്ററാണ് ഉയരം. ഉച്ചകഴിഞ്ഞു രണ്ടിനാണ് ഇവിടെ സ്ഫോടനം നടക്കുക. 15 കിലോ സ്ഫോടക വസ്തുവാണ് തകര്‍ക്കാന്‍ ഉപയോഗിക്കുന്നത്. ആറ് സെക്കന്‍ഡില്‍ കെട്ടിടം നിലംപൊത്തുമെന്നാണ് അധികൃതര്‍ പറയുന്നത്.

Top