മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാന്‍ 13 കമ്പനികള്‍ രംഗത്ത് ; അന്തിമതീരുമാനം ഉടൻ

കൊച്ചി: സുപ്രിംകോടതി വിധിയെതുടര്‍ന്ന് മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ സമീപിച്ച കമ്പനികളുടെ പട്ടികയുമായി നഗരസഭ. 13 കമ്പനികളാണ് ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ താത്പര്യപത്രം സമര്‍പ്പിക്കാനുള്ള സമയപരിധി അവസാനിച്ചപ്പോള്‍ രംഗത്തെത്തിയത്. ഇതിൽ നിന്ന് ഒരു കമ്പനിയെ വിദഗ്ധസംഘം തീരുമാനിക്കും.

ഫ്‌ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് പുനരധിവാസ നടപടികളുമായി മുന്നോട്ടുപോകുകയാണ് നഗരസഭ. ചൊവ്വാഴ്ച മൂന്നുമണിക്ക് മുന്‍പ് പുനരധിവാസം ആവശ്യമുള്ളവര്‍ അപേക്ഷ നല്‍കണം. അപേക്ഷ നല്‍കാത്തവരെ പുനരധിവസിപ്പിക്കില്ലെന്ന് നഗരസഭ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഫ്‌ളാറ്റുകളില്‍ നോട്ടീസ് പതിച്ചിരുന്നു.

ഉടമകള്‍ക്ക് ഒഴിയാനുള്ള സമയ പരിധി ഇന്നലെ അർധരാത്രിയോടെ അവസാനിച്ചിരുന്നു. നഗരസഭയുടെ ഒഴിപ്പിക്കല്‍ നോട്ടിസിനെതിരെ ഫ്ലാറ്റ് ഉടമകള്‍ ഹൈക്കോടതിയിൽ ഹർജി നൽകി. നോട്ടിസ് നിയമാനുസൃതം അല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ഒഴിഞ്ഞുപോകുന്നവരെ എവിടെ മാറ്റിപാര്‍പ്പിക്കും എന്നതില്‍ ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണ്. വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം നാളെ തിരുവനന്തപുരത്ത് ചേരും.

Top