ഫ്‌ലാറ്റ് പൊളിച്ചപ്പോള്‍ മാറി താമസിച്ച കുടുംബത്തിന് വാടക നല്‍കിയില്ല

കൊച്ചി: കൊച്ചി മരടിലെ ഫ്‌ലാറ്റ് പൊളിച്ചപ്പോള്‍ വാടകയ്ക്ക് മാറി താമസിച്ച കുടുംബത്തിന് നല്‍കാമെന്നേറ്റ വാടക കിട്ടിയില്ലെന്ന പരാതിയുമായി യുവാവ്. ആല്‍ഫ സെറീന്‍ ഫ്‌ലാറ്റിന് സമീപം താമസിക്കുന്ന അഭിലാഷ് എന്‍.ജിക്കാണ് ഫ്‌ലാറ്റ് പൊളിച്ചുനീക്കി അന്‍പത് ദിവസം കഴിഞ്ഞിട്ടും വാടക ലഭിക്കാത്തത്.

ആല്‍ഫ സെറീന്‍ ഫ്‌ലാറ്റില്‍ നിന്ന് മുപ്പത് മീറ്ററില്‍ താഴെ മാത്രമാണ് അഭിലാഷിന്റെ വീട്ടിലേക്കുള്ള ദൂരം. അതിനാല്‍ ഫ്‌ലാറ്റ് പൊളിക്കുന്നതിന് മുന്‍പ് തന്നെ അഭിലാഷ് കുടുംബത്തോടൊപ്പം വാടകവീട്ടിലേക്ക് താമസം മാറിയിരുന്നു. ഓട്ടോ ഓടിച്ച് ലഭിക്കുന്ന തുച്ഛമായ വരുമാനത്തില്‍ നിന്ന് മാറിത്താമസിച്ച വീടിന്റെ വാടകത്തുക കൂടി കണ്ടെത്തേണ്ട അവസ്ഥയിലാണ് അഭിലാഷ്.

ഫ്‌ലാറ്റ് പൊളിച്ചപ്പോള്‍ വീടിന് കേടുപാടുണ്ടായത് മൂലം അഭിലാഷിനും കുടുംബത്തിനും തിരികെ വീട്ടിലേക്ക് താമസം മാറാനായിട്ടില്ല. വാടകത്തുക ലഭിക്കാനായി ജനുവരി നാലിന് മരട് നഗരസഭയില്‍ അപേക്ഷ നല്‍കി. എന്നാല്‍ ഇതുവരെയും പണം ലഭിച്ചിട്ടില്ല. അപേക്ഷ നല്‍കാന്‍ വൈകിയതാണ് മറ്റ് കുടുംബങ്ങള്‍ക്കൊപ്പം അഭിലാഷിന് തുക ലഭിക്കാഞ്ഞതെന്നാണ് നഗരസഭ അധികൃതരുടെ വാദം. മാറിത്താമസിച്ച മറ്റ് കുടുംബങ്ങള്‍ക്ക് നഗരസഭ വിജയ് സ്റ്റീല്‍സ് വഴി മുന്‍കൂറായിത്തന്നെ വാടകത്തുക വാങ്ങി നല്‍കിയിരുന്നു.

Top