മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍; സ്‌ഫോടക വസ്തുക്കള്‍ എത്തിച്ചു, ആശങ്കയോടെ ജനങ്ങള്‍

കൊച്ചി: തീരദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ ഇനി 12 ദിവസം മാത്രം ബാക്കി. സ്ഫോടക വസ്തുക്കള്‍ കൊച്ചിയില്‍ എത്തിച്ചു തുടങ്ങി.

H2O, ആല്‍ഫാ സെറിന്‍, ഗോള്‍ഡന്‍ കായലോരം ഫ്‌ലാറ്റുകള്‍ പൊളിക്കുന്ന എഡിഫൈസ് എഞ്ചിനീറിങ് ഓര്‍ഡര്‍ ചെയ്ത ഡിറ്റണേറ്ററുകളും , എമെല്‍ഷന്‍ എക്‌സ്‌പ്ലോസിവ്‌സുമാണ് അങ്കമാലിയിലെത്തിച്ചത്. വിജയ് സ്റ്റീല്‍സ് ഓര്‍ഡര്‍ ചെയ്ത സ്ഫോടകവസ്തുക്കള്‍ നാളെ പെരുമ്പാവൂരില്‍ എത്തും. ജനുവരി മൂന്ന് മുതല്‍ സ്ഫോടക വസ്തുക്കള്‍ നിറച്ചുതുടങ്ങും. സ്റ്റീല്‍ വല കളും ജിയോ ടെക്‌സ്‌ടൈല്‍ തുണികളും ഉപയോഗിച്ച് തൂണുകള്‍ പൊതിയുന്ന ജോലി പുരോഗമിക്കുകയാണ്.

സബ് കലക്ടറുടെ നേതൃത്വത്തില്‍ സാങ്കേതിക സമിതി ഉദ്യോഗസ്ഥരും സ്ട്രക്ചറല്‍ എഞ്ജിനിയര്‍മാരും, സ്‌ഫോടന വിദഗ്ധരും ജനുവരി ഒന്ന് മുതല്‍ നാല് ഫ്‌ളാറ്റുകളിലും അവസാനവട്ട സംയുക്ത പരിശോധന നടത്തും.

അതേ സമയം ഫ്‌ലാറ്റുകള്‍ പൊളിക്കുമ്പോഴുണ്ടാകുന്ന ആശങ്ക പരിഹരിക്കാത്തതിനെ തുടര്‍ന്ന് ആല്‍ഫാ സെറിന്‍ ഫ്‌ലാറ്റിന് സമീപത്തുള്ള കുടുംബങ്ങള്‍ പുതുവത്സരദിനത്തില്‍ പട്ടിണി സമരം നടത്തും.

മരടിലെ ഫ്‌ലാറ്റുകളുടെ ചുമരുകള്‍ നീക്കിത്തുടങ്ങിയപ്പോള്‍ തന്നെ സമീപത്തെ പല വീടുകളിലും വിള്ളല് വീണിരുന്നു. ഫ്‌ലാറ്റുകള്‍ പൂര്‍ണ്ണമായും പൊളിച്ചുതീരുമ്പോള്‍ ഈ കെട്ടിടങ്ങള്‍ക്ക് വലിയതോതില്‍ കേടുപാടുകളുണ്ടാകുമെന്ന ആശങ്കയും നാട്ടുകാരില്‍ ശക്തമാണ്. ഇന്‍ഷുറന്‍സ് പരിരക്ഷ സംബന്ധിച്ചും ഒട്ടേറെ സംശയങ്ങളുണ്ട്.

ഈ ആശങ്കകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ തിങ്കളാഴ്ച നാട്ടുകാര്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. ഒരാഴ്ച കഴിഞ്ഞിട്ടും നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് പുതുവത്സരദിനത്തില്‍ പട്ടിണി സമരത്തിനൊരുങ്ങുന്നത്.

Top