അനധികൃത നിര്‍മ്മാണം മരടിലെ ഫ്‌ളാറ്റ് പൊളിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു

കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന് ചൂണ്ടികാട്ടി സുപ്രീംകോടതി പൊളിക്കാന്‍ ഉത്തരവിട്ട മരടിലെ ഫ്‌ളാറ്റ് പൊളിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. പൊളിക്കുന്നതിന് മുന്നോടിയായി ആല്‍ഫാ വെഞ്ചേഴ്സ് ഫ്ളാറ്റില്‍ തൊഴിലാളികള്‍ പൂജ നടത്തി. അതേ സമയം പൊളിക്കാനുള്ള കമ്പനികള്‍ക്ക് അംഗീകാരം നല്‍കാനുള്ള നഗരസഭാ യോഗം പുരോഗമിക്കുകയാണ്.

ചെന്നൈ ആസ്ഥാനമായുള്ള വിജയ സ്റ്റീല്‍ എന്ന കമ്പനിയാണ് ഫ്ളാറ്റ് പൊളിക്കുന്നത്. തമിഴ്നാട്ടില്‍ നിന്നുള്ള തൊഴിലാളികളാണ് അവരുടെ ആചാര രീതിയനുസരിച്ചുള്ള പൂജകള്‍ നടത്തിയത്.

ഇന്നലെയാണ് ജെയിന്‍ കോറല്‍ കോവിന്റെ കെട്ടിടം എഡിഫൈസ് എന്ന മുംബൈ ആസ്ഥാനമായ കമ്പനിക്കും, ആല്‍ഫാ വെഞ്ചേഴ്സിന്റെ ഇരട്ടകെട്ടിടത്തില്‍ ഒരു കെട്ടിടം വിജയ സ്റ്റീല്‍ കമ്പനിക്കും പൊളിക്കുന്നതിന് വേണ്ടി കൈമാറിയത്. ഇതിന് പുറകെയാണ് ഇന്ന് വിജയ സ്റ്റീലിന്റെ തൊഴിലാളികള്‍ ആല്‍ഫാ വെഞ്ചേഴ്സിന്റെ കെട്ടിടത്തില്‍ എത്തുകയും പൊളിക്കലിന് മുന്നോടിയായുള്ള പൂജ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ നടത്തുകയും ചെയ്തത്.

രണ്ട് ഫ്ളാറ്റുകളാണ് പൊളിക്കുന്നതിനായി ഇതുവരെ കൈമാറിയത്. മുംബൈ ആസ്ഥാനമായുള്ള എഡിഫൈ എഞ്ചിനീയേഴ്സ് എന്ന കമ്പനിക്കാണ് മറ്റു ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള ചുമതല.

പില്ലറുകള്‍ മാത്രം നിലനിര്‍ത്തി കൊണ്ട് പരാമാവധി കെട്ടിടത്തിനെ സപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ഭാഗങ്ങള്‍ മുഴുവന്‍ ഇടിച്ച് കളയുന്ന നടപടികളാകും ആദ്യഘട്ടമായി നടത്തുന്നത്. ഇതിന് ശേഷം കെട്ടിടത്തിന്റെ താഴേത്തട്ട് മുതല്‍ മുകളിലോക്ക് സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കുന്ന ജോലികള്‍ നടത്തുക. ഏതാണ്ട് അറുപതോളം ദിവസത്തെ പ്രവൃത്തി ഇതിനായിവേണ്ടി വരും എന്നാണ് കുതുന്നത്.

ഇതിനിടെ ഫ്ളാറ്റിന്റെ നിര്‍മാതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി. സുപ്രീംകോടതി ഉത്തരവനുസരിച്ച് നാല് ഫ്ളാറ്റ് നിര്‍മാതാക്കളുടെ സ്വത്തുക്കളാണ് കണ്ടുകെട്ടേണ്ടത്. ഫ്ളാറ്റുടമകള്‍ക്ക് സര്‍ക്കാര്‍ രണ്ടാഴ്ചയ്ക്കകം നഷ്ടപരിഹാരം നല്‍കണം.

Top