മരട് ഫ്ലാറ്റ് ഒഴിപ്പിക്കല്‍ ; സിപിഐയുടെ നേതൃത്വത്തില്‍ നടത്താനിരുന്ന ധര്‍ണ മാറ്റി വച്ചു

കൊച്ചി: മരടില്‍ നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് സിപിഐ ഇന്ന് നടത്താനിരുന്ന ധര്‍ണ മാറ്റി വച്ചു. സിപിഐ മരട് ലോക്കല്‍ കമ്മറ്റി നടത്താനിരുന്ന മാര്‍ച്ചാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മാറ്റിവെച്ചത്.

ഫ്‌ളാറ്റ് താമസക്കാരെ വഞ്ചിച്ചത് നിര്‍മ്മാതാക്കളാണെന്നും നഷ്ടപരിഹാരം അവരില്‍ നിന്ന് ഈടാക്കണമെന്നും സിപിഐ ആവശ്യപ്പെടുന്നു.

അതേസമയം മരട് ഫ്ലാറ്റ് വിഷയത്തില്‍ സുപ്രിം കോടതിയിൽ ചീഫ് സെക്രട്ടറി ഇന്ന് ഹാജരാവുമ്പോൾ ഒരേ സമയം ആശങ്കയിലും പ്രതീക്ഷയിലുമാണ് ഫ്ലാറ്റുടമകൾ. വിധി നടപ്പാലാക്കാനുള്ള നടപടികള്‍ ആരംഭിച്ചു എന്നാകും ചീഫ് സെക്രട്ടറി കോടതിയെ ബോധിപ്പിക്കുക. കോടതിയില്‍ നിന്ന് അനുകൂല നിലപാടുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഫ്ലാറ്റുടമകള്‍.

ഈ മാസം ഇരുപതിനകം ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് നീക്കി ഇന്ന് ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാവണം എന്നാതായിരുന്നു സുപ്രിം കോടതിയുടെ അന്ത്യശാസനം. എന്നാല്‍ വിധി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് മരട് നഗരസഭ ഫ്ലാറ്റുകള്‍ ഒഴിയണമെന്ന് കാണിച്ച് ഉടമകള്‍ക്ക് നേട്ടീസ് നല്‍കിയ നടപടി മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്.

Top