മരട് ഫ്‌ളാറ്റ്: നഷ്ടപരിഹാര കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ അടുത്ത ആഴ്ച തുടങ്ങും

കൊച്ചി: മരട് ഫ്‌ളാറ്റില്‍ നിന്നൊഴിയുന്ന താമസക്കാര്‍ക്ക് സുപ്രീം കോടതി നിശ്ചയിച്ച നഷ്ടപരിഹാര തുക നല്‍കുന്നതിനായുള്ള കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ അടുത്ത ആഴ്ച തുടങ്ങും. സമിതിയുടെ ആദ്യ യോഗം സമിതി ചെയര്‍മാന്‍ ജസ്റ്റിസ് കെ. ബാലകൃഷ്ണന്‍ നായരുടെ കൊച്ചിയിലെ വീട്ടില്‍ നടന്നു. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷ ടൈറ്റസ്, ജില്ലാ കളക്ടര്‍ എസ്. സുഹാസ് തുടങ്ങിയ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. സമിതിയ്ക്കായി ഓഫീസ് കെട്ടിടവും ജീവനക്കാരെയും ലഭ്യമാക്കി ഒരാഴ്ചയ്ക്കുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കും.

ഒരു വര്‍ഷത്തിനുള്ളില്‍ നഷ്ടപരിഹാരം നല്‍കുന്ന പ്രക്രിയ പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് കെ. ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു.ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായരെ കൂടാതെ റിട്ടയേര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥനും റിട്ടയേര്‍ഡ് സിവില്‍ എന്‍ജിനീയറും അടങ്ങുന്ന സമിതിയായിരിക്കും നഷ്ടപരിഹാരം നിശ്ചയിക്കുക.

സുപ്രീം കോടതി നിശ്ചയിച്ച 25 ലക്ഷം രൂപ വരെയുള്ള തുകയാണ് ആദ്യ ഘട്ട നഷ്ടപരിഹാരമായി നിശ്ചയിച്ചിട്ടുള്ളത്.എല്ലാ ഉടമകള്‍ക്കും 25ലക്ഷം കിട്ടണമെന്നില്ല. രേഖകളും വിശദമായ പരിശോധനയും നടത്തിയ ശേഷമായിരിക്കും തുക നിശ്ചയിക്കുക. കൂടുതല്‍ തുക അവകാശപ്പെടുകയാണങ്കില്‍ അക്കാര്യത്തില്‍ സമിതി വിശദമായി പരിശോധിച്ച് സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് നല്‍കും. അതിനുശേഷമായിരിക്കും 25 ലക്ഷത്തിനു മുകളിലുള്ള തുകയുടെ കാര്യത്തില്‍ തീരുമാനമെടുക്കുകയെന്ന് ജസ്റ്റിസ് കെ. ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു.

പല ഫ്ളാറ്റ് ഉടമകളും യഥാര്‍ഥ തുകയേക്കാള്‍ വില കുറച്ചാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇത് തര്‍ക്കവിഷയമായി മാറാം. അത്തരം സാഹചര്യത്തില്‍ സര്‍ക്കാര്‍, ഫ്ളാറ്റ് ഉടമ, ഫ്ളാറ്റ് നിര്‍മാതാക്കള്‍ തുടങ്ങിയവരുടെ വിശദമായ വാദം കേട്ട ശേഷമായിരിക്കും നഷ്ടപരിഹാരത്തുകയുടെ കാര്യത്തില്‍ തീരുമാനമുണ്ടാകുകയെന്നും ജസ്റ്റിസ് കെ. ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു.

Top