മരട് ഫ്‌ളാറ്റ് കേസില്‍ പരിസ്ഥിതി മന്ത്രാലയം കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി

തിരുവനന്തപുരം/കൊച്ചി : മരട് ഫ്‌ളാറ്റ് കേസില്‍ പരിസ്ഥിതി മന്ത്രാലയം കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറുമായി ഇക്കാര്യം സംസാരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

ഇളവ് നല്‍കാനുള്ള അധികാരം കേന്ദ്രം ഉപയോഗിക്കണമെന്ന് അഭ്യര്‍ഥിച്ചു. സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ സുപ്രീംകോടതിയെ ബോധ്യപ്പെടുത്തും.

കെട്ടിടനിർമാതാക്കളെ കരിമ്പട്ടികയിൽ പെടുത്താനുള്ള അന്തിമ തീരുമാനമുണ്ടായില്ലെങ്കിലും അത്തരം നടപടികൾ ആലോചിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഈ പ്രശ്നത്തിന് പ്രാഥമികമായി ഉത്തരവാദികള്‍ കെട്ടിടനിര്‍മാതക്കളാണ്. നിര്‍മാണത്തിന് അനുമതി കൊടുത്തതാണ് ആദ്യത്തെ തെറ്റ്. നിര്‍മാതാക്കളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന ആവശ്യം തികച്ചും ശരിയാണ്. അതിന് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് പരിശോധിക്കും. ഈ നിര്‍മാതാക്കളെ കരിമ്പട്ടികയില്‍ പെടുത്തി തുടര്‍ന്നുള്ള കച്ചവടങ്ങളില്‍ നിന്ന് വിലക്കാന്‍ കഴിയുമോ എന്ന് സര്‍ക്കാര്‍ പരിശോധിക്കും. തെറ്റ് ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കുകയും ഫ്ളാറ്റിലെ താമസക്കാരെ സംരക്ഷിക്കുകയും ചെയ്യണമെന്നതാണ് സര്‍ക്കാരിന്‍റെ നിലപാടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സര്‍വകക്ഷിയോഗത്തിലാണ് മുഖ്യമന്ത്രി സര്‍ക്കാര്‍ നീക്കം വിശദീകരിച്ചത്.

ഫ്‌ളാറ്റ് ഉടമകളുടെ കാര്യത്തില്‍ മനുഷ്യത്വപരമായ സമീപനം വേണമെന്ന് എല്ലാ കക്ഷി നേതാക്കളും ആവശ്യപ്പെട്ടു. ഫ്‌ളാറ്റ് നിര്‍മാതാക്കളെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Top