മരട് ഫ്ലാറ്റുകള്‍ പൊളിക്കല്‍ :തിരുത്തല്‍ ഹര്‍ജി ഈമാസം 23ന് മുമ്പ് സുപ്രീംകോടതി പരിഗണിക്കില്ല

ന്യൂഡല്‍ഹി : മരട് ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കാനുള്ള ഉത്തരവിനെതിരെ താമസക്കാര്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി ഈമാസം 23ന് മുമ്പ് സുപ്രീംകോടതി പരിഗണിക്കില്ല. കോടതി വിധി നടപ്പാക്കിയോ എന്ന് പരിശോധിക്കാന്‍ 23-ാം തീയതിയിലെ പരിഗണന പട്ടികയില്‍ 17-ാമത്തെ കേസായി മരട് ഫ്‌ളാറ്റ് കേസ് സുപ്രീംകോടതി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് കാണിച്ച് വെള്ളിയാഴ്ച സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.

മരട് ഫ്ളാറ്റിന് അനുമതി നല്‍കിയത് കേരള സര്‍ക്കാരെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ പരിഹാരമുണ്ടാക്കേണ്ടതും സംസ്ഥാന സര്‍ക്കാരാണെന്നും ജാവ്ദേക്കര്‍ വ്യക്തമാക്കി.

സുപ്രീംകോടതിയിലെ കേസില്‍ കേന്ദ്രം കക്ഷിയല്ല. സുപ്രീംകോടതി പരിസ്ഥിതി വകുപ്പിനോട് നിലപാട് ചോദിച്ചിട്ടുമില്ലെന്നും പ്രകാശ് ജാവ്ദേക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Top