പാലായിൽ തിളച്ച് മറിയുന്ന വിവാദങ്ങൾ, പ്രതിരോധത്തിലാകുന്നത് ഇടത് സർക്കാർ

പാലാ തിരഞ്ഞെടുപ്പ് പ്രചരണം തിളച്ച് മറിയുമ്പോള്‍ ഒടുവില്‍ സജീവ ചര്‍ച്ചയാകുന്നത് മരട് ഫ്‌ളാറ്റ് വിഷയം.ഭരണ പ്രതിപക്ഷ ഭേദമന്യേ മിക്ക രാഷ്ട്രീയ പാര്‍ട്ടികളും മരട് വിഷയത്തില്‍ ഫ്‌ളാറ്റുടമകള്‍ക്കൊപ്പമാണെങ്കിലും പൊതുജനങ്ങളില്‍ ഭൂരിപക്ഷവും ഈ നിലപാടിനെതിരാണ്.

ശബരിമലയില്‍ സുപ്രീം കോടതി ഉത്തരവ് പാലിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് ബാധ്യതയുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രിയും സി.പി.എമ്മും മരട് വിഷയത്തില്‍ എടുത്ത സമീപനമാണിവിടെ ചോദ്യം ചെയ്യപ്പെടുന്നത്.ഇക്കാര്യം ഗൃഹസംബര്‍ക്ക പരിപാടിയിലും കുടുംബയോഗങ്ങളിലും വ്യാപകമായി ഉപയോഗിക്കുന്നത് ബി.ജെ.പിയാണ്. മരട് ഫ്‌ളാറ്റ് വിഷയത്തില്‍ സ്‌ക്കാര്‍ നിലപാടിനൊപ്പമുള്ള യു.ഡി.എഫും ശബരിമലയിലും ഈ നിലപാട് സ്വീകരിക്കാമായിരുന്നു എന്ന നിലപാടിലാണിപ്പോള്‍. ധൃതി പിടിച്ച് വാശിയോടെ ശബരിമലയില്‍ നിയമം നടപ്പാക്കാന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയതെന്നാണ് യു.ഡി.എഫ് പ്രചാരണം.

ഹൈന്ദവ വിശ്വാസി സമൂഹത്തിനു വേണ്ടി സുപ്രീം കോടതിയില്‍ നിലപാട് സ്വീകരിക്കാത്തവര്‍ ഫ്‌ളാറ്റ് ഉടമകള്‍ക്ക് വേണ്ടി നിലപാട് സ്വീകരിക്കുന്നത് പരക്കെ ചോദ്യം ചെയ്യപ്പെട്ടുകഴിഞ്ഞു. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കേണ്ട ബാധ്യത ഉണ്ടെന്ന് പറയുന്നവര്‍ എല്ലാ ഉത്തരവുകളും നടപ്പാക്കണമെന്നാണ് പൊതു സമൂഹത്തില്‍ നിന്നും ഉയരുന്ന പ്രധാന വിമര്‍ശനം.സി.പി.ഐ സംസ്ഥാന സെക്രട്ടറിയുടെ നിലപാടാണ് ഇക്കാര്യത്തില്‍ ഇടതുപക്ഷത്തെ ഇപ്പോള്‍ പ്രതിരോധത്തിലാക്കിയിരിക്കുന്നത്.

ശബരിമല വിഷയത്തിലെ നിലപാട് ചൂണ്ടിക്കാട്ടി സര്‍വ്വകക്ഷി യോഗത്തില്‍ കാനം ആഞ്ഞടിച്ചത് സി.പി.എം നേതൃത്വത്തെ ശരിക്കും അമ്പരപ്പിച്ചിട്ടുണ്ട്. ശബരിമല വിധി നടപ്പാക്കാമെങ്കില്‍ ഫ്‌ളാറ്റ് പൊളിക്കുന്നത് താമസിപ്പിക്കുന്നതെന്തിനാണെന്നായിരുന്നു കാനം ചോദിച്ചിരുന്നത്. ഇത് സര്‍ക്കാരിനെ സംബന്ധിച്ച് തികച്ചും അപ്രതീക്ഷിതമായിരുന്നു. ഉപതിരഞ്ഞെടുപ്പ് സമയത്ത് തന്നെ എതിരാളികള്‍ക്ക് അടിക്കാന്‍ ഒരു വടി കൊടുക്കുന്ന ഏര്‍പ്പാടായിപോയി ഇതെന്നാണ് സി.പി.എം നേതാക്കള്‍ കുറ്റപ്പെടുത്തുന്നത്. അതേസമയം ഫ്‌ളാറ്റ് പൊളിക്കുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ഇടത് പ്രവര്‍ത്തകരിലും വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

നിയമവിരുദ്ധമായി കെട്ടിപ്പൊക്കിയ ഫ്‌ളാറ്റുകള്‍ക്ക് സര്‍ക്കാര്‍ കുട പിടിച്ചാല്‍ അത് സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുമെന്നാണ് ഇടതുപക്ഷ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്. വി എസ് അച്ചുതാനന്ദനും, കാനവും, വി.എം സുധീരനും സ്വീകരിച്ച നിലപാടുകളോടാണ് ഇവര്‍ക്കിടയില്‍ പൊതുയോജിപ്പുള്ളത്. യു.ഡി.എഫ് നേതാക്കളിലും അണികളിലും നല്ലൊരു വിഭാഗവും മരടിലെ വിവാദ ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന നിലപാടുകാരാണ്. എം.പിമാരായ ടി.എന്‍.പ്രതാപനും എന്‍.കെ പ്രേമചന്ദ്രനുമാണ് ഇക്കാര്യത്തില്‍ മുന്നണിയില്‍ കയ്യടി നേടിയിരിക്കുന്നത്.

ബി.ജെ.പിയിലെ പ്രബല വിഭാഗത്തിനും മരടിലെ നിയമവിരുദ്ധ കെട്ടിടങ്ങള്‍ക്കെതിരായ വികാരമാണുള്ളത്. എ.എന്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ ഫ്‌ളാറ്റ് ഉടമകള്‍ക്കായി രംഗത്ത് വന്നതില്‍ ഇവിടെയും ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. എന്നാല്‍ ഇതൊന്നും പാലായില്‍ ഇടതിനെ പ്രതിരോധിക്കുന്നതില്‍ അവര്‍ക്ക് തടസ്സമാകുന്നില്ലന്നതാണ് യാഥാര്‍ത്ഥ്യം. പാല മണ്ഡലത്തില്‍ ഹിന്ദു വോട്ടുകള്‍ ഏറെ നിര്‍ണ്ണായകമാണ്. ഇതില്‍ പരമാവധി സമാഹരിക്കാനാണ് ബി.ജെ.പി ഇപ്പോള്‍ ലക്ഷ്യമിടുന്നത്.

ക്രിസ്ത്യന്‍ വോട്ടുകള്‍ക്കൊപ്പം തന്നെ ഹിന്ദു വോട്ടുകളിലെ നല്ലൊരു പങ്ക് യു.ഡി.എഫും പാലായില്‍ പ്രതീക്ഷിക്കുന്നുണ്ട്.ജാതി – മത താല്‍പ്പര്യങ്ങള്‍ക്കതീതമായ ഒരു ജനകീയ വിധിയെഴുത്താണ് ഇടതുപക്ഷം ഇവിടെ പ്രതീക്ഷിക്കുന്നത്. ഇത്തവണ ശബരിമല വിഷയം സ്വാധീനം ചെലുത്തില്ലന്ന നിലപാടിലാണ് ഇടത് നേതൃത്വം.

പാലാ മണ്ഡലത്തില്‍ 1,77550, വോട്ടര്‍മാരാണ് ആകെയുള്ളത്. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ പാലാ മണ്ഡലത്തില്‍ യു.ഡി.എഫ് നേടിയത് 66,968 വോട്ടുകളാണ്. എല്‍.ഡി.എഫിന് 35,569 ഉം ബി.ജെ.പിക്ക് 8533 വോട്ടുകളുമാണ് ലഭിച്ചിരുന്നത്.

2016ലെ നിയമസഭ തെരഞ്ഞെടുപ്പായപ്പോള്‍ യു.ഡി.എഫ് വോട്ടുകള്‍ 58,884 ആയി കുത്തനെ കുറഞ്ഞു. എല്‍.ഡി.എഫ് ആകട്ടെ 54,181 വോട്ടുകളായി വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ബി.ജെ.പിക്ക് ഈ തെരഞ്ഞെടുപ്പില്‍ ലഭിച്ചത് വെറും 2482 വോട്ടുകള്‍ മാത്രമാണ്.

എന്നാല്‍ 2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് 66,971 ആയി വോട്ട് വിഹിതം കുത്തനെ ഉയര്‍ത്തി. എല്‍.ഡി.എഫ് ആകട്ടെ 33,499ല്‍ ഒതുങ്ങുകയും ചെയ്തു. ബി.ജെ.പിയും ഈ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 26,533 വോട്ട് പാലാ മണ്ഡലത്തില്‍ നേടാന്‍ ബി.ജെ.പിക്ക് കഴിഞ്ഞിരുന്നു.

ഇടതുപക്ഷവുമായുള്ള ബി.ജെ.പിയുടെ വോട്ട് വ്യത്യാസം ഏഴായിരം മാത്രമാണ്. പാലാ മണ്ഡലത്തിന്റെ ഭാഗമായ രാമപുരം, തലപ്പാലം, എലിക്കുളം പഞ്ചായത്തുകളില്‍ ബി.ജെ.പിക്ക് നല്ല സ്വാധീനമാണുള്ളത്. പി.സി ജോര്‍ജ്ജിന് സ്വാധീനമുള്ള പൂഞ്ഞാറിന്റെ ഭാഗമായ പഞ്ചായത്തുകളും ഇപ്പോള്‍ പാലായുടെ ഭാഗമാണ്. ഇതും ബി.ജെ.പിയുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്ന ഘടകമാണ്. വിജയിച്ചില്ലങ്കിലും രണ്ടാമതെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി നേതൃത്വം.

2019 ലെ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് കുറഞ്ഞ 20682 വോട്ടുകള്‍ ഉപതെരഞ്ഞെടുപ്പില്‍ ആരുടെ പെട്ടിയില്‍ വീഴുമെന്നതും, ആകെ പോള്‍ ചെയ്ത വോട്ടില്‍ കുറവുവന്ന 10,883 വോട്ടുകള്‍ ഇത്തവണ ആര്‍ക്ക് കിട്ടുമെന്നതും ജനവിധിയെ ശരിക്കും സ്വാധീനിക്കും.

നിരന്തരമായ തോല്‍വിയിലെ സഹതാപം ഇത്തവണ മാണി സി കാപ്പനെ തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. പരാമ്പരാഗതമായി മണ്ഡലത്തില്‍ പരിചിതമായ രണ്ടില ചിഹ്നം ഇത്തവണ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് ഇല്ലാത്തത് ഗുണം ചെയ്യുമെന്നാണ് ഭരണപക്ഷത്തിന്റെ കണക്കുകൂട്ടല്‍. ഇതേ കണക്കുകൂട്ടല്‍ ബി.ജെ.പിയ്ക്കുമുണ്ട്.

Political Reporter

Top