മറഡോണയുടെ മരണം:ചികിത്സാപിഴവെന്ന് സംശയം;ആരോപണം നിഷേധിച്ച് ഡോക്ടർ

ബ്യൂണസ് ഐറിസ്: ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണത്തില്‍ തനിക്ക് ഉത്തരവാദിത്തമില്ലെന്ന് ഡോക്ടര്‍ ലിയോപോള്‍ഡ് ലൂക്കെ. അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും അദ്ദേഹം നിഷേധിച്ചു.

മറഡോണയുടെ മരണത്തിനു കാരണം ഡോക്ടറുടെ അനാസ്ഥമൂലമെന്ന ആരോപണം ഉയര്‍ന്നിരുന്നു. മറഡോണയുടെ മരണത്തിൽ ചികിത്സ പിഴവുണ്ടെന്നും അന്വേഷിക്കണമെന്നും​ മറഡോണ കുടുംബവും അഭിഭാഷകനും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഡോക്ടര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും ഡോക്ടറുടെ ആശുപത്രിയിലും വീട്ടിലും പൊലീസ് റെയ്ഡ് നടന്നതായും അര്‍ജന്റീനന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഡോക്ടര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തതായും അര്‍ജന്റൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ബുധനാഴ്​ചയാണ്​ 60കാരനായ ഡിയഗോ മറഡോണ ഹൃദയാഘാതത്തെത്തുടർന്ന്​ അന്തരിച്ചത്. രണ്ടാഴ്ച്ചയ്ക്ക് മുമ്പ് അദ്ദേഹം തലച്ചോറിലെ ശസ്ത്രക്രിയക്ക് ശേഷം ആശുപത്രി വിട്ടിരുന്നു. ഇതിഹാസ താരം സുഖം പ്രാപിച്ചു വരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചുകൊണ്ട് അദ്ദേഹത്തിന്റെ മരണ വാര്‍ത്ത പുറത്തുവന്നത്.

Top