Maradona want Messi to reconsider decision

ബ്യൂനസ് ഐറിസ് : രാജ്യാന്തര ഫുട്‌ബോളില്‍നിന്ന് വിരമിക്കരുതെന്ന് ലയണല്‍ മെസ്സിയോട് മറഡോണ. ദേശീയ ടീമിനൊപ്പം മെസ്സി തുടരണം. ലോകചാംപ്യനാകാന്‍ റഷ്യയിലേക്ക് മെസ്സി പോകണം. ടീമിനെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുന്ന യുവാക്കളെ കൂടുതല്‍ ആശ്രയിക്കണം.

മെസ്സി വിരമിക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ അര്‍ജന്റീനാ ഫുട്‌ബോളിന് വരാനിരിക്കുന്ന ദുരന്തമെന്താണെന്ന് മനസിലാക്കുന്നില്ലെന്നും മറഡോണ പറഞ്ഞു.

അര്‍ജന്റീനാ ഫുട്‌ബോളിന്റെ ഇന്നത്തെ അവസ്ഥയില്‍ ഞാന്‍ ദുഃഖിതനും ഒപ്പം ദേഷ്യത്തിലുമാണ്. നമ്മള്‍ താഴേക്ക് പോയിരിക്കുന്നു. വിരമിക്കാനുള്ള തീരുമാനം മെസ്സി പുനഃപ്പരിശോധിക്കണം. 2018ലെ ലോകകപ്പുവരെയെങ്കിലും തുടരണം മറഡോണ പറഞ്ഞു.

മെസ്സിക്ക് നേതൃഗുണമോ വ്യക്തിത്വമോ ഇല്ലെന്ന് മറഡോണ നേരത്തെ പെലെയോട് പറഞ്ഞതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. മെസ്സി നല്ല മനുഷ്യനാണ്. എന്നാല്‍ നേതൃപാടവം കാണിക്കുന്നില്ലെന്നായിരുന്നു കുറ്റപ്പെടുത്തല്‍.

കോപ്പ അമേരിക്ക ഫുട്‌ബോള്‍ ഫൈനലില്‍ ചിലെയ്‌ക്കെതിരെ തോറ്റതിനു പിന്നാലെയാണ് മെസ്സി രാജ്യാന്തര ഫുട്‌ബോളില്‍നിന്നു വിരമിക്കുകയാണെന്ന് അറിയിച്ചത്.

ഫൈനലിലെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ മെസി അവസരം പാഴാക്കിയിരുന്നു. രാജ്യാന്തര ഫുട്‌ബോളില്‍ ഇനി തനിക്കൊന്നും ചെയ്യാനില്ലെന്നും അതിനാല്‍ വിരമിക്കുന്നുവെന്നുമായിരുന്നു പ്രഖ്യാപനം.

മെസ്സിക്കു പിന്നാലെ അഗ്യൂറോയും മഷ്‌കരാനോയും ടീമില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

Top