ടൊവിനോ തോമസ് നായകനായ സസ്‌പെന്‍സ് ചിത്രം മറഡോണയുടെ ട്രെയിലര്‍ പുറത്തിറങ്ങി

maradona-movie-poster

ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ വിഷ്ണു നാരായണന്‍ സംവിധാനം ചെയ്ത മറഡോണയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ വ്യത്യസ്തമാര്‍ന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പേരു സൂചിപ്പിക്കുന്ന പോലെ ഒരു ഫുട്‌ബോള്‍ ചിത്രമായിട്ടല്ല സംവിധായകന്‍ മറഡോണ അണിയിച്ചൊരുക്കുന്നത്. വ്യത്യസ്തമായ പ്രമേയം അവതരിപ്പിക്കുന്ന ചിത്രമാകും മറഡോണയെന്നാണ് അറിയുന്നത്.

പുതുമുഖം ശരണ്യ ആര്‍ നായരാണ് ചിത്രത്തില്‍ ടൊവിനോയുടെ നായികയായെത്തുന്നത്. ചെമ്പന്‍ വിനോദ്, ജോസ്, ടിറ്റോ വില്‍സണ്‍, കിച്ചു ടെല്ലസ്, ബര്‍ജര്‍ പട്ടേല്‍, നിഷ്തര്‍ അഹമ്മദ്, ലിയോണ, ജിന്‍സ്, നിരഞ്ജന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

തമിഴ് നടന്‍ ധനുഷ് നിര്‍മ്മിക്കുന്ന രണ്ടാമത്തെ മലയാള ചിത്രം കൂടിയാണ് മറഡോണ. ധനുഷിന്റെ നിര്‍മ്മാണ കമ്പനിയായ വണ്ടര്‍ബാര്‍ ഫിലിംസും മിനി സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മ്മാണം. ലിജോ ജോസ് പല്ലിശ്ശേരി, ദിലീഷ് പോത്തന്‍ എന്നിവരുടെ
അസോസിയേറ്റായിരുന്ന കൃഷ്ണമൂര്‍ത്തിയാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. ഛായാഗ്രഹണം ദീപക് ഡി മേനോനും, കലാസംവിധാനം സാബു മോഹനും, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മയും നിര്‍വ്വഹിക്കും. സുഷിന്‍ ശ്യാമാണ് സംഗീതം. ജൂണ്‍ 22ന് ചിത്രം തിയേറ്ററുകളിലെത്തും.

Top