ലോകകപ്പ് സെമി; ഫ്രാന്‍സോ ബെല്‍ജിയമോ? മറഡോണ പറയുന്നു

maradona

ലോകകപ്പിലെ ആദ്യ സെമി ഫൈനല്‍ മത്സരത്തില്‍ വിജയസാധ്യത പ്രവചിക്കാനാകില്ലെന്ന് അര്‍ജന്റീനന്‍ ഇതിഹാസതാരം ഡീഗോ മറഡോണ. ‘രണ്ട് സെമി ഫൈനലിലും തന്ത്രങ്ങളുടെ കളിയായിരിക്കും കളിക്കളത്തില്‍ കാണുക. എല്ലാം കൊണ്ടും ബാലന്‍സ് ആയി നില്‍ക്കുകയാണ് ഫ്രാന്‍സ്. ബെല്‍ജിയത്തിന്റെ മനോഭാവത്തില്‍ ചെറിയ വ്യത്യാസം ഉണ്ടെങ്കിലും ഫ്രാന്‍സിനോട് ഒപ്പം നില്‍ക്കും. വമ്പന്‍ ടീമുകളെ തോല്‍പ്പിച്ചാണ് സെമിയിലേക്ക് എത്തുന്നത് എന്നത് ഇരുവരുടേയും ആത്മവിശ്വാസം വര്‍ധിപ്പിക്കും’. മറഡോണ പറയുന്നു.

ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്ലാത്ത ഒരു സെമിഫൈനല്‍ എന്നത് എന്നെ ഏറെ വിഷമത്തിലാക്കുന്നുണ്ട്. ബ്രസീലും ഉറുഗ്വായും തോല്‍വി അര്‍ഹിച്ചിരുന്നില്ല. ബ്രസീല്‍ അസാധ്യമായി കളിച്ചു. എന്നാല്‍ ഗോള്‍ കണ്ടെത്താനുള്ള ശ്രമങ്ങളൊക്കെയും പാഴായി.

ധീരരായ പോരാളികളായിട്ടാണ് ബെല്‍ജിയം ഇത്തവണ എത്തിയത്. ഗ്രൂപ്പില്‍ ജേതാക്കളായാല്‍ കടുത്ത എതിരാളികളാണ് തുടര്‍ന്നങ്ങോട്ട് കാത്തിരിക്കുന്നത് എന്ന് വ്യക്തമായിട്ടും ബെല്‍ജിയം പിന്നോട്ട് പോയില്ല. ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഗ്രൂപ്പ് ജേതാക്കളായപ്പോള്‍ തന്നെ അവര്‍ തങ്ങളുടെ കരുത്തും ധൈര്യവും വ്യക്തമാക്കി കഴിഞ്ഞു. കാസിമിറോവിന്റെ അഭാവം ബ്രസീലിനെതിരെ ബെല്‍ജിയത്തെ തുണച്ചിരുന്നു. എന്നാല്‍ പോഗ്ബയും എന്‍ഗോളോവും ആ സ്‌പേസ് ബെല്‍ജിയത്തിന് നല്‍കില്ല.

നൂറു ശതമാനം സന്തുലിതമായ ടീമാണ് ഫ്രാന്‍സ്. ബെല്‍ജിയവും സ്‌ട്രോങ്ങാണ്. രണ്ടു ടീമുകളുടെയും തന്ത്രങ്ങള്‍ തമ്മിലുള്ള മത്സരമായിരിക്കും ഇന്ന് കാണാന്‍ കഴിയുക. അതുകൊണ്ടുതന്നെ ആരു ജയിക്കുമെന്നുള്ളത് പ്രവചനാതീതമായിരിക്കുമെന്നും ഡീഗോ പറയുന്നു.

Top