മരട് സ്‌കൂള്‍ വാന്‍ അപകടം ; വണ്ടി അമിതവേഗത്തിലായിരുന്നില്ലെന്ന് ഡ്രൈവര്‍

maradu accident

കൊച്ചി: മരടില്‍ സ്‌കൂള്‍ വാന്‍ മറിഞ്ഞ് രണ്ട് കുട്ടികളടക്കം മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ വണ്ടിയ്ക്ക് അമിത വേഗം ഉണ്ടായിരുന്നില്ലെന്നും സെക്കന്‍ഡ് ഗിയറിലായിരുന്നുവെന്നും ഡ്രൈവര്‍ അനില്‍ കുമാര്‍. പിന്നിലെ വാതില്‍ തുറക്കാന്‍ പറഞ്ഞെങ്കിലും ആയയ്ക്ക് അതിന് കഴിഞ്ഞില്ല. വെള്ളത്തില്‍ മുങ്ങിയ നാല് കുട്ടികളെ രക്ഷിച്ചത് താനാണെന്നും അനില്‍ കുമാര്‍ പറഞ്ഞു. എന്നാല്‍ ആശുപത്രി വിട്ട ഡ്രൈവര്‍ ഇപ്പോള്‍ ഒളിവിലാണ്.

കൊച്ചി മരടില്‍ ഡേ കെയര്‍ സെന്ററിന്റെ സ്‌കൂള്‍ വാന്‍ കുളത്തിലേക്ക് മറിഞ്ഞ് രണ്ട് കുട്ടികളും ആയയും ഉള്‍പ്പടെ മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ ഡ്രൈവറുടെ അശ്രദ്ധമായ ഡ്രൈവിംഗ് തന്നെയാണ് അപകടകാരണമെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് എറണാകുളം ആര്‍ടിഒ റെജി പി. വര്‍ഗീസ് പറഞ്ഞിരുന്നു.

വീതി കുറഞ്ഞ റോഡില്‍ അമിത വേഗതയില്‍ വാഹനം ഓടിച്ചു. ആര്‍ടിഒയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. അപകടത്തില്‍പ്പെട്ട വാനിന് 2018 ഓഗസ്റ്റ് വരെ ഫിറ്റ്നസുണ്ട്. 2020 വരെ ഡ്രൈവറുടെ ലൈസന്‍സിനും ബാഡ്ജിനും കാലാവധിയുണ്ട്.

അതേസമയം സംഭവത്തില്‍ ജില്ലാ കലക്ടര്‍ മുഖ്യമന്ത്രിക്ക് ഇന്ന് റിപ്പോര്‍ട്ട് കൈമാറും. ഡ്രൈവര്‍ക്കെതിരെ ഐപിസി 304 എ വകുപ്പ് ചുമത്തി മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തിരുന്നു. അന്വേഷണത്തില്‍ മറ്റ് കുറ്റങ്ങള്‍ തെളിഞ്ഞാല്‍ ഇയാള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Top