മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുക തന്നെ ചെയ്യുമെന്ന് ചീഫ് സെക്രട്ടറി; പ്രതിഷേധിച്ച് താമസക്കാര്‍

കൊച്ചി: മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുക തന്നെ ചെയ്യുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്.

സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫ്‌ളാറ്റുകള്‍ സന്ദര്‍ശിക്കുവാന്‍ എത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഫ്ളാറ്റിലുള്ളവരെ പുനരധിവസിപ്പിക്കാന്‍ ജില്ലാ ഭരണകൂടം വേണ്ട നടപടികള്‍ നടത്തുമെന്നാണ് കളക്ടര്‍ അറിയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ അതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.

അതേസമയം, എന്ത് വന്നാലും ഫ്ളാറ്റില്‍ നിന്ന് ഒഴിയില്ലെന്നാണ് താമസക്കാര്‍ പറഞ്ഞിരിക്കുന്നത്. ഫ്‌ളാറ്റുകള്‍ സന്ദര്‍ശിക്കാന്‍ എത്തിയ ചീഫ് സെക്രട്ടറിയെ തടഞ്ഞ ഫ്ളാറ്റ് ഉടമകള്‍ തങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കണമെന്നും ആവശ്യപ്പെട്ടു.

കോടതിയുടെ അന്ത്യശാസനം കണക്കിലെടുത്ത് ഈ മാസം 20നുള്ളില്‍ പൊളിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. 20നകം ഫ്ളാറ്റ് പൊളിച്ച് ചീഫ് സെക്രട്ടറി നേരിട്ട് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ മരട് പഞ്ചായത്ത് അധികൃതരുമായും ജില്ലാ ഭരണകൂടവുമായും നടപടിക്രമങ്ങളെ കുറിച്ച് ചീഫ് സെക്രട്ടറി ചര്‍ച്ച നടത്തി.

ഫ്ളാറ്റുകള്‍ പൊളിക്കണമെന്ന ഉത്തരവിനെതിരെ ഫ്ളാറ്റുടമകള്‍ വീണ്ടും സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. നേരത്തെ, കേസില്‍ ഫ്ളാറ്റുടമകളുടെ വാദം കേള്‍ക്കാതെയാണ് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചതെന്ന് ഹര്‍ജിക്കാര്‍ പറയുന്നു. തങ്ങളുടെ ഭാഗം കേള്‍ക്കാതെ തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.

Top