ഓണദിനത്തില്‍ നഗരസഭയ്ക്ക് മുന്നില്‍ നിരാഹാരമിരിക്കാനൊരുങ്ങി മരടിലെ ഫ്‌ളാറ്റ് ഉടമകള്‍

കൊച്ചി: ഫ്‌ളാറ്റുകള്‍ ഒഴിഞ്ഞു കൊടുക്കണമെന്ന നഗരസഭ നോട്ടീസിനെതിരെ മരടിലെ ഫ്‌ളാറ്റ് ഉടമകള്‍ ഓണദിനമായ ഇന്ന് നിരാഹാര സമരം ഇരിക്കും.

രാവിലെ പത്ത് മണിക്ക് നഗരസഭയ്ക്ക് മുന്നിലാണ് നിരാഹാരമിരിക്കുന്നത്. ഓണാവധി ദിവസമായിട്ടും നോട്ടീസ് പതിച്ചതിനെതിരെ വലിയ പ്രതിഷേധമാണ് ഫ്‌ളാറ്റ് ഉടമകളുടെ ഭാഗത്തു നിന്നുമുണ്ടായത്. ഇതിന്റെ പശ്ചാത്തലത്തിലാണ് തിരുവോണ ദിവസം നിരാഹാരമിരിക്കാന്‍ ഉടമകള്‍ തീരുമാനിച്ചത്.

നഗരസഭയില്‍ നിന്ന് ജീവനക്കാര്‍ പുറത്ത് പോകുന്നത് വരെയും സമരം തുടരുമെന്നാണ് ഫ്‌ളാറ്റ് ഉടമകള്‍ അറിയിച്ചിരിക്കുന്നത്.

ഓണാവധി കഴിഞ്ഞതിനു ശേഷം നേരിട്ടെത്തി നോട്ടീസ് കൈപറ്റാമെന്ന് പറഞ്ഞിട്ടും അധികൃതര്‍ തയ്യാറായില്ലെന്നാണ് ഉടമകള്‍ പറയുന്നത്. ഫ്‌ളാറ്റുകള്‍ ഒഴിയാന്‍ അഞ്ച് ദിവസമാണ് നല്‍കിയിരിക്കുന്നത്. ഒഴിഞ്ഞില്ലെങ്കില്‍ കോടതിയലക്ഷ്യമായി കണക്കാക്കി പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുമെന്നാണ് നോട്ടീസില്‍ പറയുന്നത്.

Top