മരടിലെ ഫ്ലാറ്റുടമകള്‍ സമരം തുടരും ; റിട്ടുമായി ഹൈക്കോടതിയിലേക്ക്

കൊച്ചി: മരട് നഗരസഭയുടെ കുടിയൊഴിപ്പിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് ഫ്ലാറ്റുടമകൾ അടുത്ത തിങ്കളാഴ്ച ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിക്കും. കുടിയൊഴിപ്പിക്കൽ സാമാന്യ നീതിക്കെതിരാണെന്നും മനുഷ്യാവകാശ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ഉത്തരവാദിത്തമുള്ളവർ തന്നെ നീതി നിഷേധം കാണിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഫ്ലാറ്റ് ഉടമകൾ ഹൈക്കോടതിയെ സമീപിക്കുക. ഫ്ലാറ്റ് ഒഴിയാൻ മതിയായ ദിവസം അനുവദിച്ചിട്ടില്ല. അഞ്ച് ദിവസത്തിനകം ഒഴിയണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും പുനരധിവാസ നടപടികളെ പറ്റി വ്യക്തതയില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടും.

ഇന്നലെ നഗരസഭക്ക് മുന്നില്‍ നടത്തിയ നിരാഹാര സമരത്തിന് കക്ഷി രാഷ്ട്രീയ ഭേദമന്യേ പിന്തുണ ലഭിച്ചതിനാല്‍ സമരം ശക്തമാക്കാനാണ് ഇവരുടെ തീരുമാനം. ശനിയാഴ്ച നഗരസഭക്ക് മുന്നില്‍ വീണ്ടും ധര്‍ണ നടത്താനും സമരക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

നഗരസഭ ഒഴിപ്പിക്കല്‍ നോട്ടീസ് പതിച്ചതിന് പിന്നാലെയാണ് ഫ്ലാറ്റുടമകള്‍ മരട് നഗരസഭക്ക് മുന്നില്‍ തിരുവോണ ദിനമായ ഇന്നലെ നിരാഹാരം സമരം നടത്തിയത്.

Top