മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് നീക്കണം ; വിധിയിലുറച്ച് കോടതി

ന്യൂഡല്‍ഹി: മരട് മുനിസിപ്പാലിറ്റിയില ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുനീക്കണമെന്ന വിധിക്കെതിരേ ഫ്‌ളാറ്റ് ഉടമകള്‍ നല്‍കിയ ഹര്‍ജി ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളി. ഫ്‌ളാറ്റുകള്‍ നീക്കം ചെയ്യണം എന്ന വിധിയില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണ് കോടതി. ഇതോടെ നൂറിലധികം കുടുംബങ്ങള്‍ക്ക് ഫ്‌ളാറ്റുകള്‍ നഷ്ടപ്പെടുമെന്ന് ഉറപ്പായിരിക്കുകയാണ്.

സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ചില്‍നിന്നു വിധിയില്‍ സ്റ്റേ സമ്പാദിച്ചതില്‍ ഹര്‍ജിക്കാര്‍ക്കും ഹാജരായ അഭിഭാഷകര്‍ക്കുമെതിരേ സുപ്രീംകോടതി ബെഞ്ച് രൂക്ഷവിമര്‍ശനവും ഉയര്‍ത്തി. അവധിക്കാല ബെഞ്ച് വിധിയില്‍ ഇടപെടാന്‍ പാടില്ലായിരുന്നുവെന്നും മൂന്നു മുതിര്‍ന്ന അഭിഭാഷകര്‍ ഈ തട്ടിപ്പില്‍ പങ്കുകാരായെന്നും ബെഞ്ച് നിരീക്ഷിച്ചു. പണമാണോ നിങ്ങള്‍ക്ക് എല്ലാം എന്ന ചോദ്യവും സുപ്രീംകോടതി ഉന്നയിച്ചു. ഇത്തരം നടപടികളില്‍ ആവര്‍ത്തിച്ചാല്‍ അഭിഭാഷകര്‍ക്കെതിരെ നടപടി എടുക്കുമെന്നും ബെഞ്ച് മുന്നറിയിപ്പ് നല്‍കി.

തീരദേശ പരിപാലന ചട്ടം ലംഘിച്ചു നിര്‍മിച്ച ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്. അനധികൃത നിര്‍മാണങ്ങള്‍ കാരണം ഇനിയും കേരളത്തിനു പ്രളയവും പേമാരിയും താങ്ങാനാവില്ലെന്നും ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചിരുന്നു.

Top