മരട് ഫ്‌ളാറ്റ്; വിദഗ്ധരെത്തി സ്‌ഫോടക വസ്തുക്കള്‍ നിറച്ച് തുടങ്ങി

കൊച്ചി: മരടിലെ ഫ്‌ളാറ്റുകളില്‍ സ്‌ഫോടക വിദഗ്ധരെത്തി സ്‌ഫോടക വസ്തുക്കള്‍ നിറച്ച് തുടങ്ങി. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടുകൂടിയാണ് സ്‌ഫോടക വിദഗ്ധര്‍ മരടിലെ ഹോളിഫെയ്ത്ത് എച്ച്.ടു.ഒ.യില്‍ എത്തി. തുടര്‍ന്ന് രാവിലെ ആറു മുതല്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ചു തുടങ്ങി. ദക്ഷിണാഫ്രിക്കന്‍ കമ്പനിയായ ജെറ്റ് ഡെമോളിഷനുമായി പങ്കാളിത്തമുള്ള മുംബൈ ആസ്ഥാനമായ എഡിഫിസ് എന്‍ജിനീയറിങ്ങാണ് ഇവിടെ സ്‌ഫോടനം നടത്തുന്നത്.

സ്‌ഫോടനത്തിനുള്ള അനുമതി വെള്ളിയാഴ്ച വൈകിട്ട് പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ (പെസോ)ഡെപ്യൂട്ടി ചീഫ് കണ്ട്രോളര്‍ ഡോ. ആര്‍. വേണുഗോപാല്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് സ്‌ഫോടക വിദഗ്ധര്‍ എത്തിയത്.

അങ്കമാലിയില്‍ നിന്ന് പോലീസിന്റെ അകമ്പടിയോടെ അതീവസുരക്ഷയിലാണ് സ്‌ഫോടക വസ്തുക്കള്‍ എത്തിയത്. രണ്ട് ദിവസത്തിനുള്ളില്‍ സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കല്‍ ജോലി പൂര്‍ത്തിയാക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്.

200 കിലോയ്ക്കു മുകളില്‍ സ്‌ഫോടക വസ്തുക്കള്‍ ഹോളിഫെയ്ത്ത് കെട്ടിടംതകര്‍ക്കാന്‍ വേണ്ടിവരുമെന്നാണ് അനുമാനം. അമോണിയം നൈട്രേറ്റ് പ്രധാന ഘടകമായ എമല്‍ഷന്‍ സ്‌ഫോടകവസ്തുക്കളാണ് സ്‌ഫോടനത്തിന് ഉപയോഗിക്കുന്നത്. ഒഴിപ്പിക്കല്‍ മുതലായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജില്ലാ കളക്ടര്‍ ഇന്ന് വൈകിട്ട് ഏഴിന് യോഗം വിളിച്ചിട്ടുണ്ട്.

Top