മരടിലെ ഫ്ലാറ്റുകള്‍ ഒഴിപ്പിക്കാനുള്ള നടപടികള്‍ ഇന്ന് തുടങ്ങും;ഉടമകള്‍ നിരാഹാര സമരത്തിലേക്ക്

കൊച്ചി : മരടിലെ ഫ്ലാറ്റുകള്‍ ഒഴിപ്പിക്കാനുള്ള നടപടികള്‍ ഇന്ന് ആരംഭിക്കും. നഗരസഭ സെക്രട്ടറിയുടെ ചുമതലയുള്ള സബ് കലക്ടര്‍ സ്നേഹില്‍ കുമാര്‍ രാവിലെ ഫ്ലാറ്റ് ഉടമകളുമായി സംസാരിക്കും.

അനുവദിച്ച സമയത്തിനുള്ളിൽ തന്നെ ഫ്ലാറ്റുകളിൽ നിന്ന് ഒഴിഞ്ഞുപോകണമെന്ന് ഉടമകളോട് ആവശ്യപ്പെടും. ഒഴിപ്പിക്കൽ നടപടിക്ക് മുന്നോടിയായി വിച്ഛേദിച്ച വൈദ്യുതിയും വെള്ളവും പുനഃസ്ഥാപിക്കും. ഒക്ടോബർ നാല് വരെയാണ് നടപടികൾ തുടരുക.

സുപ്രീം കോടതിയിൽ സർക്കാർ നൽകിയ സത്യവാങ്മൂലം പ്രകാരം ഫ്ലാറ്റ് പൊളിക്കൽ നടപടികളുമായി മുന്നോട്ട് പോകാൻ തീരുമാനിച്ച സാഹചര്യത്തിലാണ് നഗരസഭ ഇന്ന് മുതൽ ഒഴിപ്പിക്കൽ നടപടികൾ തുടങ്ങുന്നത്.

അതേ സമയം ഫ്ലാറ്റുകൾ ഒഴിയുന്നതിന് കൂടുതൽ സമയം അനുവദിക്കണമെന്നതുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഫ്ലാറ്റുടമകൾ ഇന്നുമുതൽ നിരാഹാര സമരം നടത്തും. നഷ്ട പരിഹാരത്തിന്റെ ആദ്യ ഗഡുവായ 25 ലക്ഷം രൂപയും നിലവിലുള്ളതിന് സമാനമായ പുനരധിവാസ സൌകര്യങ്ങളും ലഭിക്കുന്നതിന് മുന്‍പ് ഒഴിയില്ലെന്നാണ് ഫ്ലാറ്റുടമകളുടെ തീരുമാനം.

Top