മരട് ഫ്‌ലാറ്റ് പൊളിക്കല്‍: സമീപവാസികളെ കൊണ്ടുപൊകാന്‍ ബസുകള്‍, ഫ്‌ലാറ്റിന് മുന്നില്‍ പൂജ തുടങ്ങി

കൊച്ചി: മരട് ഫ്‌ലാറ്റുകള്‍ ഇന്ന് പൊളിക്കും. ഹോളിഫെയ്ത്ത് എച്ച്2ഒ ഫ്‌ലാറ്റും ആല്‍ഫ സെറീന്‍ ഇരട്ട ഫ്‌ലാറ്റുകളും പൊളിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്ന് സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് പറഞ്ഞു. എച്ച്2ഒ ഫ്‌ലാറ്റ് പൊളിക്കുന്നതിന് മുന്നോടിയായി ഫ്‌ലാറ്റിന് മുന്നില്‍ പൂജയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.

ഒന്‍പത് മണിക്കുള്ളില്‍ ഫ്‌ലാറ്റിന് ചുറ്റും നിയന്ത്രിത മേഖലയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കും പത്തരയോടെ ഗതാഗതം നിയന്ത്രിക്കും. പ്രദേശത്ത് ഇന്ന് നിരോധനാഞ്ജ പ്രഖ്യാപിച്ചിട്ടുണ്ട്.

ആല്‍ഫാ സെറീന് ചുറ്റുമുള്ള ജനങ്ങളെ ഒഴിപ്പിക്കാനായി പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. അല്‍പ്പസമയത്തിനകം ഇവര്‍ വീടുകളില്‍ കയറി പരിശോധന നടത്തും. ആളുകളെ മാറ്റാനായി ബസുകള്‍ എര്‍പ്പാട് ചെയ്തിട്ടുണ്ട്. സ്‌ഫോടനം നടക്കുമ്പോള്‍ ഉണ്ടാകുന്ന പ്രകമ്പനം അളക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ചെന്നൈ ഐഐടിയില്‍ നിന്നുള്ളവര്‍ പറഞ്ഞു. 200 മീറ്റര്‍ ചുറ്റളവില്‍ 10 ആക്‌സിലറോമീറ്ററുകളും 21 ജിയോ ഫോണുകളും സ്ഥാപിച്ചു തുടങ്ങി.

മരട് നഗര സഭ ഓഫീസില്‍ ക്രമീകരിക്കുന്ന പ്രത്യേക കണ്‍ട്രോള്‍ റൂമില്‍ നിന്നായിരിക്കും ഇന്നത്തെ സ്‌ഫോടനം നിയന്ത്രിക്കുക. ഇതിന്റെ ഒരുക്കങ്ങള്‍ മരട് നഗരസഭയിലും സജ്ജീകരിച്ചിട്ടുണ്ട്.

10.55ന് രണ്ടാം സൈറണ്‍ മുഴങ്ങും. 10.59. നീണ്ട സൈറണ്‍. പതിനൊന്ന് മണിക്ക് ഫ്ളാറ്റ് സമുച്ചയം തകര്‍ക്കും. ആകെ നാല് തവണയാണ് സൈറണ്‍ മുഴങ്ങുന്നത്. ഇത് സ്ഫോടനം അവസാനിക്കും വരെ നീണ്ടുനില്‍ക്കും.

സൈറണ്‍ മുഴങ്ങി ഒരു മിനിറ്റാകുമ്പോഴേക്കും ഫ്ളാറ്റില്‍ സ്ഫോടനം നടക്കും. ഹോളിഫെയ്ത്തിന്റെ 200 മീറ്ററിന് പുറത്തുള്ള ചെറുറോഡുകളില്‍ ഈ സമയം ഗതാഗതം നിയന്ത്രിക്കും. കുണ്ടന്നൂര്‍- തേവര പാലത്തിലൂടെയും ഈ സമയം മുതല്‍ വാഹനങ്ങള്‍ കടത്തിവിടില്ല.

ഹോളി ഫെയ്ത്ത് തകരാന്‍ 10 സെക്കന്റ്. ശേഷം വിദഗ്ദ്ധ സംഘം എത്തി സുരക്ഷിതമെന്ന് വ്യക്തമാകുന്നതോടെ ഒരു സൈറണ്‍ കൂടി മുഴക്കും. തുടര്‍ന്ന് ആല്‍ഫാ സെറീന്റെ ഇരട്ട ടവറുകള്‍ പൊളിക്കും. 12 മണിയോടെ ഗതാഗതം പുനസ്ഥാപിക്കുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതര്‍ അറിയിച്ചു.

Top