മരട് ഫ്‌ളാറ്റ് പൊളിക്കൽ; നാട്ടുകാരുടെ ആശങ്കയ്ക്ക് ഒരു അടിസ്ഥാനവുമില്ലെന്ന് എം. സ്വരാജ്

കൊച്ചി: തീരദേശം നിയമം ലംഘിച്ച് നിർമ്മിച്ച മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. സമയം അടുക്കും തോറും പ്രദേശവാസികൾ ആശങ്കയിലാണ്. ഇപ്പോഴിതാ നാട്ടുകാരുടെ ആശങ്കയ്ക്ക് ഒരു അടിസ്ഥാനവുമില്ലെന്ന് പറഞ്ഞിരിക്കുകയാണ് എം.സ്വരാജ് എംഎൽഎ.

നിയന്ത്രിത സ്‌ഫോടനത്തിലൂടെയുള്ള പൊളിക്കൽ നടപടികളിലും സുരക്ഷാ കാര്യങ്ങിലും വലിയ ആത്മവിശ്വാസമാണ് കമ്പനി അധികൃതർ പ്രകടിപ്പിക്കുന്നത്. നൂറല്ല നൂറ്റമ്പത് ശതമാനം ആത്മവിശ്വാസം ഇക്കാര്യത്തിൽ ഉണ്ടെന്നാണ് കമ്പനി അധികൃതർ ആവർത്തിക്കുന്നതെന്നും അത് മുഖവിലക്ക് എടുത്ത് മുന്നോട്ട് പോകുകയാണെന്നും എം. സ്വരാജ് പറഞ്ഞു.

രാവിലെ 11മണിക്ക് ഹോളി ഫെയ്ത്ത് എച്ച് ടു ഒ ഫ്ളാറ്റും അരമണിക്കൂർ വ്യത്യാസത്തിലാണ് രണ്ടാമത്തെ ഫ്ളാറ്റായ ആൽഫ സറീനും പൊളിക്കുക. രാവിലെ എട്ട് മുതൽ സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

രാവിലെ പത്തരയ്ക്ക് ആദ്യ സൈറൺ മുഴങ്ങും. സ്ഫോടനത്തിന്റെ ഓരോ അലർട്ടുകളും സൈറണ് മുഴക്കിയാണ് പൊതുജനങ്ങളെ അറിയിക്കുന്നത്. ആദ്യത്തേത് സ്ഫോടനത്തിന് അര മണിക്കൂർ മുൻപാണ് പുറപ്പെടുവിക്കുക.

10.55ന് രണ്ടാം സൈറൺ മുഴങ്ങും. 10.59. നീണ്ട സൈറൺ. പതിനൊന്ന് മണിക്ക് ഫ്ളാറ്റ് സമുച്ചയം തകർക്കും. ആകെ നാല് തവണയാണ് സൈറൺ മുഴങ്ങുന്നത്. ഇത് സ്ഫോടനം അവസാനിക്കും വരെ നീണ്ടുനിൽക്കും.

സൈറൺ മുഴങ്ങി ഒരു മിനിറ്റാകുമ്പോഴേക്കും ഫ്ളാറ്റിൽ സ്ഫോടനം നടക്കും. ഹോളിഫെയ്ത്തിന്റെ 200 മീറ്ററിന് പുറത്തുള്ള ചെറുറോഡുകളിൽ ഈ സമയം ഗതാഗതം നിയന്ത്രിക്കും. കുണ്ടന്നൂർ- തേവര പാലത്തിലൂടെയും ഈ സമയം മുതൽ വാഹനങ്ങൾ കടത്തിവിടില്ല.

ഹോളി ഫെയ്ത്ത് തകരാൻ 10 സെക്കന്റ്. ശേഷം വിദഗ്ദ്ധ സംഘം എത്തി സുരക്ഷിതമെന്ന് വ്യക്തമാകുന്നതോടെ ഒരു സൈറൺ കൂടി മുഴക്കും. തുടർന്ന് ആൽഫാ സെറീന്റെ ഇരട്ട ടവറുകൾ പൊളിക്കും. 12 മണിയോടെ ഗതാഗതം പുനസ്ഥാപിക്കുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതർ അറിയിച്ചിരിക്കുന്നത്.

പൊളിക്കുന്ന ഫ്‌ലാറ്റുകളുടെ നിശ്ചിത പരിധിയിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. ജലഗതാഗതത്തിന് പോലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Top