മരട് ഫ്ളാറ്റ് കേസ്; രണ്ട് പ്രതികള്‍ക്ക് ജാമ്യം, പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം!

കൊച്ചി: മരട് ഫ്ളാറ്റ് കേസിലെ രണ്ട് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു. സുപ്രീം കോടതി വിധി അനുസരിച്ച് മരട് ഫ്‌ലാറ്റുകള്‍ പൊളിക്കാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന സര്‍ക്കാര്‍. അതിനിടെയാണ് ഒന്നാം പ്രതി ഹോളി ഫെയ്ത്ത് ബില്‍ഡേഴ്സ് എം.ഡി സാനി ഫ്രാന്‍സിസിനും മൂന്നാം പ്രതി മരട് പഞ്ചായത്ത് മുന്‍ ജൂനിയര്‍ പ്രസിഡന്റ് പി.ഇ ജോസഫിനും ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

ഒരു ലക്ഷം രൂപയുടെ ബോണ്ടിനും തുല്ല്യതുകയ്ക്കുള്ള രണ്ട് ആള്‍ ജാമ്യത്തിനുമാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. പാസ്പോര്‍ട്ട് ഉണ്ടെങ്കില്‍ ഒരാഴ്ചയ്ക്കകം കോടതിയില്‍ ഹാജരാക്കണം. ഇല്ലെങ്കില്‍ അത് വ്യക്തമാക്കി സത്യവാങ്മൂലം നല്‍കണം.

അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം. കേരളത്തിന് പുറത്ത് പോകരുത്. അന്വേഷണത്തില്‍ ഇടപെടരുത്. പരാതിക്കാരെയും സാക്ഷികളെയും സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കരുത് എന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഒക്ടോബര്‍ 15 നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അന്നുമുതല്‍ പ്രതികള്‍ റിമാന്‍ഡിലായിരുന്നു.

Top