മാര്‍ റാഫേല്‍ തട്ടിലിന്റേത് കാപട്യം നിറഞ്ഞ വാചകക്കസര്‍ത്ത്; സര്‍ക്കുലറിനു വേസ്റ്റ് പേപ്പറിന്റെ വില മാത്രം അല്‍മായ മുന്നേറ്റം

മാര്‍ റാഫേല്‍ തട്ടിലിനെതിരെ അല്‍മായ മുന്നേറ്റം. മാര്‍ റാഫേല്‍ തട്ടിലിന്റേത് കാപട്യം നിറഞ്ഞ വാചകക്കസര്‍ത്താണെന്ന് അല്‍മായ മുന്നേറ്റം ആരോപിച്ചു. മേജര്‍ ആര്‍ച്ച് ബിഷപ്പ് വിശ്വാസികള്‍ക്ക് മുന്നില്‍ അപഹാസ്യനാവുകയാണ് എന്നും അല്‍മായ മുന്നേറ്റം പറഞ്ഞു.ഏകീകൃത കുര്‍ബാനയില്‍ മാര്‍പാപ്പയുടെ ഉത്തരവ് നടപ്പാക്കണമെന്ന് സിറോ മലബാര്‍ സഭ സിനഡ് പറഞ്ഞിരുന്നു. മാര്‍പാപ്പയുടെ വിഡിയോ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സിനഡ് രേഖാമൂലം സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. എറണാകുളം അങ്കമാലി അതിരൂപതയിലെ എല്ലാ പള്ളികളിലും ഏകീകൃത കുര്‍ബാന അര്‍പ്പിക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. സഭയിലെ എല്ലാ ബിഷപ്പുമാരും ഒപ്പിട്ട സര്‍ക്കുലര്‍ അടുത്ത ഞായറാഴ്ച എല്ലാ പള്ളികളിലും വായിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പ് ചുമതല ഏറ്റശേഷം ഉള്ള ആദ്യ സര്‍ക്കുലര്‍ ആണിത്.

ചുമതലയേറ്റ ശേഷം നടത്തിയ പ്രസംഗം ഓഡിയന്‍സിനെ കയ്യില്‍ എടുക്കാന്‍ വേണ്ടിയാണ്. സര്‍ക്കുലറിനു വേസ്റ്റ് പേപ്പറിന്റെ വില മാത്രം. ഏകീകൃത കുര്‍ബാനയുമായി ബന്ധപ്പെട്ട് മുന്‍പത്തെക്കാള്‍ വലിയ പ്രതിഷേധം നേരിടേണ്ടി വരുമെന്നും അല്‍മായ മുന്നേറ്റം മുന്നറിയിപ്പ് നല്‍കുന്നു.ഷംഷാബാദു രൂപത ബിഷപ്പാണ് നിലവില്‍ റാഫേല്‍ തട്ടില്‍. സഭയ്ക്ക് അനുയോജ്യനായ ബിഷപ്പാണ് റാഫേല്‍ തട്ടിലെന്ന് സ്ഥാനമൊഴിഞ്ഞ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പറഞ്ഞു. രഹസ്യ ബാലറ്റിലൂടെ നടത്തിയ വോട്ടെടുപ്പിലൂടെയാണ് തെരഞ്ഞെടുപ്പ് നടന്നത്. വത്തിക്കാനിലും സിറോ മലബാര്‍ സഭയുടെ ആസ്ഥാനമായ കാക്കനാട്ടെ സെന്റ് തോമസ് മൗണ്ടിലും ഒരേ സമയമായിരുന്നു പ്രഖ്യാപനം.കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പിന്‍ഗാമിയായി സിറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പായി മാര്‍ റാഫേല്‍ തട്ടിലിനെ തെരഞ്ഞെടുത്തിരുന്നു. ഈ മാസം 9ന് സഭാ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ നടന്ന സിനഡ് യോഗത്തിലാണ് പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തിരഞ്ഞെടുത്തത്.

Top