ഇങ്ങനെയും വിദ്യാർത്ഥി നേതാക്കളുണ്ട്, യൂണിയൻ ചെയർമാൻ ഹോട്ടൽ സപ്ലയർ !

ലാലയ രാഷ്ട്രീയത്തിനെതിരെ ഉറഞ്ഞ് തുള്ളുന്നവര്‍ കണ്ണ് തുറന്ന് കാണണം, അടിമാലിയിലെ ഈ കാഴ്ച.

പഠനവും രാഷ്ട്രീയവും ജോലിയും ഒരുമിച്ച് കൊണ്ടു പോകുന്ന മാര്‍ ബസേലിയോസ് യൂണിയന്‍ ചെയര്‍മാന്‍ അജ്മല്‍ ഇന്ന് വിദ്യാര്‍ത്ഥികളുടെ അഭിമാനമാണ്.

എസ്.എഫ്.ഐ അടിമാലി ഏരിയാ പ്രസിഡന്റുകൂടിയായ അജ്മല്‍, പഠിത്തവും സംഘടനാ പ്രവര്‍ത്തനവും കഴിഞ്ഞ് നേരെയെത്തുന്നത് സഫയര്‍ ഹോട്ടലിലാണ്. പിന്നെ അവിടെയാണ് ജോലി. ‘തനിക്ക് ഭക്ഷണം വിളമ്പിയത് കോളജ് യൂണിയന്‍ ചെയര്‍മാനാണെന്ന് അറിഞ്ഞ്’ ഞെട്ടിയത് ദേവികുളം പഞ്ചായത്ത് പ്രസിഡന്റ് സുരേഷാണ്. അദ്ദേഹം തന്നെയാണ് ഈ വിവരം ഫെയ്‌സ് ബുക്കിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.

ബി.ബി.എ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ അജ്മല്‍ വൈകീട്ട് ക്ലാസ് അവസാനിച്ചാല്‍ ഹോട്ടലില്‍ ജോലിക്ക് കയറും. രാത്രി വൈകുവോളം പിന്നെ ഈ ഹോട്ടലില്‍ സപ്ലയറായാണ് ജോലി.

കാമ്പസിലെ തീപ്പൊരി നേതാവായ ചെയര്‍മാന്‍ ഭക്ഷണം വിളമ്പുന്നത് കണ്ട് ആ കോളജിലെ വിദ്യാര്‍ത്ഥികളടക്കം അത്ഭുതപ്പെട്ടിട്ടുണ്ട്. രക്ഷിതാക്കളുമൊത്ത് ഭക്ഷണം കഴിക്കാന്‍ വന്ന കുട്ടികള്‍ അപ്രതീക്ഷിതമായി ചെയര്‍മാന്റെ പുതിയ വേഷം കണ്ട് ഞെട്ടിയ നിരവധി സംഭവങ്ങളുമുണ്ട്.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ ഇറങ്ങരുതെന്ന് ഉപദേശിച്ച് മക്കളെ കാമ്പസില്‍ വിടുന്ന രക്ഷിതാക്കളുടെ മനം മാറ്റിയ കാഴ്ചയായിരുന്നു അത്.

പഠിക്കുക പോരാടുക എന്നതാണ് എസ്.എഫ്.ഐ മുന്നോട്ട് വയ്ക്കുന്ന മുദ്രാവാക്യം.ഇതോടൊപ്പം ‘ജോലി ചെയ്യുക’ എന്ന വാക്കുകൂടി എഴുതി ചേര്‍ത്തിരിക്കുകയാണിപ്പോള്‍ അജ്മല്‍. വിപ്ലവ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തെ സംബന്ധിച്ച് ഏറെ ആവേശം പകരുന്ന കാഴ്ചയാണിത്.

പഠനവും രാഷ്ട്രീയവും ജോലിയും ഒരിമിച്ച് കൊണ്ടുപോകാന്‍ മറ്റൊന്നും തന്നെ അജ്മലിന് തടസ്സമല്ല.

ഹോട്ടല്‍ സപ്ലയര്‍ ജോലി കുറച്ചിലായി അവന് തോന്നുന്നുമില്ല. കോളജ് യൂണിയന്‍ ചെയര്‍മാന്‍ എന്നതിനേക്കാള്‍ താന്‍ ഒരു എസ്.എഫ്.ഐക്കാരന്‍ ആയതിലാണ് അജ്മലിന് അഭിമാനമുള്ളത്. അതു കൊണ്ട് തന്നെ ഏത് ജോലിയും ചെയ്യാന്‍ ഒരു മടിയുമില്ല.

ഈ ആധുനിക കാലഘട്ടത്തിലും പച്ചയായ മനുഷ്യനായി പാവങ്ങളുടെ വികാരങ്ങള്‍ക്കൊപ്പം നില്‍ക്കാനാണ് അജ്മല്‍ ഇഷ്ടപ്പെടുന്നത്. തന്റെ സംഘടന, തനിക്ക് പകര്‍ന്ന് തന്നെ ഊര്‍ജവും അതു തന്നെയാണെന്നാണ് അവന്‍ സാക്ഷ്യപ്പെടുത്തുന്നത്.

ഇവിടെ എസ്.എഫ്.ഐ എന്ന വിദ്യാര്‍ത്ഥി സംഘടനയെയാണ് നാം അഭിനന്ദിക്കേണ്ടത്.

എസ്.എഫ്.ഐയെ അക്രമകാരികളും ക്രിമിനലുകളുമായി ചിത്രീകരിക്കുന്ന കുത്തക മാധ്യമങ്ങള്‍ ശരിക്കും കണ്ണ് തുറന്ന് നോക്കേണ്ടത് അടിമാലിയിലേക്കാണ്.

ഇത്തരം കാഴ്ചകളൊന്നും നിങ്ങളുടെ ക്യാമറക്കണ്ണുകള്‍ കാണില്ല. നിങ്ങള്‍ക്ക് വേണ്ടത് സെന്‍സേഷനാണ്. ചുവപ്പിനെ പ്രതിക്കൂട്ടിലാക്കുന്ന വാര്‍ത്തകളാണ് നിങ്ങളുടെയെല്ലാം ഇന്ധനം. അത് ലഭിച്ചില്ലങ്കില്‍ വളച്ചൊടിച്ച് സൃഷ്ടിക്കാനും മിടുക്കരാണ് ഇവിടുത്തെ മാധ്യമ പ്രവര്‍ത്തകര്‍.

യൂണിവേഴ്‌സിറ്റി കോളജ് മുതല്‍ കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയും മഹാരാജാസും വരെ അതിന് ഉദാഹരണങ്ങള്‍ നിരവധിയുണ്ട്.

ഇവിടങ്ങളിലെ ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ വളച്ചൊടിച്ച് എസ്.എഫ്.ഐയെ ഭീകര സംഘടനയാക്കിയാണ് മാധ്യമങ്ങള്‍ ചിത്രീകരിച്ചിരുന്നത്.

അന്തി ചര്‍ച്ചകളില്‍ സകല കമ്യൂണിസ്റ്റ് വിരുദ്ധരെയും വിളിച്ചിരുത്തി എസ്.എഫ്.ഐയുടെ ‘ശവദാഹം’ നടത്താനും ‘ചാനല്‍ ജഡ്ജിമാര്‍’ മത്സരിച്ചു.

ഇതിനുള്ള മറുപടികൂടിയാണ് കഴിഞ്ഞ കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ വിദ്യാര്‍ത്ഥികള്‍ നല്‍കിയിരിക്കുന്നത്.

സംസ്ഥാനത്തെ ബഹുഭൂരിപക്ഷം കോളജുകളും തൂത്ത് വാരിയത് എസ്.എഫ്.ഐയാണ്. അതും ഒറ്റയ്ക്ക്. 14,22,223 ആണ് കേരളത്തിലെ മാത്രം എസ്എഫ്‌ഐയുടെ അംഗസംഖ്യ. മറ്റൊരു വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും സ്വപ്‌നം കാണാന്‍ പോലും കഴിയാത്ത നേട്ടങ്ങളാണിത്.

പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടെ സ്ഥിതിയാണ് ഏറെ പരിതാപകരം. മാധ്യമങ്ങള്‍ ഇത്രയൊക്കെ സഹായിച്ചിട്ടും പരാജയത്തിന്റെ എരിതീയിലാണ് അവര്‍ വെന്തുരുകിയത്. വിദ്യാര്‍ത്ഥി സംഘടന രംഗത്തെ ഈ തിരിച്ചടി കോണ്‍ഗ്രസ്സും ലീഗും അഭിമുഖീകരിക്കുന്ന മറ്റൊരു പ്രധാന വെല്ലുവിളിയാണ്.

പൗരത്വ ഭേദഗതിക്കെതിരെ ആദ്യം പ്രതിഷേധ കൊടുങ്കാറ്റുയര്‍ത്തിയത് എസ്.എഫ്.ഐയാണ്. കാമ്പസുകളില്‍ നിന്നും തെരുവിലേക്കാണ് അവര്‍ പ്രതിഷേധം പടര്‍ത്തിയത്. അന്തംവിട്ട് നോക്കി നില്‍ക്കാന്‍ മാത്രമേ കെ.എസ്.യുവിനും എം.എസ്.എഫിനും കഴിഞ്ഞിരുന്നുള്ളൂ.

മാധ്യമങ്ങളിലൂടെയായിരുന്നു പ്രതിപക്ഷ സംഘടനകള്‍ സമരം നടത്തിയിരുന്നത്. ക്യാമറക്കണ്ണുകള്‍ക്ക് മുന്നില്‍ നടത്തിയ ആ പ്രതിഷേധങ്ങളാവട്ടെ വലിയ പ്രഹസനവുമായിരുന്നു. മനുഷ്യ ഭൂപടം പോലും വെറും ‘പടമായാണ്’ മാറിയത്.

അതേസമയം പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് എസ്.എഫ്.ഐ സംഘടിപ്പിച്ച ലോംഗ് മാര്‍ച്ചില്‍ പങ്കെടുത്തിരുന്നത്. സി.എ.എക്ക് എതിരെ രാജ്യത്തെ കാമ്പസുകളില്‍ എസ്.എഫ്.ഐ ഉയര്‍ത്തിയത് വന്‍ പ്രതിഷേധ കൊടിയാണ്. ഡല്‍ഹി ജെ.എന്‍.യു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷെ ഘോഷിനും ക്രൂരമായി മര്‍ദ്ദനമേല്‍ക്കുകയുണ്ടായി.

എസ്.എഫ്.ഐക്കാരിയായ ഈ പെണ്‍കുട്ടിയെ സന്ദര്‍ശിക്കാന്‍ പോയ കോണ്‍ഗ്രസ്സ് നേതാക്കളും വില കുറഞ്ഞ രാഷ്ട്രീയമാണ് കളിച്ചിരുന്നത്. മാധ്യമങ്ങളില്‍ വാര്‍ത്ത വരിക എന്നതില്‍ അപ്പുറം മറ്റൊന്നും കോണ്‍ഗ്രസ്സോ യു.ഡി.എഫോ ചിന്തിച്ചിരുന്നില്ല.

കേരളത്തില്‍ മനുഷ്യ മഹാശൃംഖല സംഘടിപ്പിച്ചപ്പോള്‍ അതിനു പോലും പാരവയ്ക്കാനാണ് അവര്‍ ശ്രമിച്ചത്.

80 ലക്ഷത്തോളം പേര്‍ പങ്കെടുത്ത ഈ മനുഷ്യശൃംഖലയാണ് രാജ്യത്ത് നടന്ന ഏറ്റവും വലിയ പ്രതിഷേധം. വിദ്യാര്‍ത്ഥികള്‍ മുതല്‍ വൃദ്ധര്‍വരെ, ജാതിക്കും മതത്തിനും അതീതമായാണ് ശൃംഖലയില്‍ കണ്ണികളായിരുന്നത്.

മനുഷ്യശൃംഖലയില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കാന്‍ എസ്.എഫ്.ഐ ശ്രമിച്ചപ്പോള്‍, അതിനെതിരെയാണ് എം.എസ്.എഫും, കെ.എസ്.യുവും പ്രവര്‍ത്തിച്ചിരുന്നത്. ഉള്ള സ്വാധീനം പോലും ഇല്ലാതാക്കുന്ന നടപടിയാണ് ഇതിലൂടെ ഈ സംഘടനകള്‍ വരുത്തി വച്ചിരിക്കുന്നത്.

ഒരു കാലത്ത് കേരളത്തിലെ കാമ്പസുകള്‍ അടക്കിവാണ യു.ഡി.എഫ് വിദ്യാര്‍ത്ഥി സംഘടനകള്‍ നിലവില്‍ ശരശയ്യയിലാണുള്ളത്. ഇവരുടെ സംഘടനാ സംവിധാനം തന്നെ ആകെ താറുമാറായി കിടക്കുകയാണ്.

കാമ്പസുകളില്‍ ആര് നേതാവാകണം എന്ന് പോലും തീരുമാനിക്കുന്നത് യു.ഡി.എഫ് നേതാക്കളാണ്. കോണ്‍ഗ്രസ്സ് – ലീഗ് താല്‍പ്പര്യങ്ങളാണ് കെ.എസ്.യുവിലും എം.എസ്.എഫില്‍ പോലും നടപ്പാക്കപ്പെടുന്നത്.

നേതാക്കളുടെ മക്കള്‍, സമുദായ പ്രമാണിമാരുടെ മക്കള്‍, സമ്പന്നരുടെ മക്കള്‍ എന്നിവര്‍ക്കാണ് ഈ സംഘടനകളില്‍ മുന്‍ഗണന. വിദ്യാര്‍ത്ഥികളുടെ പ്രശ്‌നമല്ല, സ്വന്തം കാര്യത്തിലാണ് ഇവര്‍ക്കെല്ലാം ആധിയുള്ളത്.

ഇത്തരം പ്രവര്‍ത്തികള്‍കൊണ്ട് തന്നെയാണ് കാമ്പസുകളില്‍ നിന്നും യു.ഡി.എഫ് വിദ്യാര്‍ത്ഥി സംഘടനകള്‍ തൂത്തെറിയപ്പെടുന്നത്.

അജ്മലിനെ പോലെയുള്ള ഒരു വിദ്യാര്‍ത്ഥിയെ നേതൃരംഗത്ത് ഇവര്‍ക്കൊന്നും സ്വപ്നത്തില്‍ പോലും ഉള്‍ക്കൊള്ളാന്‍ കഴിയുകയില്ല.

കാമ്പസിന്റെ മനസ്സറിഞ്ഞാണ് എസ്.എഫ്.ഐ മുന്നോട്ട് പോകുന്നത്. അതു തന്നെയാണ് അവരുടെ വിജയ കുതിപ്പിന്റെയും അടിസ്ഥാനം.

ഇന്ന് കേരളത്തിലെ മുഴുവന്‍ സര്‍വ്വകലാശാലാ യൂണിയനുകളും ഭരിക്കുന്നതും എസ്.എഫ്.ഐയാണ്. ഐ.ടി.ഐ, പോളിടെക്കനിക്കുകളിലെ ആധിപത്യവും ചോദ്യം ചെയ്യപ്പെടാത്തതാണ്.മെഡിക്കല്‍ – എഞ്ചിനിയറിംഗ് മേഖലകളിലും സമ്പൂര്‍ണ്ണ ആധിപത്യമാണ് എസ്.എഫ്.ഐക്കുള്ളത്. ഇവിടെയെല്ലാം പണക്കാരനെന്നോ, പാവങ്ങളെന്നോ ഭേദമില്ലാതെയാണ് എസ്.എഫ്.ഐക്ക് കീഴില്‍ വിദ്യാര്‍ത്ഥികള്‍ അണിനിരന്നിരിക്കുന്നത്.

ജാതി – മത – വര്‍ണ്ണ വേര്‍തിരിവും, സാമ്പത്തിക താല്‍പര്യങ്ങളും എസ്.എഫ്.ഐക്കില്ല. അതുകൊണ്ടു തന്നെയാണ് അജ്മലിനെ പോലുള്ളവര്‍ കോളജ് യൂണിയന്‍ ചെയര്‍മാനായി നിയോഗിക്കപ്പെട്ടിരിക്കുന്നത്.

ഒരു കണക്കെടുപ്പ് നടത്തിയാല്‍, ഏറ്റവും അധികം പാവപ്പെട്ട വിദ്യാര്‍ത്ഥികളെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നത് എസ്.എഫ്.ഐ ആണെന്ന് വ്യക്തമാകും.

അത് സംഘടനാ രംഗത്തായാലും വിദ്യാര്‍ത്ഥികളുടെ പൊതു ജനാധിപത്യ വേദികളിലായാലും അങ്ങനെ തന്നെയാണ്. അതിലെ ഒരു കണ്ണിയാണ് അജ്മല്‍. പഠനത്തോടും പോരാട്ടത്തോടും ഒപ്പം ഹോട്ടലിലെ സപ്ലൈയര്‍ ജോലി കൂടി ചെയ്യുന്നതാണ് അജ്മലിനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്.

ഇത്തരം വിദ്യാര്‍ത്ഥി നേതാക്കളെയാണ് പൊതു രാഷ്ട്രീയ മേഖലക്കും ആവശ്യമായിട്ടുള്ളത്. അതിന് പുരോഗമന പ്രസ്ഥാനങ്ങളെല്ലാം മുന്‍കൈ എടുക്കുകയാണ് ഇനി വേണ്ടത്.

Political Reporter

Top