മാവോയിസ്റ്റ് വേട്ട; ജാഗ്രത പാലിക്കാൻ പൊലീസിന് ഐ.ബിയുടെ മുന്നറിയിപ്പ് !

മാവോയിസ്റ്റുകള്‍ വീണ്ടും എത്തിയത് പകരം ചോദിക്കാനോ ? വൈത്തിരി റിസോര്‍ട്ടില്‍ മാവോയിസ്റ്റുകള്‍ പൊലീസിന് നേരെ പോലും വെടിവയ്പ് നടത്താന്‍ തുനിഞ്ഞതാണ് ഈ സംശയത്തിന് കാരണം. മാവോയിസ്റ്റ് നേതാവ് കുപ്പുദേവരാജിനേയും ലതയെയും നിലമ്പൂര്‍ കാട്ടില്‍ വെടിവച്ച് കൊന്നതിന് തിരിച്ചടി ഉണ്ടാകുമെന്ന കണക്ക് കുട്ടലില്‍ തന്നെയാണ് ഇപ്പോഴും പൊലീസ് മുന്നോട്ട് പോകുന്നത്. ഈ രണ്ട് നേതാക്കളും കൊല്ലപ്പെട്ട ശേഷം മാവോയിസ്റ്റ് ഓപ്പറേഷന് നേതൃത്വം കൊടുത്ത ഐ.പി.എസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. പുതിയ സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദ്ദേശം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഓപ്പറേഷനില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്.

വയനാട്, മലപ്പുറം, കാസര്‍ഗോഡ്, പാലക്കാട്, കണ്ണൂര്‍, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ രഹസ്യാന്വേഷണ വിഭാഗവും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.വനപ്രദേശത്തോട് ചേര്‍ന്ന് കിടക്കുന്ന പൊലീസ് സ്റ്റേഷനുകള്‍,ഫോറസ്റ്റ് ഓഫീസ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജാഗ്രത വേണമെന്നതാണ് മറ്റൊരു പ്രധാന നിര്‍ദേശം.ലോകസഭ തിരഞ്ഞെടുപ്പ് കൂടി പരിഗണിച്ച് നേതാക്കളും മന്ത്രിമാരും മാവോയിസ്റ്റ് സാന്നിധ്യമേഖലകളില്‍ പര്യടനം നടത്തുമ്പോള്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഉത്തരേന്ത്യന്‍ മാതൃകയില്‍ എന്തും ചെയ്യാന്‍ മടിക്കാത്ത രീതിയിലേക്ക് കേരളത്തിലും മാവോയിസ്റ്റുകള്‍ മാറുമോ എന്ന ആശങ്ക പരക്കെ ഉയര്‍ന്നു കഴിഞ്ഞു. പൊലീസിനോ വനപാലകര്‍ക്കുനേരെയോ ആക്രമണമോ ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോവുകയോ ചെയ്യാനിടയുണ്ടെന്ന മുന്നറിയിപ്പ് നേരത്തെ കേന്ദ്ര ഐ.ബി സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്കു നല്‍കിയിരുന്നു.

സി.ആര്‍.പി എഫ് ജവാന്‍മാരുമായി നേരിട്ട് ഏറ്റുമുട്ടുന്ന മാവോയിസ്റ്റ് ശൈലിയെയാണ് വൈത്തിരിയിലെ വെടിവയ്പിനെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ താരതമ്യം ചെയ്യുന്നത്. വെടിവയ്പ്പില്‍ ഒരു മാവോയിസ്റ്റ് മരിച്ചെന്നും രണ്ട് മാവോയിസ്റ്റുകള്‍ക്ക് വെടിയേറ്റതായുമാണ് പുറത്ത് വരുന്ന വിവരം. മണിക്കൂറുകളോളം നീണ്ടു നിന്ന വെടിവയ്പില്‍ നിരവധി പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. വൈത്തിരി ലക്കിടിക്കു സമീപം ഉപവന്‍ റിസോര്‍ട്ടില്‍ രാത്രി എട്ടുമണിയോടെ എത്തിയ മാവോയിസ്റ്റ് സംഘം 50,000 രൂപയും 10 പേര്‍ക്ക് ഭക്ഷണവും ആവശ്യപ്പെടുകയായിരുന്നു. ജീവനക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ആദ്യം ലോക്കല്‍ പൊലീസാണ് സ്ഥലത്തെത്തിയത്. ഇതിന് ശേഷം വിവരമറിഞ്ഞ് തണ്ടര്‍ബോള്‍ട്ട് സേനയും എത്തി റിസേര്‍ട്ടും പരിസരവും വളയുകയായിരുന്നു. ഇതോടെയാണ് രൂക്ഷമായ വെടിവയ്പ്പ് തുടങ്ങിയത്. ഇതിനിടെ ചില മാവോയിസ്റ്റുകള്‍ കാട്ടിലേക്ക് രക്ഷപ്പെട്ടു. എത്ര മാവോയിസ്റ്റുകള്‍ ഇപ്പോള്‍ വയനാട് കാട്ടിലുണ്ട് എന്നതിനെ കുറിച്ച് പൊലീസിനും വ്യക്തമായ ധാരണ ഇല്ലാത്ത സഹചര്യമാണ് ഉള്ളത്. അക്രമികള്‍ക്കായി തണ്ടര്‍ ബോള്‍ട്ട് വ്യാപകമായ തിരച്ചില്‍ തുടരുന്നുണ്ട്.

നിലമ്പൂര്‍ കരുളായി വനത്തില്‍ ഉണക്കപ്പാറയില്‍ 2016 നവംബര്‍ 24 ന് നടന്ന വെടിവയ്പിലാണ് പ്രമുഖ മാവോയിസ്റ്റ് നേതാവ് കുപ്പുദേവരാജിനേയും അനുയായി അജിതയെയും കൊലപ്പെടുത്തിയത്
. എ.കെ 47 തോക്ക് പോലുള്ള അത്യാധുനിക ആയുധങ്ങള്‍ കേരളത്തിലും മാവോയിസ്റ്റുകള്‍ ഉപയോഗിക്കുന്നത് അന്നാണ് പൊലീസിന് പോലും മനസ്സിലാക്കാന്‍ സാധിച്ചത്. 11 പേരായിരുന്ന നിലമ്പൂരില്‍ ഏറ്റുമുട്ടല്‍ നടക്കുമ്പോള്‍ മാവോയിസ്റ്റ് സംഘത്തില്‍ ഉണ്ടായിരുന്നത്. ഉന്നത മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡയും സംഘത്തില്‍ ഉണ്ടായതായ സംശയവും പൊലീസിനുണ്ടായിരുന്നു.

ആന്ധ്ര, തമിഴ്‌നാട് , കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ള മാവോയിസ്റ്റുകള്‍ക്ക് പുറമെ ഉത്തരേന്ത്യയിലെ മാവോയിസ്റ്റ് പ്രമുഖരും കേരളത്തില്‍ എത്തിയിട്ടുണ്ടോ എന്ന കാര്യത്തിലും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന് പോലും വലിയ ധാരണയില്ല. ഇക്കാര്യത്തില്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിവരങ്ങളെയാണ് സംസ്ഥാന പൊലീസും ആശ്രയിക്കുന്നത്. ഈ രണ്ട് സംഭവങ്ങളിലായി വലിയ മുറിവേറ്റ മാവോയിസ്റ്റുകള്‍ ശക്തമായി തിരിച്ചടിക്കാന്‍ സാധ്യത ഉണ്ടെന്ന കണക്ക്ക്കുട്ടലില്‍ തന്നെയാണ് ഇപ്പോള്‍ പൊലീസിന്റെ മുന്‍ കരുതല്‍.

തമിഴ്‌നാട്, കര്‍ണാടക, കേരള അതിര്‍ത്തിയായ നാടുകാണിയിലെ ട്രൈ ജംങ്ഷനില്‍ വരാഹി ദളമെന്ന പുതിയ ദളത്തിനും രൂപം നല്‍കിയാണ് പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ലാ ആര്‍മിയുടെ നേതൃത്വത്തില്‍ മാവോയിസ്റ്റുകള്‍ തിരിച്ചടിക്ക് സജ്ജരായി നില്‍ക്കുന്നതെന്ന് നേരത്തെ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ മുന്നറിയിപ്പ് നല്‍കിയിരുന്നു. നൂറോളം സായുധരായ മാവോയിസ്റ്റുകളാണ് നിലമ്പൂര്‍, വയനാട്, വനമേഖലകളിലേക്ക് പുതുതായി എത്തിയതെന്നാണ് ഐബിയുടെ മുന്നറിയിപ്പ്. ദണ്ഡകാരണ്യ വനമേഖലയില്‍ സി.ആര്‍.പി.എഫ് സൈനികരെ കൊന്നൊടുക്കി ആയുധങ്ങള്‍ പിടിച്ചെടുക്കുകയും മികച്ച യുദ്ധപരിശീലനം നേടിയവരുമായ സംഘം കുപ്പുദേവരാജിന്റെ കൊലപാതകത്തിന് പകരം ചോദിക്കാന്‍ എത്തിയതായും രഹസ്യാന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നുണ്ട്.

പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കേന്ദ്ര കമ്മിറ്റി അംഗം കുപ്പുദേവരാജിന്റെ ജീവന്‍ നഷ്ടമായത് ഗുരുതരമായ സുരക്ഷാപിഴവായാണ് സി.പി.ഐ മാവോയിസ്റ്റ് വിലയിരുത്തുന്നത്. ബേസ് ക്യാമ്പിനു ചുറ്റും മൈനുകള്‍ വിന്യസിച്ച് പൊലീസിനെ നേരിടാനുള്ള മുന്‍കരുതല്‍ സ്വീകരിക്കാത്തതാണ് ബേസ് ക്യാമ്പ് വളഞ്ഞ് വെടിവെക്കാന്‍ പോലീസിനെ സഹായിച്ചത്. ഈ പിഴവ് ആവര്‍ത്തിക്കാതിരിക്കാന്‍ നിലമ്പൂര്‍ കാട്ടില്‍ പൂക്കോട്ടുംപാടം കോട്ടക്കല്ലില്‍ രണ്ടു ക്യാമ്പുകള്‍ക്കും ചുറ്റും മൈനുകള്‍ വിന്യസിച്ചിട്ടുണ്ടെന്നാണ് ആദിവാസികള്‍ വഴി പൊലീസിനു ലഭിച്ചിരുന്ന വിവരം. ഇതിനു പുറമെ വയനാട്ടിലും പുതിയ മാവോയിസ്റ്റ് ബേസ് ക്യാമ്പ് തുടങ്ങിയിരുന്നു. ഇവിടെ നിന്നുള്ള സംഘമാണ് ഇപ്പേള്‍ വൈത്തരിയില്‍ എത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.

കുപ്പുദേവരാജിന്റെ മരണത്തെ തുടര്‍ന്ന് മാവോയിസ്റ്റ് വേട്ടക്കായി നിലമ്പൂരിലെത്തിയ കേന്ദ്ര സേന കേരള പൊലീസിനൊപ്പം രണ്ടു ദിവസം കാടുകയറിയെങ്കിലും മാവോയിസ്റ്റുകളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെ പൊലീസ് സംഘത്തെ ഞെട്ടിച്ച് നിലമ്പൂര്‍ വനത്തില്‍ വഴിക്കടവിലെ മരുതയിലും പോത്തുകല്ലിലെ മലവാരത്തും മാവോയിസ്റ്റ് സംഘങ്ങളെത്തി. വയനാട്ടിലെ മുണ്ടക്കൈ വനമേഖലയിലും മാവോയിസ്റ്റ് സംഘം എത്തി. നിലമ്പൂര്‍ ഏറ്റുമുട്ടലിനു ശേഷം നഗരങ്ങളിലെ മാവോയിസ്റ്റ് അര്‍ബന്‍ സെല്ലുകളും സജീവമാണ്.

മാവോയിസ്റ്റ് ആക്രമണങ്ങള്‍ പരിചിതമല്ലാത്ത കേരളത്തില്‍ അടിക്കടി വെടിവയ്പുകള്‍ അരങ്ങേറുന്നത് ജനങ്ങളിലും പരിക്കെ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. കാട്ടിലെ നിരീക്ഷണത്തിനായി ഹെലികോപ്റ്റര്‍ ഉള്‍പ്പെടെയുള്ള ആധുനിക സംവിധാനങ്ങള്‍ വേണമെന്ന നിര്‍ദ്ദേശം പൊലീസിന്റെ ഭാഗത്തു നിന്നും ഉയര്‍ന്നിട്ടുണ്ട്. മാവോയിസ്റ്റ് സാന്നിധ്യ ജില്ലകളെ ഉള്‍പ്പെടുത്തി പ്രത്യേക പൊലീസ് റെയ്ഞ്ച് രൂപീകരിക്കണമെന്ന നിര്‍ദ്ദേശവും സര്‍ക്കാര്‍ പരിഗണനയിലാണ്.

Top