Maoists;Police got images about Kuppudevraj with AK 47 gun

ബംഗളുരു: നിലമ്പൂര്‍ കരുളായി വനത്തില്‍ കൊല്ലപ്പെട്ട സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം കുപ്പുദേവരാജുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വിവരം കര്‍ണ്ണാടക പൊലീസ് കേരള പൊലീസിന് കൈമാറും.

വനത്തില്‍ ഇരുപതോളം മാവോയിസ്റ്റുകള്‍ക്കിടയില്‍ എകെ 47 തോക്കും പിടിച്ച് ദേവരാജനും അജിതയും നില്‍ക്കുന്ന ദൃശ്യമാണ് കൈമാറുന്നത്.

നേരത്തെ കര്‍ണ്ണാടക സ്‌പെഷ്യല്‍ ഫോഴ്‌സിന്റെ പിടിയിലായ മാവോയിസ്റ്റില്‍ നിന്ന് കണ്ടെടുത്ത ലാപ്‌ടോപ്പിലേതാണ് ദൃശ്യങ്ങള്‍.കര്‍ണ്ണാടകയിലെ മലനാട് മേഖലയില്‍ 17 മാവോയിസ്റ്റുകളാണ് കര്‍ണ്ണാടക പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ മാത്രം കൊല്ലപ്പെട്ടിരുന്നത്.

കേരളത്തിലെ വനങ്ങള്‍ കേന്ദ്രീകരിച്ച് മാവോയിസ്റ്റുകള്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നതിന്റെ തെളിവായി ആയുധങ്ങള്‍ സഹിതമുള്ള മാവോയിസ്റ്റുകളുടെ
ദൃശ്യങ്ങള്‍ സംസ്ഥാന പൊലീസ് ഉപയോഗപ്പെടുത്തുമെന്നാണ് സൂചന.

പ്രസ്തുത ദൃശ്യങ്ങള്‍ അടങ്ങിയ ലാപ്‌ടോപ്പ് കര്‍ണ്ണാടക പൊലീസ് കോടതിയില്‍ കൊടുത്തതിനാല്‍ അത് വിട്ടുകിട്ടുന്നതിനാവശ്യമായ നടപടികളും കേരള പൊലീസ് ആരംഭിച്ചിട്ടുണ്ട്.

നിരായുധരായ കുപ്പുദേവരാജിനെയും അജിതയെയും പൊലീസ് ഏകപക്ഷീയമായി വെടിവെച്ച് കൊല്ലുകയായിരുന്നുവെന്ന മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വാദം പൊലീസിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ പ്രസ്തുത ദൃശ്യങ്ങള്‍ കേരള പൊലീസിന് പിടിവള്ളിയാകും. മാവോയിസ്റ്റുകള്‍ പൊലീസിന് നേരെ വെടിവച്ചപ്പോള്‍ തിരിച്ച് വെടിവെയ്‌ക്കേണ്ടി വന്നുവെന്ന പൊലീസിന്റെ വാദത്തിന് ബലമേകുന്നതാണിത്.

അതേസമയം ഇടത് ഘടകകക്ഷിയായ സിപിഐ ദേശീയ കൗണ്‍സില്‍ അംഗം ബിനോയ് വിശ്വം കുപ്പുദേവരാജിന് ആദരാഞ്ജലി അര്‍പ്പിച്ച് രംഗത്ത് വന്നത് ഇടത് മുന്നണിക്കകത്തും രൂക്ഷമായ ഭിന്നതക്ക് കാരണമായിട്ടുണ്ട്.

ബിനോയ് വിശ്വത്തിന്റെ നടപടി ശരിയായില്ലെന്ന നിലപാടാണ് സിപിഎം നേതൃത്വത്തിന്. എന്നാല്‍ സിപിഐ നേതൃത്വത്തിന്റെ അറിവോടെയാണ് ബിനോയ് വിശ്വം ആദരാഞ്ജലി സമര്‍പ്പിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം.

വെടിവെപ്പ് നടന്ന സ്ഥലത്ത് നിന്ന് ഒരു പിസ്റ്റള്‍ മാത്രമാണ് പൊലീസിന് കണ്ടെടുക്കാന്‍ കഴിഞ്ഞിരുന്നത്.

മാവോയിസ്റ്റ് കേന്ദ്രകമ്മറ്റി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ എകെ 47 ഉപയോഗിക്കുന്നവരാണ് എന്ന് ചൂണ്ടിക്കാട്ടി ഈ ആധുനിക തോക്കുകള്‍ എവിടെ എന്ന ചോദ്യവും ഉയര്‍ന്നിരുന്നു. കൂടെ ഉണ്ടായിരുന്നവര്‍ ആയുധങ്ങള്‍ എടുത്ത് ഓടി പോവുകയായിരുന്നുവെന്നാണ് ഇതിന് പൊലീസ് നല്‍കിയിരുന്ന വിശദീകരണം.

എകെ 47 തോക്ക് പിടിച്ച് കുപ്പുദേവരാജും സംഘവും നില്‍ക്കുന്ന ദൃശ്യം പുറത്ത് വരുന്നതോടെ പൊലീസിന്റെ വാദം ശരിയാണെന്ന് പ്രത്യക്ഷമായി തന്നെ തെളിയിക്കാന്‍ പറ്റുമെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.

നവംബര്‍ 24നാണ് കരുളായി റേഞ്ചിലെ പടുക്ക വനമേഖലയില്‍ കുപ്പുദേവരാജും അജിതയും കൊല്ലപ്പെട്ടത്. ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞദിവസമാണ് കുപ്പുദേവരാജിന്റെ മൃതദേഹം കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ സംസ്‌കരിച്ചിരുന്നത്.

അജിതയുടെ മൃതദേഹം ഇപ്പോഴും മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അവരോടൊപ്പം ചെന്നൈ ലോ കോളേജില്‍ പഠിച്ച ഭഗസ് സിംങ്ങ്, മണിവേല്‍ തുടങ്ങിയവര്‍ സഹപാഠികളാണ് എന്ന രേഖകള്‍ സഹിതം മൃതദേഹം വിട്ടുകിട്ടുന്നതിനായി അവകാശവാദം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതി അനുകൂല ഉത്തരവ് നല്‍കിയാല്‍ ഉടന്‍ അജിതയുടെ സംസ്‌കാരം സുഹൃത്തുക്കള്‍ തന്നെ നടത്തും. അതല്ലെങ്കില്‍ പൊലീസ് തന്നെ മറ്റ് മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കും.

തിങ്കളാഴ്ച വരെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കുമെന്നാണ് പൊലീസ് വ്യക്തമാക്കിയിട്ടുള്ളത്.

Top