Maoists-practice-Wayanad

മലപ്പുറം: നിലമ്പൂരിന് പുറമെ മാവോയിസ്റ്റ് സംഘം വയനാട്ടിലും സായുധ പരിശീലനം നടത്തിയതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.

പൊലീസ് ഏറ്റുമുട്ടല്‍ നടന്ന വരയന്മലയില്‍ നിന്ന് പിടിച്ചെടുത്ത പെന്‍ ഡ്രൈവില്‍ നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചത്. ഇത് വയനാട് മാനന്തവാടി വനത്തില്‍ നടന്ന മാവോയിസ്റ്റ് പരിശീലന ക്യാംപിലെ ദൃശ്യങ്ങള്‍ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

പട്ടാള ക്യാംപിലെ പരിശീലനത്തിന് സമാനമായി മുട്ടില്‍ ഇഴഞ്ഞുളള പരിശീലനത്തിന്റേതാണ് ദൃശ്യങ്ങള്‍. മൂന്നര അടിയോളം ഉയരത്തില്‍ മുളങ്കൊമ്പ് കൊണ്ട് കെട്ടിയുണ്ടാക്കിയതിന് താഴെ മുട്ടില്‍ ഇഴഞ്ഞാണ് പരിശീലനം. ക്യാംപിലുള്ള മറ്റുള്ളവര്‍ പരിശീലനം നടത്തുന്നവരെ പ്രോല്‍സാഹിപ്പിക്കുന്നുമുണ്ട്.

മൂന്നു ദളങ്ങളിലുള്ള മാവോയിസ്റ്റുകള്‍ ഈ ക്യാംപില്‍ പങ്കെടുത്തുവെന്നാണ് പൊലീസിന്റെ നിഗമനം. മാവോയിസ്റ്റ് സാന്നിധ്യമുള്ള കേരള വനമേഖലയോട് ചേര്‍ന്ന സ്ഥലങ്ങളില്‍ തോക്കും തിരകളും ആവശ്യനുസരണം ലഭ്യമാണ്. എന്നാല്‍ തോക്കും തിരകളും ഈ മാര്‍ഗം സ്വന്തമാക്കുന്നത് സംഘടനക്ക് ചില പരിമിതികള്‍ ഉണ്ടെന്നും നിലമ്പൂരിലെ മാവോയിസ്റ്റ് കേന്ദ്രത്തില്‍ നിന്ന് ലഭിച്ച രേഖകള്‍ പറയുന്നു.

സെപ്തംബര് പത്തിന് കര്‍ണ്ണാടക പൊലീസിന്റെ പിടിയിലായ മാവോയിസ്റ്റ് ചിന്ന രമേശിന്റെ ലാപ്‌ടോപ്പില്‍ നിന്നും ഇതേ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇയാള്‍ പിടിയിലാകുന്നതിന് മുന്‍പ് ഒരുമാസം കേരളത്തിലുണ്ടായിരുന്നു.അപ്പോള്‍ പകര്‍ത്തിയതാകും ദൃശ്യങ്ങളെന്നാണ് പൊലീസ് നിഗമനം.

Top