Maoists murder; Commando protection for CM and IPS-IAS officers

തിരുവനന്തപുരം: കേരള പൊലീസ് സേനയില്‍ സ്വന്തമായി കമാന്‍ഡോ വിഭാഗം രൂപീകരിക്കാന്‍ ആലോചന.

മാവോയിസ്റ്റ് ഭീഷണിയുടെയും ഐ.എസ്. സാന്നിധ്യത്തിന്റെയും പശ്ചാത്തലത്തില്‍ ഉന്നത ഉദ്യോഗസ്ഥരാണ് ഈ ആശയം മുന്നോട്ട് വച്ചിട്ടുളളത്.

നിലവില്‍ മാവോയിസ്റ്റുകളെ നേരിടുന്നതിനായുളള തണ്ടര്‍ ബോള്‍ട്ട് സംഘം മാത്രമാണ് കമാന്‍ഡോ വിഭാഗത്തില്‍പെടുത്താവുന്ന സേനയായി കേരള പൊലീസിന്റെ ഭാഗമായുളളത്. പാലക്കാട്, കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളിലായാണ് തണ്ടര്‍ബോള്‍ട്ടിനെ മാവോയിസ്റ്റ് വേട്ടക്കായി നിയോഗിച്ചിരിക്കുന്നത്.ഉത്തരേന്ത്യയിലെ മാവോയിസ്റ്റ് കേന്ദ്രങ്ങളിലടക്കം വിദഗ്ധ പരിശീലനം നേടിയ സേനാവിഭാഗമാണിത്. എന്‍എസ്ജിയിലെ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലായിരുന്നു പരിശീലനം.

നിലമ്പൂരില്‍ മാവോയിസ്റ്റ് കേന്ദ്ര കമ്മറ്റി അംഗം കുപ്പു ദേവരാജും, അജിതയും വെടിയേറ്റ് മരിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രിയടക്കമുള്ള ഉന്നതര്‍ക്കും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഭീഷണി ഉയര്‍ന്ന പശ്ചാത്തലത്തില്‍ കമാന്‍ഡോ സുരക്ഷ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് ഐ.ബിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കേരളം ആവശ്യപ്പെടുകയാണെങ്കില്‍ എന്‍എസ്ജി കമാന്‍ഡോകളെ നല്‍കാന്‍ തയ്യാറാണെന്ന നിലപാടിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. നിലവില്‍ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ്,ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത തുടങ്ങി രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ക്ക് കമാന്‍ഡോ സുരക്ഷയുണ്ട്. മായാവതിയും മുലായംസിങ്ങുമടക്കമുള്ള മുന്‍മുഖ്യമന്ത്രിമാര്‍ പോലും ഇപ്പോള്‍ എന്‍എസ്ജി കമാന്‍ഡോകളുടെ സുരക്ഷയിലാണ്.

oo

പൊതുവേ ശാന്തമായ അന്തരീക്ഷമുള്ള കേരളത്തില്‍ ഇന്നുവരെ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ക്കോ ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കോ കമാന്‍ഡോ സുരക്ഷ ഏര്‍പ്പെടുത്തേണ്ട സാഹചര്യമുണ്ടായിട്ടില്ല. സെക്രട്ടറിയേറ്റ്, നിയമസഭാ മന്ദിരം, എംഎല്‍എ ഹോസ്റ്റല്‍,കളക്ടറേറ്റുകള്‍ തുടങ്ങിയ ഇടങ്ങളിലെയും സ്ഥിതിയും ഇതുതന്നെയാണ്. കേരള പൊലീസ് സേനാംഗങ്ങളാണ് ഇവിടങ്ങളില്‍ സുരക്ഷാ ഡ്യൂട്ടിയിലുള്ളത്.

എന്നാല്‍ മാവോയിസ്റ്റ് നേതാക്കളുടെ കൊലപാതകത്തോടെ ഇപ്പോള്‍ കേരളവും മാവോയിസ്റ്റ് ഹിറ്റ്‌ലിസ്റ്റിലാണ്.രക്തത്തിന് രക്തം കൊണ്ട് പകരം വീട്ടുന്ന ചരിത്രമാണ് മാവോയിസ്റ്റുകളുടെത്.നൂറുകണക്കിന് പൊലീസുകാരെയും രാഷ്ട്രീയനേതാക്കളെയും ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ അവര്‍ അരുംകൊല ചെയ്തിട്ടുണ്ട്. നിലമ്പൂരില്‍ വീണ ചോരക്ക് പകരം വീട്ടുമെന്ന മാവോയിസ്റ്റുകളുടെ മുന്നറിയിപ്പിനെ അതുകൊണ്ട് തന്നെ ഗൗരവമായാണ് ആഭ്യന്തര വകുപ്പ് കാണുന്നത്.

ഈ സാഹചര്യത്തില്‍ സുരക്ഷാവിന്യാസത്തോട് താല്‍പര്യമില്ലെങ്കിലും മുഖ്യമന്ത്രിക്കും സര്‍ക്കാരിനും കേരള പൊലീസിന്റെയും ഐബിയുടെയും റിപ്പോര്‍ട്ടുകള്‍ പൂര്‍ണ്ണമായും തള്ളി ഇനി മുന്നോട്ട് പോവാന്‍ കഴിയില്ല.

കേന്ദ്രത്തിന്റെ എന്‍.എസ്.ജി കമാന്‍ഡോകളേക്കാള്‍ സ്വന്തം നിലക്ക് കേരള പൊലീസില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് പരിശീലനം നല്‍കി കമാന്‍ഡോ യൂണിറ്റ് രൂപീകരിക്കുകയോ, അതല്ലെങ്കില്‍ തണ്ടര്‍ബോള്‍ട്ടിന്റെ അംഗ സംഖ്യ വര്‍ദ്ധിപ്പിച്ച് അവരെ ഉപയോഗപ്പെടുത്തുകയോ ചെയ്യണമെന്ന നിര്‍ദ്ദേശമാണ് ആഭ്യന്തരവകുപ്പ് പരിഗണിക്കുന്നത്.ഇതിനായി അത്യാധുനിക മെഷിന്‍ ഗണ്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കൂടുതലായി വാങ്ങാനും പദ്ധതിയുണ്ട്.

aa

മുഖ്യമന്ത്രി മുതല്‍ ആര്‍ക്കും ഒരു പൊലീസിന്റെയും സുരക്ഷയില്ലാതെ ധൈര്യമായി സഞ്ചരിക്കാന്‍ പറ്റുന്ന കേരളത്തിലെ സാഹചര്യമാണ് മാവോയിസ്റ്റുകളുടെ മരണത്തോടെ ഇപ്പോള്‍ ആശങ്കയിലായിരിക്കുന്നത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികള്‍ക്കെല്ലാം കനത്ത സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തികൊണ്ടിരിക്കുന്നത്.

ഇതിന് പുറമെ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ, മലപ്പുറം എസ്.പി. ദേബേഷ്‌കുമാര്‍ ബഹ്‌റ തുടങ്ങി ഉന്നത പൊലീസ് ഉദ്യോസ്ഥര്‍ക്കും മാവോയിസ്റ്റ് വേട്ടക്ക് നേതൃത്വം നല്‍കിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ഡിജിപിയുടെയും മലപ്പുറം എസ്പിയുടെയും കളക്ടറുടെയും സ്വദേശം മാവോയിസ്റ്റുകള്‍ക്ക് സ്വാധീനമുള്ള ഒഡീഷയായതിനാല്‍ ജാഗ്രത പാലിക്കാന്‍ പ്രത്യേക നിര്‍ദ്ദേശം തന്നെ നല്‍കിയിട്ടുണ്ട്.

കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ സുരക്ഷാ ഉപദേഷ്ടാവ് വിജയകുമാര്‍ ഒഡീഷ-കേരള ആഭ്യന്തര വകുപ്പുകളുമായി ബന്ധപ്പെട്ട് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായാണ് ലഭിക്കുന്ന സൂചന.

അത്യാധുനിക ആയുധങ്ങളാണ് മാവോയിസ്റ്റുകള്‍ ഉപയോഗിക്കാറുളളത് എന്നതിനാല്‍ കേരള പൊലീസിനും പ്രതിരോധിക്കാന്‍ ആധുനിക സുരക്ഷാ സംവിധാനങ്ങള്‍ അനിവാര്യമാണെന്നാണ് പൊലീസ് തലപ്പത്തെ നിലപാട്.

ഡിജിപി യുടെ റിപ്പോര്‍ട്ട് ലഭിച്ച് കഴിഞ്ഞാലുടന്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കും. വലിയ സാമ്പത്തിക ചിലവുള്ള നടപടിയാണെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ സര്‍ക്കാറിന് മുന്നില്‍ മറ്റ് വഴികളില്ല.

അതേസമയം കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ സംസ്ഥാനത്ത് എന്‍.എസ്.ജി കമാന്‍ണ്ടോകളെ വിട്ടുനല്‍കാന്‍ തയ്യാറെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. ആവശ്യമെന്ന് കണ്ടാല്‍ സി.ആര്‍.പി.എഫിന്റെ സഹായവും ലഭ്യമാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

Top