അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ട: പോലീസ് പുറത്തുവിട്ട ദൃശ്യങ്ങള്‍ വ്യാജമെന്ന്‌ സിപിഐ

തിരുവനന്തപുരം: അട്ടപ്പാടി മഞ്ചിക്കണ്ടി ഉള്‍വനത്തില്‍ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍ നടന്നതിന് തെളിവായി പോലീസ് പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങള്‍ വ്യാജമാണെന്നും ദൃശ്യങ്ങള്‍ കൃത്രിമമായി സൃഷ്ടിച്ചെടുത്തതാണെന്നും സി.പി.ഐ. വെടിവെപ്പ് നടക്കുന്ന സമയത്ത് എല്ലാവരും കമിഴ്ന്ന് കിടക്കുകയാണ് ചെയ്യാറുള്ളത്. ആ സമയത്ത് ആരാണ് നിന്ന് വീഡിയോ പകര്‍ത്തിയതെന്ന് വ്യക്തമാക്കണമെന്ന് സിപിഐ നേതാവ് കെ. പ്രകാശ് ബാബു പറഞ്ഞു. ആ ദൃശ്യങ്ങള്‍ കണ്ടാല്‍ തന്നെ അസ്വാഭാവികത മനസ്സിലാകും. അന്വേഷണത്തിലൂടെ ഇത് കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. മഞ്ചക്കണ്ടിയില്‍ വെടിയ്പ്പ് നടന്ന സ്ഥലം സന്ദര്‍ശിച്ച ശേഷമായിരുന്നു പ്രകാശ് ബാബുവിന്റെ പ്രതികരണം.

മഞ്ചക്കണ്ടിയില്‍ ഏറ്റുമുട്ടല്‍ നടന്നു എന്ന് പറഞ്ഞത് തെറ്റാണെന്ന് തങ്ങള്‍ അവിടെ പോയപ്പോള്‍ ബോധ്യമായി. അവിടുത്തെ ഊര് മൂപ്പനുമായും ആദിവാസികളുമായും സംസാരിച്ചിരുന്നു. അവിടെ കാണുന്ന ഷെഡ്ഡ് മൂന്നോ നാലോ ദിവസത്തിന് മുമ്പ് പോലീസ് നിര്‍മിച്ചതാണ്. മാവോയിസ്റ്റുകള്‍ഉപയോഗിച്ച് വരുന്ന ഷെഡ്ഡാണിതെന്നാണ് പോലീസ് പറഞ്ഞത്. ആഹാരം കഴിച്ച് കൊണ്ടിരിക്കെ മാവോവാദികളെ പോലീസ് വെടിവെച്ചു കൊല്ലുകയായിരുന്നുവെന്നാണ് ഞങ്ങള്‍ക്കവിടെ സന്ദര്‍ശിച്ചപ്പോള്‍ ബോധ്യപ്പെട്ടതെന്നും പ്രകാശ് ബാബു പറഞ്ഞു.

ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്ന മണിവാസകത്തെ കസ്റ്റഡിയില്‍ എടുത്തശേഷമാണ് തണ്ടര്‍ ബോള്‍ട്ട് വധിച്ചതെന്നും പ്രകാശ് ബാബു ആരോപിച്ചു. തണ്ടര്‍ ബോള്‍ട്ട് ആദിവാസി സ്ത്രീകളെ ദേഹപരിശോധന നടത്തുകയാണ്. ആദിവാസികള്‍ ഭയപ്പാടിലാണ് കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിനെയടക്കം പോലീസ് തെറ്റിദ്ധരിപ്പിക്കുകയാണ്. പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഏറ്റുമുട്ടലാണെന്ന് മുഖ്യമന്ത്രി പറയാനാടിയാക്കിയതെന്നും പ്രകാശ് ബാബു പറഞ്ഞു.

Top