മാവോയിസ്റ്റ് നേതാവിന്റെ ചോരക്ക് പകരം ചോദിക്കാൻ നിലമ്പൂരിൽ മാവോയിസ്റ്റുകൾ

മലപ്പുറം : സി.പി.ഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം കുപ്പുദേവരാജിന്റെയും അജിതയുടെയും ചോരക്ക് പകരം ചോദിക്കാന്‍ പടയൊരുക്കവുമായി നിലമ്പൂര്‍ വനമേഖലയില്‍ പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ലാ ആര്‍മി (പി.എല്‍.ജി.എ) പോര്‍മുഖം തുറക്കുന്നു.

നിലമ്പൂര്‍ വയനാട് പാലക്കാട് വനമേഖലകള്‍ ഉള്‍ക്കൊള്ളുന്ന മേഖലയില്‍ 30തില്‍ താഴെ മാത്രമുണ്ടായിരുന്നു പി.എല്‍.ജി.എ അംഗസംഖ്യ ഇപ്പോള്‍ 45 ആയി ഉയര്‍ന്നതായി കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ മുന്നറിയിപ്പു നല്‍കി.

2016 നവംബര്‍ 24ന് നിലമ്പൂര്‍ കരുളായി ഉള്‍വനത്തില്‍ മാവോയിസ്റ്റ് ബുദ്ധികേന്ദ്രം കൂടിയായ കുപ്പുദേവരാജിനെയും അജിതയെയും കൊലപ്പെടുത്തിയ പോലീസ് സംഘത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് സുരക്ഷ ശക്തമാക്കണമെന്ന നിര്‍ദ്ദേശവും സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേരള, തമിഴ്‌നാട്, കര്‍ണാടക കേഡറില്‍ നിന്നും പുറമെ മാവോയിസ്റ്റ് ഓപ്പറേഷനില്‍ പ്രത്യേക പരിശീലനം ലഭിച്ച ചത്തീസ്ഗഡ്, ജാര്‍ഖണ്ഡ് മേഖലയില്‍ നിന്നുള്ളവരും ആയുധങ്ങളുമായെത്തിയെന്നാണ് ഇന്റലിജന്‍സിനു ലഭിച്ച വിവരം.

maoists-kerala

മാവോയിസ്റ്റ് രക്തസാക്ഷി വാരാഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ ആഗസ്റ്റ് ആദ്യവാരം കോഴിക്കോട്, വയനാട് വനാതിര്‍ത്തിയില്‍ ചേര്‍ന്ന മാവോയിസ്റ്റ് യോഗത്തില്‍ 45 പേര്‍ പങ്കെടുത്തതായാണ് വിവരം. ഇവരില്‍ 15 വരെ പുതിയ അംഗങ്ങളുണ്ട്. ഇവരെക്കുറിച്ചുള്ള ഒരു വിവരവും സംസ്ഥാന ഇന്റലിജന്‍സിനോ, കേന്ദ്ര ഇന്റലിജന്‍സിനോ ലഭിച്ചിട്ടില്ല.

ഉത്തരാഖണ്ഡിലും ജാര്‍ഖണ്ഡിലും മാവോയിസ്റ്റ് വേട്ടയില്‍ പ്രത്യേക പരിശീലനം നേടിയ സി.ആര്‍.പി.എഫ് ജവാന്‍മാരെപ്പോലും കൂട്ടത്തോടെ കൊന്നൊടുക്കിയ സംഘത്തിലുള്ളവരായിരിക്കും ഇവരെന്ന ആശങ്കയും ഇന്റലിജന്‍സ് വൃത്തങ്ങള്‍ പങ്കുവെക്കുന്നുണ്ട്. കേരളത്തില്‍ മാവോയിസ്റ്റ് അര്‍ബന്‍ സെല്ലും സജീവമാണ്.

പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സി.പി.ഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം കുപ്പുദേവരാജിനും അജിതക്കുമൊപ്പം മലയാളി മാവോയിസ്റ്റ് നേതാവ് രാജന്‍ ചിറ്റിലപ്പിള്ളി നിലമ്പൂര്‍ കാട്ടില്‍ പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ലാ ആര്‍മി ക്യാമ്പില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ പോലീസിനു ലഭിച്ചിരുന്നു.

maoist

പതിനഞ്ചു വര്‍ഷത്തോളമായി ഒളിജീവിതം നയിക്കുന്ന മാവോയിസ്റ്റ് നേതാവ് രാജന്‍ ചിറ്റിലപ്പിള്ളി. കേരള, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര, ഒഡീഷ സര്‍ക്കാരുകള്‍ തേടുന്ന പിടികിട്ടാപ്പുള്ളിയാണ്.

സി.പി.ഐ മാവോയിസ്റ്റ് പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ലാ ആര്‍മി അംഗങ്ങള്‍ തേക്കേന്തി റൂട്ടുമാര്‍ച്ച് നടത്തുന്നത് രാജന്‍ ചിറ്റിലപ്പിള്ളിയും കുപ്പു ദേവരാജും അജിതയും വീക്ഷിക്കുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. എ.കെ 47 തോക്ക് ചുമലില്‍ തൂക്കി കുപ്പു ദേവരാജ് നില്‍ക്കുന്നതും ഇരിക്കുന്നതുമായ പടങ്ങളുമുണ്ടായിരുന്നു. 2014 ഡിസംബര്‍ രണ്ടിലെ പി.എല്‍.ജി.എ ദിനാഘോഷത്തിന്റെ ഭാഗമായി കാട്ടിലെ ബേസ് ക്യാമ്പില്‍ സ്ഥാപിച്ച ബാാനറിന്റെയും പോസ്റ്ററിന്റെയും പടങ്ങളുമാണ് ലഭിച്ചിരുന്നത്.

എ.കെ 47 അടക്കമുള്ള തോക്കുകളുമേന്തി നാലു സ്ത്രീകളടക്കം 15 പേരാണ് അന്ന് മാര്‍ച്ചില്‍ പങ്കെടുത്തത്.

റിപ്പോര്‍ട്ട്: എം. വിനോദ്‌

Top