മാവോയിസ്റ്റ് നേതാവ് മണിവാസകത്തിന്റെ ബന്ധുക്കള്‍ക്കെതിരെ യുഎപിഎ

സേലം: അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് മണിവാസകത്തിന്റെ കുടുംബാംഗങ്ങളെ യുഎപിഎ നിയമം ചുമത്തി അറസ്റ്റ് ചെയ്തു. മണിവാസകത്തിന്റെ സഹോദരി ലക്ഷ്മി, ഭര്‍ത്താവ് ഷാലിവാഹനന്‍, മകന്‍ സുധാകരന്‍ എന്നിവരാണു പിടിയിലായത്. തമിഴ്‌നാട്ടിലെ സേലത്തുനിന്നാണ് പൊലീസ് ഇവരെ പിടികൂടിയത്.

2002 ല്‍ സേലം ഉത്തന്‍ഗിരിയിലുണ്ടായ ബോംബ് സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയായിരുന്നു മണിവാസകം. തമിഴ്‌നാട് ധര്‍മഗിരി ജില്ലയിലെ മതിക്കന്‍ പാളയം സ്റ്റേഷനില്‍ ആയുധനിയമ പ്രകാരമുള്ള കേസിലും പ്രതിയായിരുന്നു. 2013ല്‍ ജാമ്യത്തില്‍ പുറത്തിറങ്ങി മുങ്ങിയ മണിവാസകത്തെക്കുറിച്ചു പിന്നീടു വിവരം ലഭിക്കുന്നത് അട്ടപ്പാടിയിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോഴായിരുന്നു.

പൊലീസിന്റെ വിലക്കു ലംഘിച്ച് മണിവാസകത്തിന്റെ മൃതദേഹം ഏറ്റുവാങ്ങിയത് ഇപ്പോള്‍ അറസ്റ്റിലായ സഹോദരിയും ഭര്‍ത്താവുമായിരുന്നു. മണിവാസകത്തിന്റെ ഭാര്യയും മറ്റൊരു സഹോദരിയും യുഎപിഎ കേസില്‍പ്പെട്ടു ജയിലിലാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് മുമ്പ് മണിവാസകത്തിന്റെ മൃതദേഹം തിരിച്ചറിയാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്നു മൃതദേഹം ഏറ്റെടുക്കാന്‍ മണിവാസകത്തിന്റെ ബന്ധുക്കള്‍ ആദ്യം തയാറായിരുന്നില്ല.

Top