ഏറ്റവും വലിയ ‘തിരക്കഥാകൃത്തുക്കൾ’ സിനിമാക്കാരല്ല, നമ്മുടെ പൊലീസാണ് . . !

റ്റവും വലിയ തിരക്കഥാകൃത്തുക്കള്‍ ഇനി സിനിമാക്കാരല്ല, അത് പൊലീസ് ഉന്നതരാണ്.

കോഴിക്കോട്ടെ യു.എ.പി.എ കേസോടെ ഇക്കാര്യമിപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. ‘എസ്’കത്തി വിവാദത്തില്‍ മാനം കെട്ടതൊന്നും വകവയ്ക്കാതെയാണ് പൊലീസ് പുതിയ തിരക്കഥ സൃഷ്ടിച്ചിരിക്കുന്നത്.

സി.പി.എം – എസ്.എഫ്.ഐ പ്രവര്‍ത്തകരെ യു.എ.പി.എ കേസില്‍ കുടുക്കിയത് വഴി വലിയ തെറ്റാണ് പൊലീസ് ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ ഈ നടപടി മരവിപ്പിച്ചാലും പൊലീസിനെതിരെ അച്ചടക്ക നടപടി ആവശ്യമാണ്.

എന്തടിസ്ഥാനത്തിലാണ് അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് ഉന്നതര്‍ വ്യക്തമാക്കോണ്ടതുണ്ട്. ഇക്കാര്യത്തില്‍ ഐ.ജി അശോക് യാഥവ് പറഞ്ഞ ന്യായീകരണമൊന്നും പൊതു സമൂഹത്തിന് ബോധ്യപ്പെടുന്നതല്ല. തെളിവുണ്ടെങ്കില്‍ അത് പുറത്ത് വിടുകയാണ് വേണ്ടത്.

പൊലീസ് നടപടി പരിശോധിക്കാന്‍ സ്ഥലത്തെത്തിയ ഐ.ജി അറസ്റ്റിനെ ന്യായീകരിച്ചത് തന്നെ ഞെട്ടിക്കുന്ന സംഭവമാണ്.

നിരവധി വര്‍ഷക്കാലം ഡെപ്യൂട്ടേഷനില്‍ ഉത്തരേന്ത്യയില്‍ ജോലി ചെയ്ത ഐ.ജിയാണ് അശോക് യാഥവ്, ആ മാനസികാവസ്ഥയോടെ ഒരിക്കലും അദ്ദേഹം കേരളത്തില്‍ പെരുമാറരുതായിരുന്നു.

യു.എ.പി.എ എന്ന കരിനിയമത്തിനെതിരെ പോരാടുന്ന പാര്‍ട്ടിയാണ് സി.പി.എം. അധികാരത്തില്‍ വന്നശേഷം ആറ് യു.എ.പി.എ കേസുകളാണ് പിണറായി സര്‍ക്കാര്‍ റദ്ദാക്കിയത്. സര്‍ക്കാറിന്റെ നയം തന്നെ ഇതാണെന്നിരിക്കെ ഇവിടെ സാഹസം കാട്ടിയത് പൊലീസാണ്.

സി.പി.എം, സി.പി.ഐ നേതാക്കള്‍ ഉള്‍പ്പെടെ പൊലീസ് നടപടിക്കെതിരെ രൂക്ഷമായാണ് പ്രതികരിച്ചിരിക്കുന്നത്.

ഇനി വേണ്ടത് തിരുത്തല്‍ നടപടികളാണ്. ഒപ്പം യു.എ.പി.എ ചുമത്തിയ പന്തീരങ്കാവ് പൊലീസ് എസ്.എച്ച്.ഒക്കെതിരെ നടപടിയും അനിവാര്യമാണ്. സിറ്റി പൊലീസ് ഉന്നതരുടെ ഭാഗത്തും ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്.

അറസ്റ്റ് ചെയ്യപ്പെട്ട രണ്ടു പേരും ചുവപ്പ് പ്രത്യായ ശാസ്ത്രത്തെ നെഞ്ചേറ്റിയവരാണ്.അത് മാവോയിസ്റ്റുകളുടെ രാഷ്ട്രീയമല്ല, സി.പി.എമ്മിന്റെ രാഷ്ട്രീയമാണ്. ഇത് തിരിച്ചറിയാതെ പോയതാണ് പൊലീസിന് പറ്റിയ വലിയ വീഴ്ച.

ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രവര്‍ത്തകരെ പോലും യു.എ.പി.എയില്‍ കുടുക്കാന്‍ മടിക്കാത്തവര്‍ ഭീതിയാണ് ഈ മണ്ണില്‍ വിതച്ചിരിക്കുന്നത്.

ഭരണം മാറിയാലും പൊലീസ് സിസ്റ്റം ഒരിക്കലും മാറില്ലന്ന് തെളിയിക്കുന്നത് കൂടിയാണ് ഈ നടപടി. ഇവിടെയാണ് കര്‍ശന നടപടി പിണറായി സര്‍ക്കാര്‍ ഇനി സ്വീകരിക്കേണ്ടത്.

പൊലീസ് പറയുന്ന കഥ അതുപോലെ ഭരണകൂടം വിശ്വസിക്കരുത്.അട്ടപ്പാടിയില്‍ നടന്ന മാവോയിസ്റ്റ് വേട്ട പോലും സംശയാസ്പദമാണ്. ഇക്കാര്യത്തില്‍ ഇടതുപക്ഷത്ത് നിന്നു തന്നെ പ്രതിഷേധവും ഉയര്‍ന്നു കഴിഞ്ഞു.

തിരക്കഥ രചിക്കാന്‍ മാത്രമല്ല, അഭിനയിക്കാനും നന്നായി അറിയുമെന്നാണ് ഇവിടെ പൊലീസ് തെളിയിച്ചിരിക്കുന്നത്.

വെടിവയ്ക്കുമ്പോള്‍ പൊലീസുകാര്‍ വീഡിയോ പിടിക്കുകയായിരുന്നുവോ എന്ന ചോദ്യവും പ്രസക്തമാണ്. പുറത്ത് വന്ന ദൃശ്യങ്ങള്‍ കണ്ടാല്‍ ആര്‍ക്കും തന്നെ അത് തോന്നിപ്പോകും.

നിലത്ത് കിടക്കുന്നതും വെടിയൊച്ചയും സ്വയം ഷൂട്ട് ചെയ്ത പൊലീസാണ് ഇവിടെ അപഹാസ്യരായിരിക്കുന്നത്.ഈ വെടിയൊച്ച പൊലീസിന്റെ തോക്കില്‍ നിന്നായിരുന്നുവോ എന്നതും പരിശോധിക്കപ്പെടേണ്ടതുണ്ട്.

പൊലീസ് വെടിവയ്പില്‍ അട്ടപ്പാടിയില്‍ മാത്രം 4 മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഒഴിവാക്കാമായിരുന്ന കൊലപാതകമായിരുന്നു ഇത്.

മാര്‍ഗ്ഗം ഏതായാലും ലക്ഷ്യം ഒന്നാണ്. അതാണ് കമ്യൂണിസ്റ്റുകളെ മുന്നോട്ട് നയിക്കുന്ന പ്രത്യേയശാസ്ത്രം.

അധികാരം തോക്കിന്‍ കുഴലിലൂടെ എന്ന മുദ്യാവാക്യം ഉയര്‍ത്തി ആയുധമേന്തുന്നവരാണ് മാവോയിസ്റ്റുകള്‍. അതേസമയം ജനകീയ ജനാധിപത്യത്തിലാണ് സി.പി.എമ്മും സി.പി.ഐയും വിശ്വസിക്കുന്നത്.

ഈ രണ്ട് വിഭാഗങ്ങളുടെയും ലക്ഷ്യം പക്ഷേ ഏകദേശം ഒന്ന് തന്നെയാണ്. അത് ചൂഷിതരുടെ മോചനമാണ്.

റിവിഷനിസത്തിനെതിരായ ഒരു മാര്‍ക്‌സിയന്‍ തത്വചിന്തയാണ് മാവോയിസം.

ഇന്ത്യയിലെ മാവോയിസ്റ്റുകളെ സംബന്ധിച്ച് അവര്‍ പിന്തുടരുന്നത് സായുധ മാര്‍ഗ്ഗമാണ്.

ആക്രമണം ഒന്നിനും ഒരു പരിഹാരമല്ലന്ന് ആദ്യം തിരിച്ചറിയേണ്ടത് മാവോയിസ്റ്റുകളാണ്. ഇവരെ തോക്കിന്‍ കുഴലിലൂടെ തന്നെ അവസാനിപ്പിക്കാനുള്ള നീക്കത്തില്‍ നിന്നും ഭരണകൂടങ്ങളും പിന്തിരിയണം.

ഈ രാജ്യത്തെ പൗരന്‍മാര്‍ തന്നെയാണ് മാവോയിസ്റ്റുകളും എന്നത് ഭരണകൂടം ഓര്‍ക്കണം. അതിര്‍ത്തി കടന്ന് വന്ന് രാജ്യത്തെ ആക്രമിക്കുന്ന ഭീകരരെ പോലെ ഈ വിഭാഗത്തെ നോക്കി കാണരുത്. മാവോയിസ്റ്റുകളെ തിരുത്തിക്കാന്‍ പുതിയ മാര്‍ഗ്ഗങ്ങളാണ് തേടേണ്ടത്. പട്ടിണിയും, കൊടിയ ദാരിദ്രവും, അവഗണനയും ആണ് പാവങ്ങളെ മാവോയിസ്റ്റുകളാക്കുന്നത്. ഈ അവസ്ഥക്കാണ് ആദ്യം പരിഹാരം കാണേണ്ടത്.

ജാതി മത വിവേചനങ്ങളുമെല്ലാം മാറ്റി നിര്‍ത്തപ്പെടണം. എല്ലാ മനുഷ്യരെയും ഒരു പോലെ കാണാന്‍ ഭരണകൂടങ്ങള്‍ക്കും കഴിയണം. ഇത്തരമൊരു സംവിധാനത്തിന് മാത്രമേ ശാശ്വതമായ ഒരു പരിഹാരം സാധ്യമാവുകയുള്ളൂ


തോക്ക് താഴെ വച്ച് പാര്‍ലമെന്ററി രാഷ്ട്രീയത്തിലിറങ്ങി അധികാരം പിടിച്ച നേപ്പാളിലെ മാവോയിസ്റ്റുകളെയാണ് ഇന്ത്യയിലെ മാവോയിസ്റ്റുകളും ഇനി മാതൃകയാക്കേണ്ടത്.

അതിനായാണ് നേതാക്കള്‍ പരിശ്രമിക്കേണ്ടത്. തോക്കേന്തി പാവങ്ങളുടെ ജീവന്‍ ബലി കൊടുക്കുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കേണ്ടതുണ്ട്.

ഇന്ത്യയിലെ ഇടതുപക്ഷ ചേരിക്കൊപ്പം മാവോയിസ്റ്റുകള്‍ കൂടി ചേര്‍ന്നാല്‍ അതൊരു വസന്തത്തിന്റെ ഇടിമുഴക്കമായി മാറും.

രാജ്യത്തെ കമ്യൂണിസ്റ്റുകള്‍ ആഗ്രഹിക്കുന്നതും അതുതന്നെയാണ്. ആധുനിക ഇന്ത്യന്‍ സാഹചര്യത്തില്‍ ജനകീയ ജനാധിപത്യ വിപ്ലവത്തിന് തന്നെയാണ് പ്രസക്തി. സായുധ വിപ്ലവത്തിന് പുതിയ കാലത്ത് ഈ നാട്ടില്‍ ഒരു പ്രസക്തിയുമില്ല.

പുന്നപ്ര വയലാര്‍ സമരമടക്കം ആയുധമേന്തി പടനയിച്ച കമ്യൂണിസ്റ്റുകള്‍ ജനാധിപത്യത്തില്‍ ഇടപെട്ടുകൊണ്ടാണ് കേരള ഭരണം പിടിച്ചെടുത്തിരുന്നത്.

ലോക ചരിത്രത്തില്‍ ആദ്യമായി ബാലറ്റ് പേപ്പറിലൂടെ അധികാരത്തിലെത്തിയ കമ്മ്യൂണിസ്റ്റ് സര്‍ക്കാരായിരുന്നു ഇ.എം.എസ് സര്‍ക്കാര്‍.

പുന്നപ്ര വയലാര്‍ സമര നായകന്‍ വി.എസ് അച്ചുതാനന്ദനാകട്ടെ ഇന്നും ജീവിച്ചിരിക്കുന്ന വലിയ ഒരു അടയാളവുമാണ്.

v s achuthanandan

ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടാണ് മാവോയിസ്റ്റുകളും മാറി ചിന്തിക്കേണ്ടിയിരിക്കുന്നത്.

അതുപോലെ തന്നെ മാവോയിസ്റ്റുകളെ ഉന്‍മൂലനം ചെയ്യുക എന്ന നിലപാടില്‍ നിന്നും ഭരണകൂടങ്ങളും പിന്മാറണം.

പ്രത്യേകിച്ച് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ഒരിക്കലും വെടിവെച്ച് കൊല്ലുന്ന നിലപാടിനെ പിന്തുണയ്ക്കരുത്.

നിലമ്പൂരിലും വയനാട്ടിലും ഇപ്പോള്‍ അട്ടപ്പാടിയിലും മുഴങ്ങിയ വെടിയൊച്ചകള്‍ ഈ നാടിനെ സംബന്ധിച്ച് ആശങ്കപ്പെടുത്തുന്നതാണ്.

തണ്ടര്‍ബോള്‍ട്ടിന്റെ പേരില്‍ കോടികള്‍ ചെലവാക്കുന്നതിനെ ന്യായീകരിക്കാനുള്ള ഏറ്റുമുട്ടലുകളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് സംശയിച്ചാല്‍ പോലും തെറ്റ് പറയാന്‍ കഴിയുകയില്ല. ഇക്കാര്യം പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാരും തയ്യാറാവണം.

എല്ലാ സുഖസൗകര്യങ്ങളും ഉപേക്ഷിച്ച് വിമോചനത്തിനായി കാടുകയറുന്ന ചെറുപ്പക്കാരെ കൊന്നൊടുക്കിയല്ല, അവരുടെ ആശയത്തിന്റെ പൊള്ളത്തരങ്ങള്‍ മനസിലാക്കി അവരെ നേര്‍വഴിക്ക് നയിക്കാനുള്ള ഉത്തരവാദിത്വമാണ് ഇടതുപക്ഷ സര്‍ക്കാര്‍ നിറവേറ്റണ്ടത്. മാവോയിസ്റ്റുകള്‍ക്കും പറയാനുള്ളത് പറയാനുള്ള സ്വാതന്ത്ര്യമുള്ള ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ഇവിടെ എതിര്‍ശബ്ദം ഉയര്‍ത്തുന്നവരെ കൊന്നുതള്ളുന്ന ഏകാധിപത്യ പൊലീസ് ശൈലി ഭൂഷണമല്ല. അക്കാര്യം ഓര്‍ക്കുന്നത് നല്ലതാണ്,

Express view

Top