മാവോയിസ്റ്റ് വേൽമുരുകന്റെ മൃതദേഹം സംസ്‌കരിച്ചു

കോഴിക്കോട് : പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് വേല്‍മുരുകന്റെ മൃതദേഹം സംസ്‌കരിച്ചു. പുലർച്ചെ 5.30 ഓടെ തേനി പെരിയ പാളയത്തിലാണ് സംസ്‌കരിച്ചത്. മൃതദേഹത്തിന് കേരള പൊലീസ് ഗോപാലപുരം വരെ എസ്‌കോർട് നൽകി. തമിഴ്‌നാട് പൊലീസ് അകമ്പടിയിലാണ് മൃതദേഹം തേനിയിലേക്ക് കൊണ്ടുപോയത്.

അതേസമയം വേൽമുരുകൻ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലൂടെയാണെന്ന് സഹോദരൻ അഡ്വ. മുരുകൻ ആരോപിച്ചു. ഏറെ അടുത്ത് നിന്ന് വെടിയുതിർത്തതിന്റെ പാടുകൾ ശരീരത്തിലുണ്ടെന്നും പൊലീസ് മൃതദേഹം പൂർണമായി കാണിക്കാൻ തയാറായില്ലെന്നും മുരുകൻ ആരോപിച്ചു. വേൽമുരുകന്റെ പോസ്റ്റ്‌മോർട്ടം നടക്കുന്ന കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിയതായിരുന്നു സഹോദരൻ. എന്നാൽ ഏറ്റുമുട്ടലിനിടെ ഓടി രക്ഷപ്പെട്ട മാവോയിസ്റ്റുകൾക്കായി തണ്ടർബോൾട്ട് വിവിധ സംഘങ്ങളായി തിരച്ചിൽ നടത്തുകയാണ്. ബാലിസ്റ്റിക്ക് സംഘം സംഭവസ്ഥലത്തെത്തി വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ഏറ്റുമുട്ടലിനിടെ പരുക്കേറ്റെന്ന് കരുതപ്പെടുന്ന മാവോയിസ്റ്റ് കേഡർ വനത്തിൽ തന്നെയുണ്ടെന്നാണ് തണ്ടർബോൾട്ട് നിഗമനം.

അതേസമയം മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ ഏകപക്ഷീയമായിരുന്നില്ലെന്ന് ആവര്‍ത്തിച്ച്‌ ജില്ലാ പൊലീസ് മേധാവി ജി പൂങ്കുഴലി രംഗത്തെത്തി. തുടര്‍ച്ചയായ വെടിവയ്‌പ്പുണ്ടായെന്നും എസ്‌പി വിശദീകരിച്ചു. അതിനിടെ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ബെന്നിക്കാണ് അന്വേഷണ ചുമതല.

Top