maoist leader sunil’s death-documents out

നിലമ്പൂര്‍: കബനീദളത്തിലെ മാവോയിസ്റ്റ് സുനില്‍ സ്വയംനിറയൊഴിച്ച് ആത്മഹത്യചെയ്‌തെന്ന് മാവോയിസ്റ്റ് രേഖ. കാട്ടിനുള്ളിലെ മാവോയിസ്റ്റ് ക്യാമ്പിനിടെ തോക്കുകൊണ്ട് തലയില്‍ നിറയൊഴിച്ചാണ് സുനില്‍ എന്ന സഖാവ് ആത്മഹത്യ ചെയ്തതെന്നാണ് 2014 ജൂണ്‍ 20തിന് പ്രസാദ് എന്ന പേരില്‍ എഴുതിയ രേഖയില്‍ പറയുന്നത്.

പാര്‍ട്ടിയുടെ അടിസ്ഥാന തത്വങ്ങളെക്കുറിച്ചുള്ള ക്യാമ്പില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു സംഭവം. സഖാക്കളായ അനിലും പ്രവീണും കുറച്ച് അര്‍ബന്‍ അംഗങ്ങളും ക്യാമ്പില്‍ ഉണ്ടായിരുന്നതായും പറയുന്നുണ്ട്. ചെറിയ തോക്കുകൊണ്ടാണ് വെടി ഉതിര്‍ത്തതെന്നും വ്യക്തമാക്കുന്നു. എന്നാല്‍ ആത്മഹത്യ ചെയ്ത സുനിലിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും കേരള പോലീസിനോ തമിഴ്‌നാട് ക്യൂ ബ്രാഞ്ചിനോ ലഭിച്ചിട്ടില്ല.

സുനിലിന്റെ കുടുംബത്തിനെ പാര്‍ട്ടിയുടെ അനുശോചനം അറിയിക്കാനുള്ള കേന്ദ്ര കമ്മിറ്റി തീരുമാനം അറിയിച്ച് യോഗേഷിനെഴുതിയ കത്തും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതോടൊപ്പം പാര്‍ട്ടി അംഗങ്ങള്‍ക്കുള്ള കത്തും മാര്‍ഗനിര്‍ദ്ദേശവുമുണ്ട്. ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന് പാര്‍ട്ടി അംഗങ്ങളെ പഠിപ്പിക്കണമെന്നും ആത്മഹത്യയല്ല ധീരമായ വിമോചനപോരാട്ടമാണ് പരിഹാരമെന്നു അംഗങ്ങള്‍ക്ക് മനസിലാക്കികൊടുക്കണമെന്നും അടിവരയിട്ട് പറയുന്നുണ്ട്.

ആത്മഹത്യ പാര്‍ട്ടിയെ പ്രതികൂലമായി ബാധിക്കുകയും ശോഷിപ്പിക്കുകയും ചെയ്യും. പ്രതിസന്ധി ഘട്ടങ്ങളില്‍ പലരും ആത്മഹത്യയില്‍ അഭയംതേടാന്‍ ഇടവരും. ഇത്തരം അംഗങ്ങളെ കണ്ടെത്തി അവര്‍ക്ക് പ്രത്യേക ക്ലാസുകള്‍ നല്‍കി അവരെ മറ്റു മേഖലകളിലേക്ക് മാറ്റണം. നക്‌സല്‍ ബാരി കാലഘട്ടത്തില്‍ അംഗങ്ങളുടെ ആത്മഹത്യയെന്ന പ്രതിസന്ധി പാര്‍ട്ടി നേരിട്ടതാണ്. കേന്ദ്ര മേഖലയില്‍ ദണ്ഡകാരണ്യ വനമേഖലയിലും അംഗങ്ങളിലെ ആത്മഹത്യ പെരുകുന്നുണ്ട്. ഇത് ഒറ്റപ്പെട്ട സംഭവമായി കാണരുത്. വിമോചനപോരാട്ടത്തിന്റെ പാത കഠിനകരമാണ്. പാര്‍ട്ടി അംഗങ്ങള്‍ക്ക് മതിയായ മാര്‍ഗനിര്‍ദ്ദേശവും പഠനവും നല്‍കി അവരെ ഉരുക്കുപോലെ കരുത്തരാക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

Top