മാവോയിസ്റ്റുകളെ കേരളം കൊല്ലരുത് . . . കൊന്നാൽ തീരുന്നതല്ല ആ പ്രത്യയശാസ്ത്രം

മാര്‍ഗ്ഗം ഏതായാലും ലക്ഷ്യം ഒന്നാണ്. അതാണ് കമ്യൂണിസ്റ്റുകളെ മുന്നോട്ട് നയിക്കുന്ന പ്രത്യേയശാസ്ത്രം.

അധികാരം തോക്കിന്‍ കുഴലിലൂടെ എന്ന മുദ്യാവാക്യം ഉയര്‍ത്തി ആയുധമേന്തുന്നവരാണ് മാവോയിസ്റ്റുകള്‍. അതേസമയം ജനകീയ ജനാധിപത്യത്തിലാണ് സി.പി.എമ്മും സി.പി.ഐയും വിശ്വസിക്കുന്നത്.

ഈ രണ്ട് വിഭാഗങ്ങളുടെയും ലക്ഷ്യം പക്ഷേ ഏകദേശം ഒന്ന് തന്നെയാണ്. അത് ചൂഷിതരുടെ മോചനമാണ്.

റിവിഷനിസത്തിനെതിരായ ഒരു മാര്‍ക്‌സിയന്‍ തത്വചിന്തയാണ് മാവോയിസം.

ഇന്ത്യയിലെ മാവോയിസ്റ്റുകളെ സംബന്ധിച്ച് അവര്‍ പിന്തുടരുന്നത് സായുധ മാര്‍ഗ്ഗമാണ്.

സാമ്രാജ്യത്വ ശക്തികളും ദല്ലാള്‍ ബൂര്‍ഷ്യാസിയും ജന്മിത്വ ശക്തികളും ചേര്‍ന്ന ഒരു മുന്നണിയായാണ് ഇന്ത്യന്‍ ഭരണകൂടത്തെ അവര്‍ നോക്കി കാണുന്നത്. ഇതിനെതിരെ മറ്റു കമ്യൂണിസ്റ്റു പാര്‍ട്ടികളെ പോലെ ജനകീയ ജനാധിപത്യ വിപ്ലവമല്ല, സായുധ വിപ്ലവമാണ് മാവോയിസ്റ്റുകള്‍ ലക്ഷ്യമിടുന്നത്.

ഇതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആദിവാസികള്‍ അടക്കമുള്ളവരെ സംഘടിപ്പിച്ചാണ് പോരാട്ടം നടത്തിയിരുന്നത്.

പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ അനവധി മാവോയിസ്റ്റുകള്‍ ഇതിനകം തന്നെ കൊല്ലപ്പെട്ടിട്ടുണ്ട്.നിരവധി പൊലീസുകാരുടെ ജീവനും ഈ മണ്ണില്‍ ഹോമിക്കപ്പെട്ടു കഴിഞ്ഞു.

ആക്രമണം ഒന്നിനും ഒരു പരിഹാരമല്ലന്ന് ആദ്യം തിരിച്ചറിയേണ്ടത് മാവോയിസ്റ്റുകളാണ്. ഇവരെ തോക്കിന്‍ കുഴലിലൂടെ തന്നെ അവസാനിപ്പിക്കാനുള്ള നീക്കത്തില്‍ നിന്നും ഭരണകൂടങ്ങളും പിന്തിരിയണം.

ഈ രാജ്യത്തെ പൗരന്‍മാര്‍ തന്നെയാണ് മാവോയിസ്റ്റുകളും എന്നത് ഭരണകൂടം ഓര്‍ക്കണം. അതിര്‍ത്തി കടന്ന് വന്ന് രാജ്യത്തെ ആക്രമിക്കുന്ന ഭീകരരെ പോലെ ഈ വിഭാഗത്തെ നോക്കി കാണരുത്. മാവോയിസ്റ്റുകളെ തിരുത്തിക്കാന്‍ പുതിയ മാര്‍ഗ്ഗങ്ങളാണ് തേടേണ്ടത്. പട്ടിണിയും, കൊടിയ ദാരിദ്രവും, അവഗണനയും ആണ് പാവങ്ങളെ മാവോയിസ്റ്റുകളാക്കുന്നത്. ഈ അവസ്ഥക്കാണ് ആദ്യം പരിഹാരം കാണേണ്ടത്.

പരിഷ്‌കൃത സമൂഹത്തിലെ മാറ്റങ്ങള്‍ ആദിവാസി മേഖലകള്‍ ഉള്‍പ്പെടെയുള്ള പിന്നോക്ക പ്രദേശത്തിലും എത്തേണ്ടതുണ്ട്.

അവിടെ സമ്പത്തിക താല്‍പര്യങ്ങളും ജാതി – മത വിവേചനങ്ങളുമെല്ലാം മാറ്റി നിര്‍ത്തപ്പെടണം. എല്ലാ മനുഷ്യരെയും ഒരു പോലെ കാണാന്‍ ഭരണകൂടങ്ങള്‍ക്കും കഴിയണം. ഇത്തരമൊരു സംവിധാനത്തിന് മാത്രമേ ശാശ്വതമായ ഒരു പരിഹാരം സാധ്യമാവുകയുള്ളൂ.

തോക്ക് താഴെ വച്ച് പാര്‍ലമെന്ററി രാഷ്ട്രീയത്തിലിറങ്ങി അധികാരം പിടിച്ച നേപ്പാളിലെ മാവോയിസ്റ്റുകളെയാണ് ഇന്ത്യയിലെ മാവോയിസ്റ്റുകളും ഇനി മാതൃകയാക്കേണ്ടത്.

അതിനായാണ് നേതാക്കള്‍ പരിശ്രമിക്കേണ്ടത്. തോക്കേന്തി പാവങ്ങളുടെ ജീവന്‍ ബലി കൊടുക്കുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണം.

ഇന്ത്യയിലെ ഇടതുപക്ഷ ചേരിക്കൊപ്പം മാവോയിസ്റ്റുകള്‍ കൂടി ചേര്‍ന്നാല്‍ അതൊരു വസന്തത്തിന്റെ ഇടിമുഴക്കമായി മാറും.

രാജ്യത്തെ കമ്യൂണിസ്റ്റുകള്‍ ആഗ്രഹിക്കുന്നതും അതുതന്നെയാണ്. ആധുനിക ഇന്ത്യന്‍ സാഹചര്യത്തില്‍ ജനകീയ ജനാധിപത്യ വിപ്ലവത്തിന് തന്നെയാണ് പ്രസക്തി. സായുധ വിപ്ലവത്തിന് പുതിയ കാലത്ത് ഈ നാട്ടില്‍ ഒരു പ്രസക്തിയുമില്ല.

പുന്നപ്ര വയലാര്‍ സമരമടക്കം ആയുധമേന്തി പടനയിച്ച കമ്യൂണിസ്റ്റുകള്‍ ജനാധിപത്യത്തില്‍ ഇടപെട്ടുകൊണ്ടാണ് കേരള ഭരണം പിടിച്ചെടുത്തത്.

ലോക ചരിത്രത്തില്‍ ആദ്യമായി ബാലറ്റ് പേപ്പറിലൂടെ അധികാരത്തിലെത്തിയ കമ്മ്യൂണിസ്റ്റ് സര്‍ക്കാരായിരുന്നു ഇ.എം.എസ് സര്‍ക്കാര്‍.

പുന്നപ്ര വയലാര്‍ സമര നായകന്‍ വി.എസ് അച്ചുതാനന്ദനാകട്ടെ ഇന്നും ജീവിച്ചിരിക്കുന്ന വലിയ ഒരു അടയാളവുമാണ്.

ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടാണ് മാവോയിസ്റ്റുകളും മാറി ചിന്തിക്കേണ്ടിയിരിക്കുന്നത്.

അതുപോലെ തന്നെ മാവോയിസ്റ്റുകളെ ഉന്‍മൂലനം ചെയ്യുക എന്ന നിലപാടില്‍ നിന്നും ഭരണകൂടങ്ങളും പിന്മാറണം.

പ്രത്യേകിച്ച് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ഒരിക്കലും വെടിവെച്ച് കൊല്ലുന്ന നിലപാടിനെ പിന്തുണയ്ക്കരുത്.

മുന്‍പ് നിലമ്പൂരിലും ഇപ്പോള്‍ അട്ടപ്പാടിയിലും മുഴങ്ങിയ വെടിയൊച്ചകള്‍ ഈ നാടിനെ സംബന്ധിച്ച് ഭയപ്പെടുത്തുന്നതാണ്.

മൂന്നു വര്‍ഷത്തിനുള്ളില്‍ ഏഴ് മാവോവാദികളെ വെടിവെച്ചു കൊലപ്പെടുത്തിയത് ഞെട്ടിക്കുന്ന സംഭവമാണ്. മാവോവാദികളെ വെടിവെച്ച് കൊലപ്പെടുത്തുന്നത് ഇടതുപക്ഷനിലപാടല്ലെന്ന് സി.പി.ഐ നേതാവും രാജ്യസഭാ എം.പിയുമായ ബിനോയ് വിശ്വം പ്രതികരിച്ചത് യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടാണ്. മാവോയിസ്റ്റുകളെന്നാല്‍ വെടിവെച്ചുകൊല്ലേണ്ടവരല്ലെന്നും വഴിതെറ്റിയ സഖാക്കളായ ഇവരെ ആശയംകൊണ്ടാണ് നേരിടേണ്ടതെന്നുമാണ് ബിനോയ് വിശ്വം പ്രതികരിച്ചിരിക്കുന്നത്.

തണ്ടര്‍ബോള്‍ട്ടിന്റെ പേരില്‍ കോടികള്‍ ചെലവാക്കുന്നതിനെ ന്യായീകരിക്കാനുള്ള ഏറ്റുമുട്ടലുകളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് സംശയിച്ചാല്‍ പോലും അതിനെ തെറ്റ് പറയാന്‍ കഴിയുകയില്ല.

വലിയ സേനയെ രണ്ടോ മൂന്നോ മാവോയിസ്റ്റുകള്‍ ചേര്‍ന്ന് ആക്രമിച്ചു എന്ന് പറയുന്ന ‘യക്ഷിക്കഥ’ ആരും വിശ്വസിക്കില്ല എന്നവിമര്‍ശനങ്ങളും കേരള സര്‍ക്കാര്‍ മുഖവിലയ്ക്കെടുക്കുക തന്നെവേണം

അടിയന്തരാവസ്ഥക്കാലത്തേക്കാള്‍ വലിയ മാവോയിസ്റ്റ് വേട്ടക്കാണ് കേരളം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. 2016 നവംബര്‍ 24ന് നിലമ്പൂര്‍ കരുളായി ഉല്‍വനത്തിലെ വരയന്‍മലയില്‍ നടന്ന ഏറ്റുമുട്ടലില്‍ സി.പി.ഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം കുപ്പു ദേവരാജ്, തമിഴ്‌നാട് സംസ്ഥാന കമ്മിറ്റി അഗം അജിത എന്നിവരാണ് കൊല്ലപ്പെട്ടിരുന്നത്. ഈ കൊലപാതകത്തിനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്ന് തന്നെ രംഗത്തെത്തിയിരുന്നു.

ഇതിനു പിന്നാലെയാണ് 2019 മാര്‍ച്ച് ഏഴിന് വയനാട് വൈത്തിരി റിസോര്‍ട്ടിലുണ്ടായ വെടിവെപ്പില്‍ മലപ്പുറം പാണ്ടിക്കാട് സ്വദേശി സി.പി ജലീലും കൊല്ലപ്പെട്ടിരുന്നത്. ഏറ്റുമുട്ടലിലല്ല ജലീല്‍ കൊല്ലപ്പെട്ടതെന്ന് വ്യക്തവുമായിരുന്നു. അദ്ദേഹത്തിന്റെ പിന്നിലാണ് വെടിയേറ്റിരുന്നത്.

ഒക്ടോബര്‍ 27ന് അട്ടപ്പാടിയില്‍ കര്‍ണാടക സ്വദേശിനി ശ്രീമതി, തമിഴ്‌നാട്ടുകാരായ എ.എസ് സുരേഷ്, കാര്‍ത്തി എന്നിവരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഈ പൊലീസ് വെടിവെപ്പില്‍ പരിക്കേറ്റിരുന്ന മാവോയിസ്റ്റ് നേതാവ് മണിവാസകവും ഇപ്പോള്‍ മരണപ്പെട്ടിട്ടുണ്ട്. മാവോയിസ്റ്റുകള്‍ വെടിവെച്ചപ്പോള്‍ തിരികെ നടത്തിയ വെടിവെപ്പിലാണ് ഏഴ് മാവോയിസ്റ്റുകളും കൊല്ലപ്പെട്ടതെന്നാണ് പോലീസിന്റെ വിശദീകരണം. എന്നാല്‍ ഈ ഏറ്റുമുട്ടലില്‍ ഒറ്റ തണ്ടര്‍ബോള്‍ട്ട് സംഘാഗത്തിനു പോലും പരിക്കേറ്റിട്ടില്ല.

ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ മുമ്പ് മജിസ്റ്റീരിയില്‍ അന്വേഷണം വേണമെന്ന സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് കുപ്പുദേവരാജ്, അജിത എന്നിവരുടെ മരണത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം നടന്നെങ്കിലും പോലീസിന് ക്ലീന്‍ ചിറ്റ് നല്‍കുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്. അസുഖബാധിതനായ കുപ്പു ദേവരാജിനെയും അജിതയെയും പോലീസ് വെടിവെച്ചു കൊല്ലുകയായിരുന്നെന്ന ആരോപണമാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഇപ്പോഴും ഉയര്‍ത്തുന്നത്.

ഒരു കൈ തോക്ക് മാത്രമാണ് ഇവിടെനിന്നും പോലീസിന് ലഭിച്ചിരുന്നത്. കുപ്പു ദേവരാജിന്റെ കൈയ്യിലുണ്ടായിരുന്ന എ.കെ 47 അടക്കമുള്ള ആയുധങ്ങള്‍ ഒപ്പമുള്ള മാവോയിസ്റ്റുകള്‍ കൊണ്ടുപോയെന്നാണ് പോലീസ് നല്‍കിയിരുന്ന വിശദീകരണം. വൈത്തിരിയില്‍ സി.പി ജലീല്‍ വെടിയേറ്റ് കൊല്ലപ്പെട്ടതിലും ദുരൂഹത നീങ്ങിയിട്ടില്ല. മാവോയിസ്റ്റുകള്‍ വെടിഉതിര്‍ത്തപ്പോള്‍ സ്വയരക്ഷക്കായി വെടിവെച്ചുവെന്ന പോലീസ് വാദം പൊളിക്കുന്നതായിരുന്നു റിസോര്‍ട്ട് ജീവനക്കാരന്റെയും വെളിപ്പെടുത്തല്‍. ആദ്യം വെടിവെച്ചത് പോലീസാണെന്നായിരുന്നു ജീവനക്കാരന്‍ വെളിപ്പെടുത്തിയിരുന്നത്.

അടിയന്തിരാവസ്ഥക്കാലത്ത് മാവോയിസ്റ്റ് വേട്ടക്കെതിരെ ഉയര്‍ന്ന ജനകീയ പ്രതിഷേധം ഏറെ സഹായകമായത് കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കായിരുന്നു. കോഴിക്കോട് ആര്‍.ഇ.സി എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന രാജനെ കാണാതായ സംഭവത്തില്‍ കെ. കരുണാകരന് മുഖ്യമന്ത്രി സ്ഥാനംപോലും നഷ്ടമാകുന്ന സാഹചര്യമുണ്ടായി. രാജന്‍കേസില്‍ പിതാവ് ഈച്ചരവാര്യര്‍ നടത്തിയ പോരാട്ടങ്ങള്‍ ഇടതുപക്ഷത്തിന്റെ വളര്‍ച്ചക്കാണ് മുതല്‍ക്കൂട്ടായിരുന്നത്.

1970 ഫെബ്രുവരി 18ന് തിരുനെല്ലിക്കാട്ടില്‍ നക്‌സലൈറ്റ് നേതാവ് സഖാവ് വര്‍ഗീസിനെ വെടിവെച്ചു കൊലപ്പെടുത്തിയതും ഏറ്റു മുട്ടല്‍ കൊലപാതകമെന്നാണ് പോലീസ് കഥമെനഞ്ഞിരുന്നത്. എന്നാല്‍ 28 വര്‍ഷത്തിനു ശേഷം വര്‍ഗീസിനെ കൊലപ്പെടുത്തിയ രാമചന്ദ്രന്‍ നായര്‍ എന്ന പോലീസുകാരന്‍ സത്യം വെളിപ്പെടുത്തിയതോടെ കഥയും മാറി. തുടര്‍ന്ന് വര്‍ഗീസ് വധം സി.ബി.ഐ അന്വേഷിക്കുകയും ഐ.ജി ലക്ഷ്മണക്ക് സി.ബി.ഐ പ്രത്യേക കോടതി 2010ല്‍ ജീവപര്യന്തം ശിക്ഷ വിധിക്കുകയുമുണ്ടായി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പിന്നീട് ഈ ശിക്ഷ ശരിവെക്കുകയും ചെയ്തിരുന്നു. മാവോയിസ്റ്റ് വേട്ടകളില്‍ പോലീസ് കഥ വെള്ളം ചേര്‍ക്കാതെ വിഴുങ്ങുന്നവര്‍ സഖാവ് വര്‍ഗീസിന്റെ കൊലപാതകവും അതിന്റെ നിയമനടപടികളും കൂടി മനസിലാക്കുന്നത് നല്ലതാണ്.

എല്ലാ സുഖസൗകര്യങ്ങളും ഉപേക്ഷിച്ച് വിമോചനത്തിനായി കാടുകയറുന്ന ചെറുപ്പക്കാരെ കൊന്നൊടുക്കിയല്ല, അവരുടെ ആശയത്തിന്റെ പൊള്ളത്തരങ്ങള്‍ മനസിലാക്കി അവരെ നേര്‍വഴിക്ക് നയിക്കാനുള്ള ഉത്തരവാദിത്വമാണ് ഇടതുപക്ഷ സര്‍ക്കാര്‍ നിറവേറ്റണ്ടത്. മാവോയിസ്റ്റുകള്‍ക്കും പറയാനുള്ളത് പറയാനുള്ള സ്വാതന്ത്ര്യമുള്ള ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ഇവിടെ എതിര്‍ശബ്ദം ഉയര്‍ത്തുന്നവരെ കൊന്നുതള്ളുന്ന ഏകാധിപത്യ ഭരണ ശൈലി ഭൂഷണമല്ല.

ദണ്ഡേവാഡയിലെപ്പോലെ സുരക്ഷാസേനക്കു നേരെയുള്ള കൂട്ടക്കൊലകളൊന്നും കേരളത്തില്‍ മാവോയിസ്റ്റുകള്‍ നടത്തിയിട്ടില്ലെന്നതും ഭരണകൂടം ഓര്‍ക്കണം. ആളപായമില്ലാത്ത ഒറ്റപ്പെട്ട അക്രമങ്ങള്‍ മാത്രമാണ് മാവോയിസ്റ്റുകളുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. ഇത് ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികളും മാഫിയ സംഘങ്ങളും നടത്തുന്ന ആക്രമണങ്ങളുടെ നാലയലത്ത് പോലും എത്തുകയുമില്ല. കേരളത്തിന്റെ സാമൂഹികാവസ്ഥയില്‍ മാവോയിസത്തിനു വേരോട്ടം ലഭിക്കാനുള്ള വിദൂര സാധ്യതപോലും നിലവിലില്ല. പിന്നെ എന്തിനാണ് ഇവരെ വെടിവെച്ച് കൊല്ലുന്നതെന്ന ചോദ്യവും പ്രസക്തമാണ്.

കേരളത്തില്‍ ഇതുവരെ മാവോയിസ്റ്റുകള്‍ സായുധ കലാപങ്ങള്‍ നടത്തിയിട്ടില്ല. അതു കൊണ്ട് തന്നെ സമവായത്തിനുള്ള സാധ്യത വളരെ കൂടുതലുമാണ്. ആ മാര്‍ഗ്ഗമാണ് പിണറായി സര്‍ക്കാര്‍ ഇനിയെങ്കിലും സ്വീകരിക്കേണ്ടത്.

express view

Top