ഓരോ ആദിവാസി കുടുംബത്തിലും ഒരാള്‍ക്കെങ്കിലും സര്‍ക്കാര്‍ ജോലി കൊടുക്കാണമെന്നു എ.കെ ബാലന്‍

ak balan

കണ്ണൂര്‍: കൊട്ടിയൂര്‍ അമ്പായത്തോട് ആദിവാസി മേഖലയ്ക്കു സമീപം ഇന്നലെ മാവോയിസ്റ്റുകള്‍ പരസ്യമായി പ്രകടനം നടത്തിയതില്‍ പ്രതികരിച്ച് മന്ത്രി എ.കെ ബാലന്‍. ആദിവാസി മേഖലകളിലുള്ളവര്‍ മാവോയിസ്റ്റുകളാകാതിരിക്കണമെങ്കില്‍ ഓരോ ആദിവാസി കുടുംബത്തിലും ഒരാള്‍ക്കെങ്കിലും സര്‍ക്കാര്‍ ജോലി കൊടുക്കാന്‍ കഴിയണമെന്ന് എകെ ബാലന്‍ പറഞ്ഞു.

സര്‍ക്കാര്‍ ജോലി ചെയ്യുന്ന ഒരാള്‍ കുടുംബത്തിലുണ്ടെങ്കില്‍ അവര്‍ സര്‍ക്കാരിനോടും ജനത്തോടും പ്രതിബദ്ധതയുള്ളവരായിരിക്കുമെന്നും സര്‍ക്കാരിന്റെ താല്‍പര്യം സംരക്ഷിക്കുകയും അതിനു വിരുദ്ധമായ താല്‍പര്യത്തെ എതിര്‍ക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതു മനഃശാസ്ത്രപരമായ സമീപനമാണെന്നും ഇക്കാര്യം ചീഫ് സെക്രട്ടറിയുമായി സംസാരിച്ചിട്ടുണ്ടെന്നും പ്രത്യേക പദ്ധതി തയാറാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം കണ്ണൂര്‍ അമ്പായത്തോട് ആയുധങ്ങളുമായി എത്തിയ മാവോയിസ്റ്റുകളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലീസ് തിരയുന്ന സി.പി. മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശനിയാഴ്ച എത്തിയത്. രാമു, കീര്‍ത്തി എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

കടയില്‍ നിന്ന് അരിയും സാധനങ്ങളും വാങ്ങി പോസ്റ്ററുകള്‍ പതിപ്പിച്ച ശേഷമാണ് സംഘം കാട്ടിലേക്ക് മടങ്ങിയത്. വനിതാ മതിലിനെതിരെയാണ് മാവോയിസ്റ്റ് സംഘം പോസ്റ്റര്‍ ഒട്ടിക്കുകയും ലഘുലേഖ വിതരണം ചെയ്യുകയും ചെയ്തത്. നേരത്തെ, വയനാട് തലപ്പുഴക്കടുത്ത് പേര്യയില്‍ ആയുധധാരികളായ ഒമ്പതംഗ മാവോവാദി സംഘമെത്തിയ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ആ സംഘത്തിലെ മൂന്ന് പേര്‍ സ്ത്രീകളായിരുന്നു.

Top