Maoist hunt- The north indian style of attack

നിലമ്പൂര്‍: സംസ്ഥാനത്ത് ഇന്നുവരെ ആരെയെങ്കിലും ആക്രമിച്ച് മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തിയിട്ടില്ലെന്നിരിക്കെ എന്തിനുവേണ്ടിയാണ് നിലമ്പൂരില്‍ മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്ന് പ്രത്യാക്രമണ സാഹചര്യമുണ്ടാക്കിയതെന്ന ചോദ്യം പൊലിസിനെ പ്രതികൂട്ടിലാക്കുന്നു.

മാവോയിസ്റ്റുകള്‍ വെടിവച്ചപ്പോള്‍ തിരിച്ച് വെടിവെച്ചൂവെന്ന പോലീസ് വാദവും വിശ്വാസ്യ യോഗ്യമല്ല. കാട്ടില്‍ പതിയിരിക്കുന്ന മാവോയിസ്റ്റുകള്‍ പൊലീസിന് നേരെ വെടിവെയ്പ്പ് നടത്തിയപ്പോള്‍ ഒരു പൊലീസുകാരന് മാത്രമാണ് അല്പമെങ്കിലും’പരിക്ക് പറ്റിയത്’.

നാടറിയുന്ന പൊലീസിനേക്കാള്‍ കാടറിയുന്ന മാവോയിസ്റ്റുക്കള്‍ക്കാണ് കാട്ടില്‍ പെട്ടെന്ന് പ്രതികരിക്കാന്‍ കഴിയുന്നതെന്നിരിക്കെ ‘ചതി’ പ്രയോഗത്തിലൂടെ മാവോയിസ്റ്റുകളെ പൊലീസ് കൊലപ്പെടുത്തിയതാകാമെന്ന വാദമാണ് ഇപ്പോള്‍ ഉയരുന്നത്.

മാവോയിസ്റ്റ് നേതാവ് രൂപേഷിനെയും സംഘത്തേയും കോയമ്പത്തൂരില്‍ വച്ച് കേരള പൊലീസിനേക്കാള്‍ മാവോയിസ്റ്റു വേട്ടയില്‍ വൈദഗ്ദ്യവും ആധുനിക ആയുധങ്ങളാല്‍ സമ്പന്നവുമായ തമിഴ്‌നാട് പൊലീസിലെ ക്യു ബ്രാഞ്ച് ജീവനോടെയാണ് പിടികൂടിയിരുന്നത്.

ഗുണ്ടകളെ പോലും വെടിവച്ച് കൊല്ലാന്‍ പൊലീസിന് അധികാരം കൊടുത്ത സംസ്ഥാനത്താണ് എ.കെ. 47 മെഷീന്‍ ഗണ്‍ ഉപയോഗിക്കുന്നവന്‍ എന്ന് പോലീസ് തന്നെ ആരോപിക്കുന്ന രൂപേഷിനെ ബലപ്രയോഗമില്ലാതെ പിടികൂടിയിരുന്നത്.

നിയമവിരുദ്ധ പ്രവൃത്തി ആര് നടത്തിയാലും അവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെങ്കിലും, ഒറ്റയടിക്ക് വെടിവെച്ച് കൊന്നു കളയുക എന്നത് കേരള പൊലീസിനെ സംബന്ധിച്ച് ഇത് പുതിയ രീതിയാണ്.

യു.ഡി.എഫ്. സര്‍ക്കാരിന്റെ വിദ്യാഭ്യാസ കച്ചവട നയത്തിനെതിരെ കൂത്തുപറമ്പില്‍ 1994 നവംബര്‍ 25 ന് നടന്ന വെടിവെയ്പ്പിന് ശേഷം നടക്കുന്ന രണ്ടാമത്തെ വെടിവയ്പ്പാണിത്.

രണ്ട് സംഭവങ്ങള്‍ നടന്ന മാസവും തീയതിപോലും ഏറെകുറേ സമാനമാണ്. കൂത്ത് പറമ്പില്‍ 5 പേരാണ് മരിച്ചതെങ്കില്‍ നിലമ്പൂരില്‍ രണ്ട് പേരായെന്ന് മാത്രം. (മരണ സംഖ്യ കൂടാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്)

ഡി.വൈ.എഫ്.ഐ. ആയാലും മാവോയിസ്റ്റുകളായാലും മാര്‍ഗ്ഗങ്ങള്‍ ഏതായാലും കമ്മ്യൂണിസ്റ്റ് പ്രത്യേയ ശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരാണിവര്‍.

മാവോയിസ്റ്റുകള്‍ക്ക് പാര്‍ലമെന്ററി രാഷ്ട്രീയത്തിലല്ല സായുധ സമരത്തിലാണ് താല്‍പര്യമെങ്കില്‍ സി.പി.എം. ഉം സി.പി.ഐ.യും ഉള്‍പ്പെടെയുളള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തിലധിഷ്ഠിതമായ വര്‍ഗ്ഗസമരത്തിലാണ് വിശ്വസിക്കുന്നത്.

ഏതെങ്കിലും ബാങ്ക് കൊള്ളയടിക്കുകയോ ആരെയെങ്കിലും ആക്രമിച്ച് കൊലപ്പെടുത്തുകയോ ഒന്നും തന്നെ കേരളത്തില്‍ മാവോയിസ്റ്റുകള്‍ ചെയ്തിട്ടില്ല. കാട്ടില്‍ മാവോയിസ്റ്റ് വേട്ടയ്ക്ക് പോകുന്ന പൊലീസ് പറയുന്ന വിവരങ്ങള്‍ മാത്രം മുഖവിലക്കെടുത്ത് മാധ്യമങ്ങളും മാവോയിസ്റ്റ് ‘വധം’ നടപ്പാക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.

മനുഷ്യരെ മൃഗീയമായി വെട്ടികൊല്ലുന്ന പാര്‍ട്ടികളും സംഘങ്ങളുമുളള കേരളത്തില്‍ അവരെ ലാത്തികൊണ്ട് പ്രഹരിക്കാന്‍ പോലും മടിക്കുകയും നിയമവിരുദ്ധമായി സംരക്ഷിക്കുകയും ചെയ്യുന്നവരാണ് മാവോയിസ്റ്റ് വേട്ടയില്‍ ഇപ്പോള്‍ അഹങ്കരിക്കുന്നതും വീരകൃത്യം വിളമ്പുന്നതും.

22 പേരടങ്ങിയ മാവോയിസ്റ്റ് സംഘത്തെ തണ്ടര്‍ബോള്‍ട്ട് അംഗങ്ങള്‍ ഉള്‍പ്പെടെ 60 അംഗ ദൗത്വസംഘമാണ് നേരിട്ടതെന്നാണ് പൊലീസ് കേന്ദ്രങ്ങള്‍ പറയുന്നത്.

ഒറീസ സ്വദേശിയായ മലപ്പുറം എസ്.പി. ദേബേഷ് കുമാര്‍ ബഹ്‌റ ഉത്തരേന്ത്യന്‍ ശൈലിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്തതിനെതിരെയും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

അതേസമയം ആദിവാസികള്‍ക്കും പട്ടികജാതി വിഭാഗങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ ഉയര്‍ത്തുന്ന ആവശ്യങ്ങളില്‍ തെറ്റുണ്ടോ എന്ന് പരിശോധിക്കുകയാണ് വേണ്ടതെന്നും അതല്ലാതെ അവര്‍ ഉയര്‍ത്തുന്ന ശബ്ദമില്ലാതാക്കന്‍ ശ്രമിക്കുന്നത് ഒരു പരിഷ്‌കൃതസമൂഹത്തിന് ചേര്‍ന്നതല്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തുറന്നടിച്ചു.

അഭിപ്രായം പറയുന്നവരെ വെടിവെച്ച് കൊല്ലാന്‍ ആര്‍ക്കും അവകാശമില്ല. മോദി ചെയ്യുന്നതെല്ലാം ചെയ്യാനല്ല ഇടത് സര്‍ക്കാരെന്നും കാനം മുന്നറിയിപ്പ് നല്‍കി.

Top