അട്ടപ്പാടിയിലുണ്ടായത് വ്യാജ ഏറ്റുമുട്ടല്‍: ചെന്നിത്തലയുടെ ആരോപണം വ്യക്തിപരമെന്ന് ഡിജിപി

തിരുവനന്തപുരം: പാലക്കാട് അട്ടപ്പാടി വനമേഖലയിലുണ്ടായ വ്യാജ ഏറ്റുമുട്ടലാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം വ്യക്തിപരമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. വിഷയത്തില്‍ വിശദമായ റിപ്പോര്‍ട്ട് ലഭിച്ച ശേഷം വിവരം മാധ്യമങ്ങളെ അറിയിക്കാമെന്നും ഡിജിപി പറഞ്ഞു.

മാവോവാദികള്‍ കൊല്ലപ്പെട്ട വിഷയം സുപ്രീംകോടതി നിര്‍ദേശപ്രകാരം ക്രൈംബ്രാഞ്ച് അന്വേഷണത്തിനോ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജുഡീഷ്യല്‍ അന്വേഷണത്തിനോ ആണ് സാധ്യതയെന്നും അതില്‍ തനിക്ക് വ്യക്തിപരമായ അഭിപ്രായം പറയാനില്ലെന്നും ബെഹ്റ വ്യക്തമാക്കി.

അതേസമയം അട്ടപ്പാടി മഞ്ചക്കണ്ടി വനത്തില്‍ തണ്ടര്‍ ബോള്‍ട്ട് സംഘവും മാവോയിസ്റ്റുകളും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. മേഖലയില്‍ നിന്ന് തുടര്‍ച്ചയായി വെടിയൊച്ചകള്‍ കേട്ടതായി മഞ്ജിക്കണ്ടി ഊരുനിവാസികള്‍ പറഞ്ഞു.

അതേസമയം കഴിഞ്ഞദിവസം കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങളുടെ ഇന്‍ക്വസ്റ്റ് ആരംഭിച്ചിട്ടുണ്ട്.തിങ്കളാഴ്ച രാവിലെ തണ്ടര്‍ ബോള്‍ട്ടും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സ്ത്രീയുള്‍പ്പെടെ മൂന്നു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. തമിഴ്നാട് സ്വദേശി കാര്‍ത്തി, കര്‍ണാടക സ്വദേശികളായ സുരേഷ്, ശ്രീമതി എന്നിവരാണു കൊല്ലപ്പെട്ടത്.

കഴിഞ്ഞ ദിവസത്തെ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകളില്‍ ചിലര്‍ വനത്തിനുള്ളിലേക്ക് ചിതറിയോടിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇവര്‍ക്കുള്ള തിരച്ചിലാണ് തണ്ടര്‍ ബോള്‍ട്ട് സംഘം നടത്തുന്നത്.

Top