മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട കേസ് ഇന്ന് പാലക്കാട് ജില്ലാ കോടതിയുടെ പരിഗണനയില്‍

പാലക്കാട് : അട്ടപ്പാടിയിലെ പൊലീസ് വെടിവെപ്പില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട കേസ് പാലക്കാട് ജില്ലാ കോടതി ഇന്ന് പരിഗണിക്കും. വെടിവെപ്പിനെ കുറിച്ച് സര്‍ക്കാര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയേക്കും.

വെടിവെപ്പില്‍ മരിച്ച മാവോയിസ്റ്റുകളുടെ മൃതദേഹം 4-ാം തിയതി വരെ സംസ്‌ക്കരിക്കരുതെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. വെടിവെപ്പ് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ കോടതി പരിശോധിക്കും.

മജിസ്ട്രീരിയല്‍ അന്വേഷണവും ഉടന്‍ തുടങ്ങാനാണ് സാധ്യത. ഇന്നലെ മഞ്ചിക്കണ്ടിയിലെത്തിയ സി.പി.ഐ സംഘത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന കമ്മറ്റിക്ക് കൈമാറും. വ്യാജ ഏറ്റുമുട്ടലാണെന്നും വ്യാജ തെളിവുകള്‍ സൃഷ്ടിക്കുന്നു എന്നതടക്കമുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടാകുമെന്നാണ് സൂചന.

കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ മണിവാസകത്തിന്‍റെ മൃതദേഹം മാത്രമാണ് ബന്ധുക്കള്‍ക്കു തിരിച്ചറിയാന്‍ കഴിഞ്ഞത്. പിന്നെയുള്ള രണ്ടു പുരുഷന്‍മാരുടേയും ഒരു സ്ത്രീയുടേയും മൃതദേഹം തിരിച്ചറിയുന്നതില്‍ അവ്യക്തതയുണ്ട്.

കര്‍ണാടക് ചിക്മംഗ്ലൂര്‍ സ്വദേശിയായ സുരേഷിന്‍റെ മൃതദേഹമാണ് ഇവയിലൊന്ന് എന്ന് സഹോദരന്‍ പറയുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ എത്തിയ സഹോദരന്‍ മൃതദേഹം പൊട്ടിക്കരഞ്ഞാണ് പുറത്തിറങ്ങിയത്. ഇരുപതു വര്‍ഷം മുമ്പാണ് സുരേഷിനെ സഹോദരനും മറ്റു ബന്ധുക്കളും അവസാനമായി കണ്ടത്. ഇതേ മൃതദേഹം കാര്‍ത്തിക്കിന്‍റേതാണെന്ന് പലരും സംശയം പ്രകടിപ്പിച്ചിരുന്നു. കൊല്ലപ്പെട്ടത് സുരേഷ്തന്നെയാണെന്ന് ഉറപ്പിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ ബന്ധുക്കള്‍ക്കു നിര്‍ദ്ദേശം നല്‍കി.

Top