കൊല്ലപ്പെട്ട മാവോയിസ്റ്റ് കണ്ണന്റെ മൃതദേഹം കാണാന്‍ അനുവാദം തേടി തമിഴ്നാട് സ്വദേശിനി

പാലക്കാട്: അട്ടപ്പാടി മഞ്ചക്കണ്ടി വനത്തില്‍ തണ്ടര്‍ ബോള്‍ട്ട് സംഘവും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റിന്റെ മൃതദേഹം കാണാന്‍ അനുവാദം തേടി തമിഴ്നാട് സ്വദേശിനി. തമിഴ്നാട് സ്വദേശിനി മീന എന്ന സ്ത്രീയാണ് ഇന്നലെയുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് കണ്ണന്റെ മൃതദേഹം കാണാന്‍ അനുവാദം ആവശ്യപ്പെട്ട് പാലക്കാട് എസ്പിക്ക് കത്തയച്ചിരിക്കുന്നത്.

മൃതദേഹം കാണാനും തന്റെ മകനാണെങ്കില്‍ മൃതദേഹം ഏറ്റെടുക്കാനും അനുവദിക്കണം എന്നുമാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം ഇന്നുണ്ടായ ഏറ്റുമുട്ടലില്‍ ഭവാനിദളം ഗ്രൂപ്പിന്റെ തലവന്‍ മണിവാസകം കൂടി കൊല്ലപ്പെട്ടതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി.

തണ്ടര്‍ബോള്‍ട്ട് സംഘാംഗങ്ങള്‍ ഇപ്പോഴും വനത്തിനുള്ളില്‍ തിരച്ചില്‍ നടത്തുകയാണ്. ഇന്നലെ നടന്ന ഏറ്റുമുട്ടലില്‍ മാവോവാദികളില്‍ ചിലര്‍ വനത്തിലുള്ളിലേക്ക് ചിതറിയോടിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇവര്‍ക്കുള്ള തിരച്ചിലാണ് തണ്ടര്‍ ബോള്‍ട്ട് സംഘം നടത്തുന്നത്. ഇവരെ പിന്തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് ഇന്ന് വീണ്ടും വെടിവെയ്പുണ്ടായത്.

തിങ്കളാഴ്ച രാവിലെ തണ്ടര്‍ ബോള്‍ട്ടും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സ്ത്രീയുള്‍പ്പെടെ മൂന്നു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. തമിഴ്‌നാട് സ്വദേശി കാര്‍ത്തി, കര്‍ണാടക സ്വദേശികളായ സുരേഷ്, ശ്രീമതി എന്നിവരാണു കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം കൊല്ലപ്പെട്ട മാവോവാദികളുടെ മൃതദേഹങ്ങളുടെ ഇന്‍ക്വസ്റ്റ് ആരംഭിച്ചിട്ടുണ്ട്.

ഇന്നലെ പട്രോളിംഗിനിറങ്ങിയ നിലമ്പൂരില്‍ നിന്നുള്ള തണ്ടര്‍ ബോള്‍ട്ട് സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ ആദ്യം വെടിവെച്ചെന്നാണ് ഔദ്യോഗിക അറിയിപ്പ്. തിരിച്ചുള്ള ആക്രമണത്തില്‍ മൂന്നുപേര്‍ മരിച്ചെന്നാണ് പൊലീസ് അറിയിച്ചത്. തണ്ടര്‍ബോള്‍ട്ട് അസി. കമാന്റന്റ് സോളമന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൂന്ന് പേരെയും വെടിവച്ച് കൊലപ്പെടുത്തിയത്.

കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളുടെ ഇന്‍ക്വസ്റ്റ് നടത്താന്‍ പോലീസ്- മെഡിക്കല്‍- ഫോറന്‍സിക് സംഘങ്ങള്‍ മഞ്ചക്കണ്ടിയില്‍നിന്ന് വനത്തിലേക്ക് പോയിട്ടുണ്ട്. ഫോറന്‍സിക് ഉദ്യോഗസ്ഥനും ഇദ്ദേഹത്തിന് വഴികാട്ടാനായി പോയ ഒരു പ്രദേശവാസിയുമാണ് വനത്തില്‍നിന്ന് വെടിയൊച്ച കേട്ടത്.

Top