അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളെ തിരിച്ചറിയാന്‍ നടപടി തുടങ്ങി

പാലക്കാട്: പാലക്കാട് അട്ടപ്പാടി മഞ്ചിക്കണ്ടി ഉള്‍ക്കാട്ടില്‍ തണ്ടര്‍ബോള്‍ട്ട് സംഘത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍ ആരൊക്കെയെന്ന് തിരിച്ചറിയാന്‍ പൊലീസ് നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി കൊല്ലപ്പെട്ടവരുടെ ദൃശ്യങ്ങള്‍ തമിഴ്‌നാട്, കര്‍ണാടക പൊലീസിന് കൈമാറും. കൊല്ലപ്പെട്ടവര്‍ ആരൊക്കെയെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാനുള്ള നടപടികളാണ് പൊലീസ് ഇന്ന് ആരംഭിച്ചിരിക്കുന്നത്. ഇവരില്‍ നിന്ന് പ്രതികരണം ലഭിച്ചശേഷം മാത്രമേ തുടര്‍നടപടികള്‍ ഉണ്ടാവുകയുള്ളു. അതുവരെ നാല് മൃതദേഹങ്ങളും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കും.

അതേസമയം മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവന, സഭയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചു. വ്യാജ ഏറ്റുമുട്ടലെന്ന് സിപിഐ തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി നിലപാട് അറിയിക്കണം എന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എന്നാല്‍ മുഖ്യമന്ത്രി ഇതിന് മറുപടി നല്‍കിയില്ല.

അതേസമയം കൊല്ലപ്പെട്ട മാവോയിസ്റ്റ് മണിവാസകത്തിന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനെ എതിര്‍ത്ത് അദ്ദേഹത്തിന്റെ സഹോദര പുത്രന്‍ അന്‍മ്പരസന്‍ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ കേസില്‍ ഇന്ന് കോടതി വാദം കേള്‍ക്കും.

Top