സിപിഐ സംഘം മഞ്ചിക്കണ്ടിയിലേയ്ക്ക്; അന്നും ഇന്നും ഒറ്റ നിലപാടെന്ന് കാനം

പാലക്കാട്: തണ്ടര്‍ബോള്‍ട്ട് സംഘത്തിന്റെ വെടിയേറ്റ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍ സിപിഐ സംഘത്തിന്റെ സന്ദര്‍ശനം. മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട ഏറ്റുമുട്ടുല്‍ വ്യാജമാണെന്ന ആരോപണങ്ങള്‍ക്കിടെയാണ് സിപിഐ സംഘത്തിന്റെ സന്ദര്‍ശനം.

സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി പ്രസാദ്, എംഎല്‍എമാരായ ഇ കെ വിജയന്‍, മുഹമ്മദ് മുഹ്‌സിന്‍ പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് രാജ് എന്നിവരുള്‍പ്പെട്ട സംഘമാണ് സന്ദര്‍ശനം നടത്തുന്നത്. മഞ്ചിക്കണ്ടി ഊരിലെത്തുന്ന സംഘം ഊരുവാസികളുമായും കൂടിക്കാഴ്ച്ച നടത്തും.

എന്നാല്‍ സിപിഐ സംഘത്തിന് വനം വകുപ്പ് സന്ദര്‍ശനാനുമതി നിഷേധിച്ചുവെങ്കിലും ഇത് വകവയ്ക്കാതെ ഇവര്‍ മുന്നോട്ട് പോകുകയാണ്.

അതേ സമയം മാവോവാദി വിഷയത്തില്‍ സിപിഐ നിലപാടില്‍ മാറ്റമില്ലെന്ന് സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റമുട്ടലിലാണെന്നാണ് കാനം രാജേന്ദ്രന്‍ നേരത്തെ ആരോപിച്ചത്. മാവോയിസ്റ്റ് വേട്ടകളില്‍ 1967മുതല്‍ സിപിഐക്ക് ഒറ്റ നിലപാടെ ഉള്ളു. അത് തന്നെയാണ് ഇപ്പോഴുമെന്നും അദ്ദേഹം പറഞ്ഞു. അവിടുത്തെ നാട്ടുകാരെ കണ്ട് സത്യം മനസ്സിലാക്കുന്നതിനാണ് പ്രതിനിധി സംഘത്തെ അയച്ചതെന്നും കാനം വ്യക്തമാക്കി.

Top