അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടലാണെന്ന് വസ്തുതാന്വേഷണ റിപ്പോര്‍ട്ട്

പാലക്കാട് : അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടലാണെന്ന് മനുഷ്യാവകാശ സംഘടനകളുടെ വസ്തുതാന്വേഷണ റിപ്പോര്‍ട്ട്. ആള്‍ ഇന്ത്യ പീപ്പിള്‍സ് ഫോറം, പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബെര്‍ട്ടീസ്, നാഷണല്‍ അലയന്‍സ് ഓഫ് പീപ്പിള്‍സ് മൂവ്‌മെന്റ്‌സ് എന്നീ സംഘടനകള്‍ നടത്തിയ വസ്തുതാന്വേഷണ റിപ്പോര്‍ട്ടിലാണ് പരാമര്‍ശമുള്ളത്.

മൂന്ന് സംഘടനകളിലെ ഏഴ് പേരടങ്ങിയ സംഘമാണ് വസ്തുതാന്വേഷണം നടത്തിയത്. വിശദമായ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് പിന്നീട് പുറത്തിറക്കും.

അട്ടപ്പാടി മേലെ മഞ്ചിക്കണ്ടിയില്‍ കഴിഞ്ഞ മാസം 28, 29 ദിവസങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത് എന്ന പൊലീസ് വാദം തെറ്റാണെന്ന് വസ്തുതാന്വേഷണ സംഘം പറയുന്നു. 27ന് ദീപാവലി ദിവസമാണ് ഇവരെ കൊന്നത്. ദീപാവലിക്കിടെ പടക്കങ്ങള്‍ പൊട്ടുമ്പോള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്ത പ്രകാരം വെടിവെച്ചുകൊല്ലുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

മരിച്ചവരുടെ മാവോയിസ്റ്റ് ബന്ധം പോലും വ്യക്തമാക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. മൃതദേഹം പുഴുവരിച്ച നിലയിലാണ്. ഇതിന്റെ പഴക്കം പരിശോധിച്ചിട്ടില്ല. സുപ്രിംകോടതിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ ഒന്നു പോലും പാലിച്ചില്ലെന്നും വസ്തുതാന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Top