മാവോയിസ്റ്റ് മേഖലയിൽ രാഹുൽ ഗാന്ധി വരുമ്പോൾ ആശങ്കയും വളരെ വലുത്

സി.പി.ഐ കേന്ദ്ര കമ്മിറ്റി അംഗം കുപ്പുദേവരാജടക്കം മൂന്നു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് ശക്തി കേന്ദ്രമായ വയനാട് ട്രൈ ജംങ്ഷനില്‍ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ഗാന്ധി മത്സരിക്കാനെത്തുന്നത് സുരക്ഷാഏജന്‍സികളുടെ നെഞ്ചിടിപ്പേറ്റുന്നു. കേരളം തമിഴ്‌നാട് കര്‍ണാടക സംസ്ഥാനങ്ങളുമായി അതിര്‍ത്തിപങ്കിടുന്ന വയനാട് ലോക്‌സഭാ മണ്ഡലം മാവോയിസ്റ്റുകളുടെ ദക്ഷിണേന്ത്യയിലെ ശക്തികേന്ദ്രമായ ട്രൈ ജെങ്ഷനാണ്.

നിലമ്പൂര്‍, വയനാട് കാടുകളിലായി നൂറോളം മാവോയിസ്റ്റ് സായുധസേനയായ പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ലാ ആര്‍മി അംഗങ്ങളുണ്ടെന്നാണ് കേന്ദ്ര ഇന്റലിജന്‍സ് നല്‍കുന്ന വിവരം. മാവോയിസ്റ്റ് പശ്ചിമഘട്ട സോണല്‍ കമ്മിറ്റിയുടെ കീഴില്‍ നാടുകാണി, ഭവാനി, കബനി ദളങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നു.

സുരക്ഷാസേനയുടെ കണ്ണുവെട്ടിച്ച് കാട്ടിലൂടെ എളുപ്പത്തില്‍ തമിഴ്‌നാട്, കേരളം കര്‍ണാടക സംസ്ഥാനങ്ങളിലേക്ക് രക്ഷപ്പെടാമെന്നതാണ് ട്രൈ ജംങ്ഷനെ മാവോയിസ്റ്റുകളുടെ സുരക്ഷിത താവളമാക്കുന്നത്.

2016 നവംബര്‍ 24ന് നിലമ്പൂര്‍ കരുളായി ഉള്‍വനത്തില്‍ മാവോയിസ്റ്റ് ബേസ് ക്യാമ്പായ വരയല്‍മലയുടെ താഴ്‌വാരത്ത് പോലീസ് വെടിവെപ്പില്‍ സി.പി.ഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം കുപ്പു ദേവരാജും അജിതയും കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെ മാവോയിസ്റ്റ് പ്രത്യാക്രമണ ഭീഷണി നിലനില്‍ക്കുന്ന മേഖലയില്‍ ഇക്കഴിഞ്ഞ മാര്‍ച്ച് ആറിന് രാത്രി വയനാട് വൈത്തിരിയിലെ റിസോര്‍ട്ടില്‍ പോലീസ് വെടിവെപ്പില്‍ മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ മാവോയിസ്റ്റ് സി.പി ജലീലും വെടിയേറ്റു കൊല്ലപ്പെട്ടു. കബനീദളത്തിലെ അംഗമാണ് ജലീല്‍. വിലപ്പെട്ട മൂന്നു മാവോയിസ്റ്റുകളാണ് വയനാട്ടില്‍ സി.പി.ഐ മാവോയിസ്റ്റിന് നഷ്ടമായത്.

വയനാട്ടില്‍ ഒരു ഡി.വൈ.എസ്.പി അടക്കം ആറു പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താനും നാല് പോലീസ് സ്‌റ്റേഷനുകള്‍ ആക്രമിക്കാനും മാവോയിസ്റ്റ് പദ്ധതിയുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

മാവോയിസ്റ്റ് ആക്രമണ ഭീതിയില്‍ നിലമ്പൂര്‍ മേഖലയിലെ പോലീസ് സ്‌റ്റേഷനുകള്‍ക്കും പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പതിനാലു വര്‍ഷത്തിനു ശേഷം നിരോധിത സംഘടനയായ സി.പി.ഐ മാവോയിസ്റ്റില്‍ നേതൃമാറ്റമുണ്ടായി തീവ്ര നിലപാടുള്ള ബസവരാജ് എന്നറിയപ്പെടുന്ന നമ്പല്ല കേശവറാവുവാണ് ജനറല്‍ സെക്രട്ടറിയാക്കിയിരിക്കുന്നത്. മുന്‍ ജനറല്‍ സെക്രട്ടറി 72 വയസുകഴിഞ്ഞ ഗണപതി എന്ന മുപ്പല്ല ലക്ഷ്മണറാവുവിനും പകരം പ്രത്യാക്രമണം നടത്തണമെന്ന നിലപാടുകാരനാണ് ബസവരാജ്. ബസവരാജ് ജനറല്‍ സെക്രട്ടറിയായ ശേഷമാണ് ആന്ദ്രയില്‍ ടി.ഡി.പി എം.എല്‍.എയെയും മുന്‍ എം.എല്‍.എയെയും കൊലപ്പെടുത്തി മാവോയിസ്റ്റുകള്‍ ശക്തിതെളിയിച്ചത്.

കഴിഞ്ഞ സെപ്തംബറിലാണ് അരക് മണ്ഡലത്തിലെ എം.എല്‍.എ കിടാവി സര്‍വേശ്വര റാവുവിനെയും മുന്‍ എം.എല്‍.എ ശിവേരി സോമയെയും കൊലപ്പെടുത്തിയത്. ചത്തീസ്ഗഡിലേതിനു സമാനമായി ഓഡീഷ- ആന്ധ്ര അതിര്‍ത്തിയിലും അതിനു പിന്നാലെ വയനാട്ടില്‍ ട്രൈജംങ്ഷനുമായി മാവോയിസ്റ്റുകള്‍ സുരക്ഷാ ഇടനാഴി തീര്‍ത്തിരിക്കുന്നുവെന്നതാണ് ഇന്റലിജന്‍സ് ഏജന്‍സികളെ ഭയപ്പെടുത്തുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ടുള്ള രാഹുല്‍ഗാന്ധിയുടെ കേരള സന്ദര്‍ശനത്തില്‍ വയനാട് സന്ദര്‍ശനം മാവോയിസ്റ്റ് സുരക്ഷാഭീഷണി ഉയര്‍ത്തി തടഞ്ഞിരുന്നു. പുല്‍വാമ രക്തസാക്ഷിയായ വയനാട്ടിലെ വസന്തകുമാറിന്റെ വീട് സന്ദര്‍ശിക്കാനുള്ള തീരുമാനമാണ് സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പ് പരിഗണിച്ച് അവസാന നിമിഷം മാറ്റിയിരുന്നത്.

ശ്രീലങ്കയിലേക്ക് സമാധാന സൈന്യത്തെ അയച്ചതിന് പ്രതികാരമായി എല്‍.ടി.ടിഇ മനുഷ്യബോംബ് സ്‌ഫോടനത്തിലാണ് 1991 മെയ് 21ന് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ രാഹുല്‍ഗാന്ധിയുടെ പിതാവ് രാജീവ്ഗാന്ധി ദാരുണമായി കൊല്ലപ്പെട്ടത്. ഇന്ത്യന്‍ പ്രധാനമന്ത്രിയായി തെരെഞ്ഞെടുക്കാനുള്ള മത്സരത്തിനിടെയായിരുന്നു വെള്ളിടിപോലെ രാജീവിന്റെ മരണമുണ്ടായത്. ഈ വിയോഗത്തിന്റെ വേദനയില്‍ നിന്നും സോണിയയും മക്കളായ രാഹുലും പ്രിയങ്കയും ഇതുവരെ കരകയറിയിട്ടില്ല.

രാജീവിന്റെ പിന്‍മുറക്കാരനായി കോണ്‍ഗ്രസ് അധ്യക്ഷനായി മത്സരിക്കുന്ന രാഹുലിനെ വയനാട്ടില്‍ ഒരു പോറലുമേല്‍ക്കാതെ സംരക്ഷിക്കേണ്ട ഭാരിച്ച ചുമതലയാണ് സുരക്ഷാ ചുമതലയുള്ള എസ്.പി.ജിക്കും കേരള പോലീസിനുമുള്ളത്. മുന്‍ പ്രധാനമന്ത്രിയുടെ മകനും എം.പിയുമെന്ന നിലയില്‍ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് എസ്.പി.ജി രാഹുല്‍ഗാന്ധിക്കായി ഒരുക്കിയിട്ടുള്ളത്.

political reporter

Top