maoist attack-nilambur

Maoist

മലപ്പുറം: നിലമ്പൂര്‍ വനമേഖലയില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ വെടിവയ്പ്. വെടിവയ്പ്പില്‍ ഒരു സ്ത്രീ ഉള്‍പ്പടെ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു.

കൊല്ലപ്പെട്ടത് മാവോയിസ്റ്റ് കേന്ദ്ര കമ്മറ്റി അംഗം ഉള്‍പ്പെടെയുള്ളവരാണ്. ആന്ധ്ര സ്വദേശി ദേവരാജ്, അജിത എന്നിവരാണ് കൊല്ലപ്പെട്ട രണ്ട് മാവോയിസ്റ്റുകള്‍.

എടക്കരയിലെ പടുക്ക വനമേഖലയിലാണ് ഉച്ചയോടെ മാവോയിസ്റ്റുകള്‍ പൊലീസും തണ്ടര്‍ബോള്‍ട്ടുമായി പരസ്പരം വെടിയുതിര്‍ത്തത്.

ഒരുമാസം മുന്‍പ് മുണ്ടക്കടവ് കോളനിയില്‍ തണ്ടര്‍ ബോള്‍ട്ട് സേനയും മാവോയിസ്റ്റുകളും തമ്മില്‍ വെടിവയ്പ്പുണ്ടായിരുന്നു. ഇതേതുടര്‍ന്ന് ഈ പ്രദേശത്ത് തെരച്ചില്‍ ശക്തമാക്കിയിരിക്കുകയായിരുന്നു. രാവിലെ 10 ഓടെയാണ് വെടിവയ്പ്പ് തുടങ്ങിയതെന്നാണ് വിവരം.

വെടിവയ്പുണ്ടായതിനെ തുടര്‍ന്ന് കൂടുതല്‍ പൊലീസ് സംഘം തിരച്ചിലിനായി കാട്ടിലേക്ക് പുറപ്പെട്ടു.

തമിഴ്‌നാട്ടിലെ സത്യമംഗലം വനമേഖലയുമായി അതിര്‍ത്തി പങ്കിടുന്നതാണ് നിലമ്പൂര്‍ വനം.

സൈലന്റ് വാലി, നിലമ്പൂര്‍, വയനാട് എന്നിവിടങ്ങളിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേരളത്തില്‍നിന്നു തമിഴ്‌നാട്ടിലേക്കും കര്‍ണാടകത്തിലേക്കും കടക്കാവുന്ന പഴുതുകളുള്ള വനമേഖലയാണ് ഇത്. നേരത്തെയും നിലമ്പൂര്‍, മണ്ണാര്‍ക്കാട് എന്നിവിടങ്ങളില്‍ മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയിരുന്നു.

Top