സുക്മയിലെ ആക്രമണം; ഉത്തരവാദിത്വം ഏറ്റെടുത്ത് മാവോയിസ്റ്റ് ശബ്ദരേഖ

റായ്പുര്‍: ഛത്തീസ്ഗഡിലെ സുക്മയില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് നേരെ നടത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്വം ബസ്തര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റ് ഗ്രൂപ്പ് ഏറ്റെടുത്തു.

തങ്ങളുടെ വിപ്ലവ മേഖലയിലേക്ക് കടന്നുവരരുതെന്ന് മുന്നറിയിപ്പോടെയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ശബ്ദ സന്ദേശത്തിലൂടെ മാവോയിസ്റ്റുകള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട് എന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന മാവോയിസ്റ്റ് വേട്ടയ്ക്ക് എതിരേയുള്ള മുന്നറിയിപ്പ് കൂടിയാണ് ആക്രമണമെന്നും സന്ദേശത്തില്‍ പറയുന്നു്. ശബ്ദരേഖ മാവോയിസ്റ്റുകള്‍ തന്നെ പുറത്തുവിട്ടതാണോ എന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

16 മിനിറ്റ് ദൈര്‍ഘ്യമുള്ള ഓഡിയോ സന്ദേശമാണ് മാവോയിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുന്നത്. തങ്ങളുടെ പോരാട്ടം സൈന്യത്തിനെതിരേ അല്ലെന്നും പക്ഷേ, വിപ്ലവ വഴിയില്‍ തടസമായി നിന്നാല്‍ ആക്രമിക്കുമെന്നും സന്ദേശത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2016ല്‍ ഛത്തീസ്ഗഡില്‍ ഒന്‍പത് പ്രവര്‍ത്തകരെയും ഒഡീഷയില്‍ 21 പ്രവര്‍ത്തകരെയും സൈന്യം വ്യാജ ഏറ്റുമുട്ടിലൂടെ വധിച്ചുവെന്ന് മാവോയിസ്റ്റുകള്‍ ശബ്ദ സന്ദേശത്തില്‍ ആരോപിക്കുന്നു.

ഗോത്ര വര്‍ഗക്കാരായ സ്ത്രീകളെ സംഘം ചേര്‍ന്ന് മാനഭംഗപ്പെടുത്തിയ ശേഷമാണ് വ്യാജ ഏറ്റുമുട്ടിലൂടെ വധിക്കുന്നത്. ഇതിനെതിരേ പോരാട്ടം തുടരുമെന്നും മാവോയിസ്റ്റുകള്‍ അറിയിച്ചു.

Top